കേന്ദ്ര പദ്ധതികള്‍ പ്രാദേശിക ആവശ്യങ്ങള്‍ പരിഗണിച്ചാകണം: ഇ.ടി
മലപ്പുറം: കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ പ്രാദേശിക ആവശ്യങ്ങള്‍ പരിഗണിച്ച് ഭാവനാത്മകമായി തയാറാക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കായുള്ള ജില്ലാതല കോഡിനേഷന്‍ മോണിറ്ററിങ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ സുസ്ഥിര ആസ്തികള്‍ സൃഷ്ടിക്കുകയും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുകയും വേണം. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സൗഹാര്‍ദപരമായ സമീപനത്തിലൂടെ പൊതുജനങ്ങളുടെ ആവശ്യം സാക്ഷാത്കരിക്കുവാന്‍ പരിശ്രമിക്കണം. സന്‍സദ് ആദര്‍ശ് ഗ്രാമ യോജനയുടെയും റൂര്‍ബാന്‍ മിഷന്റെയും പ്രവര്‍ത്തനങ്ങള്‍ എല്ലാ വകുപ്പുകളുടെയും വികസനോന്മുഖമായ പ്രവൃത്തികള്‍ സംയോജിപ്പിച്ച് മാതൃകാപരമായ രീതിയില്‍ നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ 120 കുടുംബങ്ങള്‍ 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കി. 64,506 കുടുംബങ്ങള്‍ക്കായി തൊഴില്‍ നല്‍കി. 29,775 പ്രവൃത്തികള്‍ ഏറ്റെടുത്തതില്‍ 1,752 പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. 6,758.75 ലക്ഷം രൂപ ഈയിനത്തില്‍ ചെലവഴിച്ചു. ജില്ലയില്‍ ഇതുവരെയായി 26 അങ്കണവാടികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എം.ജി.എന്‍.ആര്‍.ഇ.ജിഎസില്‍ ഏറ്റെടുത്തിട്ടുണ്ട്. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകനവും നടത്തി.
എം.എല്‍.എമാരായ കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍, പി. ഉബൈദുല്ല, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ പി. പ്രദീപ് കുമാര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയരക്ടര്‍ കെ. പ്രദീപന്‍, എന്‍.എച്ച്.എം പ്രോഗ്രാം ഓഫിസര്‍ ഡോ. എ. ഷിബുലാല്‍, മറ്റ് വകുപ്പുതല ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."