കിഴക്കൻ സഊദിയിലും കൊവിഡ് വാക്സിൻ വിതരണം ആരംഭിച്ചു
ദമാം: കിഴക്കൻ സഊദിയിലും കൊറോണ വാക്സിൻ വിതരണം ആരംഭിച്ചു. നേരത്തെ റിയാദിന് പിന്നാലെ ജിദ്ദയിലും വിതരണം ആരംഭിച്ചിരുന്നു. ഇതിന് പിറകെയാണ് കിഴക്കൻ പ്രവിശ്യ കേന്ദ്രമായ ദമാമിലും വാക്സിൻ വിതരണം ആരംഭിച്ചത്. ഫൈസർ വാക്സിൻ കുത്തിവെപ്പിനുള്ള സഊദിയിലെ മൂന്നാമത്തെ കേന്ദ്രമാണിത്. തിങ്കളാഴ്ച രാവിലെ ദഹ്റാനിലെ ഫെയർ ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ ക്ലിനിക്കിൽ കിഴക്കൻ പ്രവിശ്യ ഗവർണർ സഉദ് ബിൻ നായിഫ് രാജകുമാരനാണ് ആദ്യ ഡോസ് സ്വീകരിച്ചത്.
രാജ്യത്തെ കൊവിഡ് മഹാമാരിയിൽനിന്ന് മുക്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി രണ്ടാഴ്ചകൾക്കു മുമ്പ് റിയാദിലാണ് വാക്സിൻ കുത്തിവെപ്പിന് തുടക്കംകുറിച്ചത്. സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് രാജകുമാരൻ ഉൾപ്പെടെ നിരവധി പ്രമുഖർ വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചവരിൽ ഉൾപ്പെടും.
കിരീടവകാശിയുടെ വാക്സിൻ കുത്തിവെപ്പിന് ശേഷം വാക്സിൻ സ്വീകരിക്കാനുള്ള ഓൺലൈൻ രജിസ്ട്രേഷൻ അഞ്ചു മടങ്ങ് വർധിച്ചത് ശ്രദ്ധേയമായ വാർത്തയായിരുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള 'സിഹതി' ആപ് വഴി വളരെ എളുപ്പത്തിൽ ഏവർക്കും വാക്സിൻ സ്വീകരിക്കാനുള്ള രജിസ്ട്രേഷൻ നടത്താനാകും. രാജ്യത്തെ വിദേശികളടക്കം മുഴുവൻ ആളുകൾക്കും വാക്സിൻ സൗജന്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."