ആറ്റിങ്ങലിലും കോഴിക്കോടും വ്യാപക റെയ്ഡ്: ലക്ഷങ്ങളുടെ കള്ളനോട്ടുമായി അഞ്ചുപേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: ആറ്റിങ്ങലില്‍ ലക്ഷങ്ങളുടെ കള്ളനോട്ടുമായി നാലുപേര്‍ പിടിയില്‍. ആറേമുക്കാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടാണ് പിടികൂടിയത്. സംഘത്തില്‍പ്പെട്ട ഒരാളെ കോഴിക്കോടു നിന്ന് പൊലിസ് പിടികൂടി. മുഖ്യപ്രതി ഫറോക്ക് സ്വദേശിയായ ഷമീര്‍ ആണെന്ന് പൊലിസ് പറഞ്ഞു. ഇയാളെ ആറ്റിങ്ങലില്‍ നിന്ന് പിടികൂടി. 2000,200, 500 രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. നോട്ട് അച്ചടിക്കുന്ന യന്ത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്.
ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് സംഘത്തെ പിടികൂടിയത്.
ഷമീറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 12ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ട് അച്ചടിക്കുന്ന യന്ത്രങ്ങളും കണ്ടെടുത്തിട്ടുണ്ടെന്നും പൊലിസ് പറഞ്ഞു.
ഷമീര്‍ അച്ചടിച്ച നോട്ടുകള്‍ കോഴിക്കോടുനിന്ന് ആറ്റിങ്ങലില്‍ വിതരണത്തിന് കൊണ്ടുവന്നതാണെന്നും പൊലിസ് അറിയിച്ചു.
സംഘാംഗങ്ങളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ഫറോക്കില്‍ നിന്ന് 2,40,000 രൂപയുടെ കള്ളനോട്ട് പിടികൂടിയത്.
അതേ സമയം കോഴിക്കോട്ട് ജില്ലയില്‍ വിവിധയിടങ്ങളില്‍ നടന്ന റെയ്ഡില്‍ 20 ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തു. കോഴിക്കോട് കുന്ദമംഗലത്തും ഫറോക്കിലും കള്ളനോട്ട് അടിക്കാന്‍ ഉപയോഗിച്ച യന്ത്രങ്ങളും കണ്ടെത്തി. രണ്ടുപേരെയും പൊലിസ് അറസ്റ്റ് ചെയ്തു.
കുന്ദമംഗലം സ്വദേശി ഷമീറും ഫറോക്ക് സ്വദേശി അബ്ദുള്‍ റഷീദുമാണ് അറസ്റ്റിലായത്. ഫറോക്കിലെ റെയ്ഡ് അവസാനിച്ചു. അവിടെ നിന്ന് 2,40,000 രൂപയുടെ വ്യാജനോട്ട് കണ്ടെടുത്തു. കോടമ്പുഴയില്‍ വീട് വാടകക്കെടുത്തായിരുന്നു വ്യാജനോട്ട് അച്ചടിച്ചത്.
2000 രൂപയുടെ 70 നോട്ടുകളും 500 രൂപയുടെ 180 നോട്ടുകളുമടക്കം പിടികൂടി. ബാക്കി നോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തി വരികയാണ്.
ഏറ്റവും കൂടുതല്‍ കള്ളനോട്ടുകള്‍ കണ്ടെത്തിയത് കുന്ദമംഗലത്ത് നിന്നാണ്. കുന്ദമംഗലത്തെ ഷമീറിന്റെ വീട്ടില്‍ നിന്ന് 20 ലക്ഷം രൂപ പിടിച്ചെടുത്തെന്ന വിവരമുണ്ട്. ഇതേ വീട്ടില്‍ നിന്ന് നോട്ടടിക്കുന്ന യന്ത്രവും പിടികൂടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."