ഫ്‌ളാറ്റ് തട്ടിപ്പിന്റെ പേരില്‍ രജിസ്‌ട്രേഷന്‍ റദ്ദുചെയ്ത സ്വകാര്യ കമ്പനിയുടെ ഡയരക്ടര്‍മാരില്‍ എം.എസ് ധോനിയുടെ ഭാര്യ സാക്ഷിയും; കമ്പനിയുടെ 25 ശതമാനം ഓഹരിയും അവരുടെ പേരില്‍
ന്യൂഡല്‍ഹി: ഫ്‌ളാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് സുപ്രിംകോടതി രജിസ്ട്രേഷന്‍ റദ്ദാക്കുകയും സാമ്പത്തിക തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷണം നേരിടുകയും ചെയ്യുന്ന ഡല്‍ഹിയിലെ അംറപാലി മഹി ഡവലപ്പേഴ്സ് പ്രൈമറി ലിമിറ്റഡിന്റെ 25 ശതമാനം ഓഹരി ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോനിയുടെ ഭാര്യ സാക്ഷിയുടെത്. കമ്പനിയുടെ ഡയരക്ടര്‍മാരിലൊരാള്‍ കൂടിയാണ് സാക്ഷി.
ശേഷിക്കുന്ന 75 ശതമാനം ഓഹരിയും കമ്പനിയുടെ സി.എം.ഡി അനില്‍കുമാര്‍ ശര്‍മയുടെ പേരിലാണ്. ശര്‍മയെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ധോനിയാണ് കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡര്‍. ഫ്‌ളാറ്റ് തട്ടിപ്പ് നടത്തുകയും കള്ളം മറച്ചുവയ്ക്കാന്‍ കമ്പനി വ്യാജ രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്തുവെന്ന് സുപ്രിംകോടതി കണ്ടെത്തിയിരുന്നു. അംറപാലി ഗ്രൂപ്പിന്റെ റിയല്‍ എസ്റ്റേറ്റ് നിയമപ്രകാരമുള്ള രജിസ്ട്രേഷന്‍ കഴിഞ്ഞ ദിവസമാണ് സുപ്രിംകോടതി റദ്ദാക്കിയത്. ഇവര്‍ നടത്തിയ കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയരക്ട്രേറ്റ് അന്വേഷണം നടത്താനും സുപ്രിംകോടതി നിര്‍ദ്ദേശം നല്‍കി.
കമ്പനിയുടെ മുടങ്ങിക്കിടക്കുന്ന പദ്ധതി നാഷണല്‍ ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ഏറ്റെടുത്തു പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര, യു.യു ലളിത് എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടിരുന്നു. നോയിഡയിലെയും ഗ്രേറ്റര്‍ നോയിഡയിലെയും കമ്പനിയുടെ പദ്ധതിയില്‍ പണം നല്‍കി തട്ടിപ്പിനിരയായവര്‍ക്ക് അനുകൂലമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര, ഉത്തര്‍പ്രദേശ് സര്‍ക്കാറുകളോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."