സി.പി.ഐക്ക് കലിപ്പടങ്ങുന്നില്ല; മുഖ്യമന്ത്രിയും കാനവും കൂടിക്കാഴ്ച നടത്തി; ഉചിതമായ നടപടി മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് കാനം
തിരുവനന്തപുരം: സി.പി.ഐ മാര്‍ച്ചിനിടെ എറണാകുളത്ത് എല്‍ദോ എബ്രഹാം എം.എല്‍.എയും സി.പി.ഐ നേതാക്കളെയും പൊലിസ് മര്‍ദിച്ചതിലുള്ള സി.പി.ഐയുടെ പ്രതിഷേധം തീര്‍ന്നില്ല. സര്‍ക്കാരും സി.പി.ഐയും തമ്മില്‍ ധാരണയിലെത്താന്‍ മുഖ്യമന്ത്രിയെ കണ്ട് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എ.കെ.ജി സെന്ററില്‍ നടന്ന കൂടിക്കാഴ്ചയില്‍ കോടിയേരി ബാലകൃഷ്ണനും പങ്കെടുത്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കൂടിക്കാഴ്ചയ്ക്കു മുന്‍പ് ഡി.ജി.പിയും മുഖ്യമന്ത്രിയെ കണ്ടിരുന്നു.
എന്നാല്‍ നേരത്തെ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വിഷയത്തില്‍ മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സംഭവം നടന്ന് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ അന്വേഷണം നടത്താന്‍ ഉത്തരവിട്ടു. റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉചിതമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും പൊലിസിനെതിരെ എടുത്ത നിലപാടുകളില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും കാനം പറഞ്ഞു. കൊച്ചിയില്‍ സി.പി.ഐ. നടത്തിയ മാര്‍ച്ചില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ. ഉള്‍പ്പെടെയുള്ളവര്‍ക്ക് പൊലിസ് മര്‍ദനമേറ്റിരുന്നു. ഇതിനെതിരേ സി.പി.ഐ നേതാക്കളും എല്‍ദോ എബ്രഹാമും പൊലിസിനെതിരേ രൂക്ഷ വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."