നിരാലംബ നിസ്സഹായതയുടെ 'ലൈഫ് മിഷന്‍'
സ്വന്തമായി കിടപ്പാടമില്ലാതെ ചെന്നുപാര്‍ത്ത കുടിലില്‍നിന്ന് ഇറക്കിവിടാനെത്തിയ നിയമപാലകര്‍ക്കു മുന്നില്‍ ദരിദ്ര ദമ്പതികള്‍ തീകൊളുത്തി മരിക്കുക. പ്രതീക്ഷിക്കാതെ വന്നുചേര്‍ന്ന അനാഥത്വം തകര്‍ത്ത മനസുമായി അച്ഛന്റെ ദേഹമടക്കാന്‍ കുഴിവെട്ടുന്ന കൗമാരക്കാരനെ പൊലിസ് സന്നാഹമെത്തി തടയാന്‍ ശ്രമിക്കുക. 'നിങ്ങളാണ് എന്റെ അച്ഛനെ കൊന്നതെന്നും ഇനി അമ്മ കൂടിയേ മരിക്കാനുള്ളൂ' എന്നും ഭരണകൂടത്തിന്റെ പ്രതിനിധികളായി മുന്നില്‍ നില്‍ക്കുന്ന പൊലിസുകാരോട് നെഞ്ചുതകര്‍ന്ന് വിരല്‍ ചൂണ്ടി ആ പയ്യന്‍ പറയുക. ആ അവസ്ഥയിലും അവനോട് പൊലിസുകാര്‍ കയര്‍ക്കുക. എവിടെയാണിതൊക്കെ സംഭവിക്കുന്നത്?
മറ്റെങ്ങുമല്ല, വികസനത്തില്‍ രാജ്യത്തിനു തന്നെ മാതൃകയെന്നു പറയപ്പെടുന്ന നമ്മുടെ നാട്ടില്‍. ലക്ഷംവീട് പദ്ധതി മുതല്‍ ഒടുവില്‍ ലൈഫ് മിഷന്‍ വരെയായി മാറിമാറി വന്ന സര്‍ക്കാരുകള്‍ കിടപ്പാടമില്ലാത്തവര്‍ക്കു വീടുവച്ചുനല്‍കിയതിന്റെ കണക്കുകള്‍ നിരത്തുന്ന കേരളത്തില്‍. ഹാരിസണ്‍സ് മലയാളം കമ്പനിയുടെ കൈവശമിരിക്കുന്ന 38,000 ഏക്കറടക്കം എസ്റ്റേറ്റ് മുതലാളിമാര്‍, റിസോ
ര്‍ട്ട് ഉടമകള്‍, റിയല്‍ എസ്റ്റേറ്റ് ഭീമന്‍മാര്‍, വാട്ടര്‍ തീം പാര്‍ക്ക് ഉടമകള്‍ തുടങ്ങി പല പണച്ചാക്കുകളും ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി കൈയേറി കൈവശം വച്ചിരിക്കുന്ന നാട്ടില്‍. അതില്‍ കുറച്ചെങ്കിലും കൈയേറ്റം ഒഴിപ്പിച്ച് തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ അയച്ച ഉദ്യോഗസ്ഥരെയും മണ്ണുമാന്തി യന്ത്രങ്ങളെയും ആ സര്‍ക്കാരിന്റെ നടത്തിപ്പുകാരടക്കമുള്ള രാഷ്ട്രീയകക്ഷികളും മൂലധനശക്തികളും ഇടപെട്ട് തിരിച്ചുവിളിച്ച നാട്ടില്‍. 26 ലക്ഷം മികച്ച വീടുകള്‍ ആള്‍പ്പാര്‍പ്പില്ലാതെ പൂട്ടിക്കിടക്കുന്ന നാട്ടില്‍. ജനതയുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സന്നദ്ധരാണെന്ന് അവകാശപ്പെടുന്ന നിരവധി രാഷ്ട്രീയകക്ഷികളുള്ള ദൈവത്തിന്റെ സ്വന്തം നാട്ടില്‍.
