അത്താഴപ്പാട്ടിന്റെ ഓര്‍മകളുമായി കൊടുവായൂര്‍ അത്താഴകമ്മിറ്റി
പാലക്കാട്: പുണ്യങ്ങളുടെ പുതുവസന്തവുമായി റമദാന്‍ സമാഗതമായിരിക്കുന്നു. ആഹാരപാനീയങ്ങള്‍ ഉപേക്ഷിച്ച് പ്രാര്‍ഥനാ നിര്‍ഭരമായ രാപ്പകലുകളില്‍ മുഴുകുന്നതിന് ഓരോ മുസ്‌ലിമിനും കരുത്ത് ലഭിക്കുന്നത് അത്താഴഭക്ഷണത്തിനു ശേഷമുളള നിയ്യത്തിന്റെ ബലമാണ്. നോമ്പു നോല്‍ക്കുന്നത് പോലെ തന്നെ പരമപ്രധാനമായ കാര്യമാണ് രാത്രിയുടെ അവസാനയാമത്തിലുള്ള അത്താഴം.
പതിറ്റാണ്ടുകള്‍ക്കു മുന്‍പ്, അലാറം ക്ലോക്കുകളും മൊബൈല്‍ ഫോണുകളും ഇത്രയധികം പ്രചാരത്തിലാവുന്നതിനു മുന്‍പ് വിശ്വാസികളെ അത്താഴസമയം അറിയിക്കുന്നതിനായി നിലനിന്നിരുന്ന സമ്പ്രദായങ്ങളാണ് അത്താഴകൊട്ടും, അത്താഴപാട്ടുമെല്ലാം.
മൂന്നു പതിറ്റാണ്ടുകള്‍ക്കു മുന്‍പ് പ്രദേശവാസികളായ വിശ്വാസികളെ അത്താഴത്തിനായി വിളിച്ചുണര്‍ത്തുന്നതിനു വേണ്ടി കൊടുവായൂര്‍ ഹനഫി ജുമാമസ്ജിദിലെ കുറച്ച് ചെറുപ്പക്കാര്‍ ചേര്‍ന്ന് അത്താഴകമ്മിറ്റി രൂപീകരിച്ചു. സ്വന്തമായി ചിട്ടപ്പെടുത്തിയ പാട്ടുകള്‍ കമ്മിറ്റിയിലെ പാട്ടുകാര്‍ ഇമ്പമുളള ഈണങ്ങളില്‍ ആലപിച്ച് വിശ്വാസികളുടെ വീടുകള്‍തോറും ചെന്ന് വാതിലില്‍ മുട്ടി വിളിച്ച് അവരെ അത്താഴസമയമായെന്ന് അറിയിക്കുന്നു. പതിനേഴാം രാവിലും ഇരുപത്തേഴാം രാവിലും മൈക്കും സന്നാഹങ്ങളുമൊക്കെയായി അത്താഴകമ്മിറ്റി ഒന്നുകൂടി ഉഷാറാകും.
എട്ടു വര്‍ഷത്തോളം അവര്‍ നോമ്പുകാലത്ത് ഈ ഉദ്യമത്തില്‍ മുഴുകി. അന്നത്തെ കാലത്ത് പല വീട്ടുകാരും തങ്ങള്‍ക്കുകൂടി വേണ്ട അത്താഴം കരുതുകയും പാട്ട് കേള്‍ക്കാന്‍ ഉമ്മറത്തേക്കു വന്ന് നില്‍ക്കുകയും ചെയ്യുമായിരുന്നെന്ന് കമ്മിറ്റി അംഗങ്ങള്‍ ഓര്‍ക്കുന്നു. അന്നത്തെ നോമ്പുകാലത്തുണ്ടായിരുന്ന കൂട്ടായ്മയും സാഹോദര്യവും ഇന്നത്തെ കാലത്ത് കാണാന്‍ സാധിക്കുകയില്ലെന്ന് കമ്മിറ്റിയിലെ പാട്ടുകാരനായ നിജാം അലി പറയുന്നു .പെരുന്നാള്‍ ദിനത്തില്‍ തങ്ങള്‍ ചിട്ടപ്പെടുത്തിയ പാട്ടുകള്‍ പുസ്തകരൂപത്തിലാക്കി ഇവര്‍ എല്ലാ വീടുകളിലും വിതരണം ചെയ്യാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."