താനൂരില്‍ ഗൃഹനാഥനെ തലക്കടിച്ചുകൊന്ന സംഭവം: കൃത്യം നടത്തിയത് ഭാര്യയും കാമുകനും ചേര്‍ന്ന്
താനൂര്‍: മകള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന ഗൃഹനാഥനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലിസ് കസ്റ്റഡിയിലുള്ള ഭാര്യയുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നത്. തെയ്യാലയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ വച്ച് അഞ്ചുടി സ്വദേശി പൗറകത്ത് സവാദിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് ഭാര്യ സൗജത്തിന്റെ അവിഹിത ബന്ധമെന്നാണ് പൊലിസ് നല്‍കുന്ന വിവരം. ഓമച്ചപ്പുഴ സ്വദേശിയായ ബഷീറുമായുള്ള ബന്ധം തുടരുന്നതിനായാണ് സൗജത്തും ബഷീറും ചേര്‍ന്ന് ഉറങ്ങിക്കിടന്ന സവാദിനെ ക്രൂരമായി കൊലപ്പെടുത്തിയത്.
സവാദുമായി സൗഹൃദബന്ധം സ്ഥാപിച്ചിരുന്നയാളാണ് ഭാര്യയുടെ കാമുകനായ ബഷീര്‍. ബഷീറിന്റെ നിര്‍ബന്ധപ്രകാരം തന്നെയാണ് സവാദും കുടുംബവും ഒന്നരവര്‍ഷം മുന്‍പ് ഓമച്ചപ്പുഴ റോഡിലെ വാടകക്വാര്‍ട്ടേഴ്‌സിലേക്ക് താമസം മാറിയതും. നേരത്തെ സംശയാസ്പദമായി ക്വാര്‍ട്ടേഴ്‌സിന് സമീപത്തുവച്ച് നാട്ടുകാര്‍ ഇരുവരെയും പിടികൂടിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നാട്ടുകാരിടപ്പെട്ടാണ് തീര്‍ത്തത്. തുടര്‍ന്ന് വിദേശത്തുപോയ ബഷീര്‍ സൗജത്തുമായുള്ള ബന്ധം തുടര്‍ന്നു. ബഷീറുമായി ജീവിക്കുന്നതിന് ഭര്‍ത്താവ് തടസമാകുമെന്ന തോന്നലാണ് സവാദിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ബഷീറിന് വാഹനമൊരുക്കിയത് കാസര്‍ക്കോട് പഠിക്കുന്ന തയ്യാല സ്വദേശിയായ വിദ്യാര്‍ഥി സുഫിയാനായിരുന്നു. കൃത്യനിര്‍വഹണത്തിനായി എത്തിയത് സുഫിയാന്‍ വാടകയ്‌ക്കെടുത്ത കാറിലായിരുന്നു. ചൊവ്വാഴ്ച കൊലപാതകം നടത്താന്‍ എത്തിയിരുന്നെങ്കിലും ശ്രമം പരാജയപ്പെട്ടതോടെ കോഴിക്കോട് മുറിയെടുക്കുകയായിരുന്നു.
കൊലപാതകത്തിനെത്തിയത് രണ്ടുദിവസത്തെ അവധിയില്‍; കൃത്യം നടത്തി ഗള്‍ഫിലേക്ക് മടങ്ങി; മരണമുറപ്പിക്കാന്‍ കഴുത്തറുത്തത് ഭാര്യ സൗജത്ത്
മലപ്പുറം: സുഹൃത്തിന്റെ ഭാര്യയായ കാമുകിയുമൊത്ത് ജീവിക്കാന്‍ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ പൊലിസ് തിരയുന്ന ഓമച്ചപ്പുഴ സ്വദേശി ബഷീര്‍ ഗള്‍ഫില്‍ നിന്നെത്തിയത് കൊലപാതകം മാത്രം ലക്ഷ്യമിട്ട്. ചൊവ്വാഴ്ച രണ്ടുദിവസത്തെ അവധിയെടുത്ത് വിദേശത്തുനിന്നെത്തിയ ബഷീര്‍ കൊലപാതകത്തിനുശേഷം വിദേശത്തേക്ക് തിരിച്ചുപോയതായി പൊലിസ് സ്ഥിരീകരിച്ചു.
ഈ രണ്ടു ദിവസത്തിനിടയില്‍ ഇയാളും കൊല്ലപ്പെട്ട അഞ്ചുടി സ്വദേശി പൗറകത്ത് സവാദിന്റെ ഭാര്യ സൗജത്തും തമ്മില്‍ കോഴിക്കോട്‌വച്ച് കണ്ടിരുന്നു. സ്വന്തം വീട്ടുകാരോ മറ്റു ബന്ധുക്കളോ സുഹൃത്തുക്കളോ അറിയാതെ ബഷീര്‍ ഗള്‍ഫില്‍നിന്നു മംഗലാപുരത്താണ് വിമാനമിറങ്ങിയത്. കൃത്യം നടത്തി വ്യാഴാഴ്ച രാത്രിയോടെ തന്നെ തിരിച്ചുപോയെന്നാണ് പൊലിസ് നല്‍കുന്ന വിവരം. ബുധനാഴ്ച പകല്‍ സൗജത്തും ബഷീറും കോഴിക്കോട് നഗരത്തില്‍ കറങ്ങിയതായും ഹോട്ടലില്‍ തങ്ങിയതായുമുള്ള വിവരം പൊലിസിന് ലഭിച്ചിട്ടുണ്ട്. ഇതിനു ശേഷം വൈകീട്ട് നാലരയോടെ സൗജത്തിനെ ചെമ്മാട്‌നിന്നു തെയ്യാലയിലേക്ക് ബസ് കയറ്റി വിടുകയായിരുന്നു. പിന്നീട് രാത്രിയില്‍ ബഷീറും കൂട്ടാളി സുഫിയാനും തയ്യാലയിലെത്തിയാണ് കൊലപാതകം നടത്തിയത്.
രാത്രിയില്‍ ചൂട് കൂടിയതോടെ ഇളയ മകളുമൊത്ത് സവാദ് വരാന്തയില്‍ കിടന്നുറങ്ങുമ്പോള്‍ കാമുകന്‍ ബഷീറിന് പുറകുവശത്തെ വാതില്‍ തുറന്നുകൊടുത്ത് കൊലയ്ക്ക് സൗകര്യമൊരുക്കി നല്‍കിയതും ഭാര്യ സൗജത്തായിരുന്നു.
മരത്തടി കൊണ്ട് സവാദിന്റെ തലയടിച്ച് തകര്‍ത്തു. രക്തം ചീറ്റിയപ്പോഴാണ് താന്‍ ഉണര്‍ന്നതെന്ന് സവാദിന്റെ ഇളയമകള്‍ പൊലിസിന് മൊഴി നല്‍കിയിരുന്നു. കറുത്ത ഷര്‍ട്ട് ധരിച്ച ഒരാള്‍ ഓടി പോകുന്നത് കണ്ടുവെന്ന ഇളയ മകളുടെ മൊഴി പിന്‍തുടര്‍ന്നുള്ള അന്വേഷണമാണ് പ്രതികളിലേക്കെത്തിച്ചത്.
തലക്കടിയേറ്റ ശേഷവും ഞരക്കം കേട്ടതിനാല്‍ കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട ശേഷം മരണമുറപ്പാക്കാന്‍ സൗജത്ത് കത്തിയെടുത്ത് ഭര്‍ത്താവിന്റെ കഴുത്തറുക്കുകയായിരുന്നെന്നുമാണ് ലഭിക്കുന്ന വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."