ജനിതകമാറ്റം സംഭവിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയം
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് രംഗത്ത് പ്രത്യക്ഷപ്പെട്ട വിമത സ്ഥാനാര്‍ഥികളില്‍ പലരും ജയിച്ചുകയറി. പൊതുബോധവും ജനപിന്തുണയുമുള്ള സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതില്‍ പാ
ര്‍ട്ടികള്‍ക്ക് സംഭവിക്കുന്ന പിഴവും സ്വജനപക്ഷപാത രോഗവും കാരണം രാഷ്ട്രീയാന്ധത ബാധിച്ച് സ്ഥാനാര്‍ഥിനിര്‍ണയം നടത്തിയത് വിമതശല്യത്തിന് പ്രധാന കാരണമായി ഭവിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനഹിതം അറിയാന്‍വേണ്ടി മാത്രം മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടിയായ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് കുറേ ദേശീയ സെക്രട്ടറിമാരെ കേരളത്തിലേക്ക് മാറ്റിയിട്ടുണ്ട്. പാര്‍ട്ടി ഓഫിസില്‍ സമയം കളയുന്ന നേതാക്കളോടാണ് അഭിപ്രായം തേടുന്നതെങ്കില്‍ പറയത്തക്ക മാറ്റങ്ങളൊന്നും മുന്‍ അനു
ഭവം വച്ച് പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല.
വലതുപക്ഷ വിമതനായി മത്സരിച്ച് ജയിച്ച് ഇടതു മേയര്‍ ആകുന്നതും ഇടതുപക്ഷ സ്വതന്ത്ര വിമതനായി മത്സരിച്ച് ജയിച്ച് വലതു ചെയര്‍മാന്‍ ആകുന്നതും നല്‍കുന്ന പാഠവും സന്ദേശവും എന്താണ്? കൊറോണ വൈറസ് പോലും ജനിതക മാറ്റത്തിനു വിധേയമാകാന്‍ കുറേദിവസം എടുത്തു. രാഷ്ട്രീയനേതാക്കളുടെ നിറംമാറ്റത്തിനും നിലപാടു മാറ്റത്തിനും ഒന്ന് ഇരുട്ടിവെളുത്താല്‍ മാത്രം മതി. ദേശീയ വനിതാ കമ്മിഷന്‍ അംഗത്വം നല്‍കാന്‍ ഒരു കോടി രൂപ കൈക്കൂലി സ്മൃതി ഇറാനിക്കുവേണ്ടി ഇടനിലക്കാര്‍ ആവശ്യപ്പെട്ടുവെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയം മടുപ്പു മാത്രമല്ല, ഓക്കാനവും വരുത്തുന്ന പാതാളത്തിലേക്ക് അധപതിച്ചിരിക്കുന്നു. പാര്‍ട്ടിയും പ്രത്യയശാസ്ത്രവും പ്രകടനപത്രികയും പറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിട്ട് ജയിച്ചുവന്നാല്‍ ഇത്രപെട്ടെന്ന് മറവിരോഗം ബാധിക്കുന്ന സൂക്ഷ്മ ജീനുകള്‍ നേതൃത്വത്തെ ബാധിക്കുന്നത് അപകടം തന്നെയാണ്.
ബി.ജെ.പി നിറംമാറ്റ കലയില്‍ ഡോക്ടറേറ്റ് നേടിയവരുടെ കൂട്ടമാണ്. ഏതു പാര്‍ട്ടിയില്‍നിന്നും എപ്പോള്‍ വേണമെങ്കിലും കൈനീട്ടിയാല്‍ ടിക്കറ്റ് കൊടുക്കുന്ന പാര്‍ട്ടിയാണത്. മൃതശരീരത്തിനു പാര്‍ട്ടി അംഗത്വം നല്‍കുന്ന മറിമായം അടുത്തിടെയാണ് കേരളവും കണ്ടത്. മീന്‍ പിടിക്കാന്‍ വലയുമായി മുക്കുവര്‍ പോകുന്നതുപോലെ മോദിയും അമിത് ഷായും എം.പിമാരെയും എം.എല്‍.എമാരെയും പി
ടിക്കാന്‍ സര്‍ക്കാര്‍ ചെലവിലാണ് സഞ്ചരിക്കുന്നത്. കാബിനറ്റ് റാങ്ക് എന്നത് ചെറിയ കാര്യമൊന്നുമല്ല. വലിയ വിപ്ലവബോധം പറഞ്ഞുശീലിച്ച കേരളത്തിലെ സി.പി.ഐ വിശേഷിച്ച് ഒരു പണിയുമില്ലാതെ വിശ്രമിക്കുന്ന ചീഫ് വിപ്പ് പദവി എത്ര ദിവസം യോഗം ചേര്‍ന്ന് തര്‍ക്കം പിടിച്ചാണ് വാങ്ങിയത്. കമ്മ്യൂണിസ്റ്റ് സിദ്ധാന്തം വിശദീകരിക്കുന്ന പന്ന്യന്‍ രവീന്ദ്രനും കാനം രാജേന്ദ്രനും അഞ്ചക്ക ശമ്പളവും കാറും പാലസും പരിവാരങ്ങളും ലഭിക്കുന്ന പദവി ചോദിച്ചുവാങ്ങി പണ്ടേ ദുര്‍ബല ഇപ്പോള്‍ ഗര്‍ഭിണിയും എന്ന പരുവത്തിലുള്ള കേരളീയന്റെ മുതുകത്ത് ഒരു മഹാഭാരവുംകൂടി കയറ്റിവച്ചു. പിണറായി വിജയന്‍ അധികാരമേല്‍ക്കുമ്പോള്‍ കേരളീയന്റെ ആളോഹരി കടം 46,078 രൂപയായിരുന്നു. നാലര വര്‍ഷം പിന്നിടുമ്പോള്‍ ഇപ്പോള്‍ ആളോഹരി കടം 72,430 രൂപയായി വര്‍ധിച്ചു. 2016 മാര്‍ച്ച് 31 വരെ പൊതുകടം 1,09,730.97 കോടി രൂപയായിരുന്നു. 2019 ഓഗസ്റ്റ് അവസാനത്തില്‍ അത് 1,69,155.15 കോടി രൂപയായി ഉയര്‍ന്നു.
ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ പുതിയ നികുതി നിര്‍ദേശങ്ങള്‍ ഒന്നുമുണ്ടാവില്ലെന്നാണു പറയുന്നത്. താമസിയാതെ നിയമസഭാ തെരഞ്ഞെടുപ്പ് നേരിടണമല്ലോ. കിട്ടാവുന്ന എല്ലാ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും നിലവിലുള്ള ഇന്ത്യന്‍ നിയമവ്യവസ്ഥകള്‍ മറികടന്ന് പുറത്തുനിന്നും കടംവാങ്ങി ധൂര്‍ത്തിന് കൂട്ടുനില്‍ക്കുന്ന സാമ്പത്തിക ശാസ്ത്രത്തിനാണ് ഐസക്ക് കൂട്ടുനില്‍ക്കുന്നത്. ഖജനാവിന്റെ കനം നോക്കാതെ ഊരാളുങ്കല്‍ സൊസൈറ്റിക്ക് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വാരിക്കോരിയാണ് ഫണ്ട് അനുവദിച്ചത്. ശതകോടിയാണിപ്പോള്‍ ഊരാളുങ്കലിന്റെ വാര്‍ഷിക വരവ്. അടിസ്ഥാനവികസനം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം, പാര്‍പ്പിടം തുടങ്ങിയവയ്‌ക്കെല്ലാം ബജറ്റില്‍ ഫണ്ട് മാറ്റിവയ്ക്കണം. എങ്കില്‍ വരവ് കോളത്തില്‍ നികുതി മാജിക്കും വായ്പാസൂത്രവും മാത്രം പഠിച്ചുവച്ച സാമ്പത്തികശാസ്ത്രം കേരളത്തെ കുത്തനെ താഴോട്ടു കൊണ്ടുപോകും.
ദരിദ്രരെ ചൂഷണം ചെയ്യുക എന്നത് സാമ്രാജ്യത്വത്തിന്റെ അജന്‍ഡയാണ്. വായ്പ നല്‍കിയും ധനസഹായം നല്‍കിയും വ്യക്തികളെയും രാജ്യത്തെയും അവര്‍ ചൂഷണം ചെയ്യും. ലോക സാമ്പത്തിക ശക്തികളുടെ നോട്ടഭൂമിയാണ് ഭാരതം. ധനസഹായം നല്‍കുന്ന കൗണ്ടറുകള്‍ തുറന്നുവച്ച് അപേക്ഷകരായ രാഷ്ട്രീയനേതാക്കളെ അവര്‍ കാത്തിരിക്കുന്നു. ഭരണാധികാരികള്‍ പരിവാരസമേതം അത്തരം ധനകാര്യ സ്ഥാപനങ്ങളെയും രാഷ്ട്രങ്ങളെയും സമീപിച്ച് രാജ്യത്തെ നിരന്തരം വിറ്റുകാശാക്കി വരുന്നു. രാജ്യത്തു നടക്കുന്ന കര്‍ഷകസമരം ഭരണകൂടത്തെ അല്‍പംപോലും ചിന്താവഴിയിലേക്ക് കൊണ്ടുവന്നില്ല. ഡല്‍ഹിയിലെ മരംകോച്ചുന്ന തണുപ്പില്‍ രാഷ്ട്രത്തിന്റെ നട്ടെല്ല് കാക്കാന്‍ ധര്‍മയുദ്ധം നയിക്കുന്നവരെ കാണാനായിരുന്നില്ല, അംബാനി
യുടെ പേരമകളെ കാണാനായിരുന്നു നരേന്ദ്രമോദി യാത്രപോയത്.
പൗരന്മാരുടെ ക്ഷേമവും സംരക്ഷണവും ഭരണാധികാരികളുടെ ബാധ്യതയാണ്. വോട്ടുനേടി അധികാരം ലഭിക്കാനുള്ള ചൂണ്ടകള്‍ ആവരുത് ക്ഷേമ പാക്കേജുകള്‍. കേരളത്തില്‍ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ പുതിയ നികുതി നിര്‍ദേശങ്ങള്‍ ഉണ്ടാവില്ലെന്ന് മുന്‍കൂട്ടി പറഞ്ഞത് വോട്ടുപെട്ടി കരുതലാണെന്നു അരിയാഹാരം കഴിക്കുന്നവര്‍ക്ക് ബോധ്യമാവും. പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കുക എന്നത് രാഷ്ട്രീയധര്‍മമാണ്. മര്യാദകള്‍ അലമാരയില്‍ പൊടിപിടിച്ചു കിടക്കുമ്പോഴാണ് പുതിയ ചൂണ്ടയെറിഞ്ഞ് വോട്ട് തട്ടാനുള്ള ശ്രമം പുരോഗമന പ്രസ്ഥാനങ്ങളുടെ ഭാഗത്തുനിന്ന് പോലും ഉണ്ടാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."