നെയ്യാറ്റിന്‍കര നെല്ലിമൂട്ടില്‍ രേഖാമൂലം മറ്റൊരാളുടേതായ മൂന്നു സെന്റ് ഭൂമിയില്‍ കുടില്‍കെട്ടി താമസിച്ചിരുന്ന രാജനും ഭാര്യയും ഈ മാസം 22ന് അവിടെനിന്ന് ഇറക്കിവിടാന്‍ കോടതി ഉത്തരവുമായി എത്തിയ അധികൃതരെ തടയാനായി ദേഹത്ത് പെട്രോളൊഴിച്ച് പ്രതിഷേധിച്ചു. എന്നാല്‍ ലൈറ്റര്‍ കത്തിക്കാനൊരുങ്ങിയ രാജനെ പൊലിസ് തടയാന്‍ ശ്രമിക്കുന്നതിനിടെ തീപടര്‍ന്ന് പൊള്ളലേറ്റു. ഇതേതുടര്‍ന്ന് കഴിഞ്ഞദിവസം ഇവര്‍ മരിക്കുകയും ചെയ്തു. ഇവര്‍ തന്റെ ഭൂമി കൈയേറിയതായി കാണിച്ച് സ്ഥലമുടമ നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ സ്ഥലമുടമയ്ക്ക് അനുകൂലമായുണ്ടായ വിധിയുടെ അടിസ്ഥാനത്തിലാണ് ഇവരെ ഒഴിപ്പിക്കാന്‍ അധികൃതരെത്തിയത്. എന്നാല്‍ അന്നുതന്നെ ഒഴിപ്പിക്കല്‍ തടഞ്ഞുള്ള സ്റ്റേ ഓര്‍ഡര്‍ ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നതായി കുടുംബാംഗങ്ങള്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. സ്റ്റേ അനുവദിച്ചതറിഞ്ഞ സ്ഥലമുടമ പൊലിസിനെ സ്വാധീനിച്ച് തിടുക്കത്തില്‍ കുടുംബത്തെ ഇറക്കിവിടാന്‍ കാണിച്ച നീക്കമാണ് ദുരന്തത്തിലേക്ക് വഴിവച്ചത്.
ആ കേസ് കൊടുക്കുന്നതിന്റെ തലേന്ന് അവിടെ കയറിത്താമസിച്ചവരൊന്നുമല്ല ഇവര്‍. കുറച്ചുകാലം മുന്‍പ് അവിടെ വാടകയ്‌ക്കോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ധാരണയുടെ അടിസ്ഥാനത്തിലോ നേരത്തെ അവിടെ താമസം തുടങ്ങി പിന്നീട് ഒഴിയാന്‍ പറഞ്ഞപ്പോള്‍ പോകാന്‍ മറ്റിടമില്ലാത്ത അവര്‍ വിസമ്മതിച്ചതിന്റെ പേരിലുണ്ടായ തര്‍ക്കമാണ് കേസായി കോടതിയിലെത്തിയതെന്ന് വ്യക്തം. അതെന്തായാലും നിയമത്തിന്റെ സാങ്കേതികതയനുസരിച്ച് ഈ കുടുംബത്തിന് അവിടെ താമസിക്കാന്‍ അവകാശമില്ല. കോടതി ഉത്തരവ് നടപ്പാക്കാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ടെന്ന സാങ്കേതിക ന്യായവും സത്യം തന്നെയാണ്. ഒഴിപ്പിക്കുന്ന പരമ്പരാഗത രീതി ഇങ്ങനെ തന്നെയുമാണ്. എന്നാല്‍ അതൊന്നും ആ കുട്ടി ചൂണ്ടിയ വിരലില്‍ നിന്നുയരുന്ന നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരമാകുന്നില്ല. ആ ചൂണ്ടുവിരലിനു മുന്നില്‍ ഒന്നാംപ്രതി ഭരണകൂടം തന്നെയാണ്. കൂട്ടുപ്രതികള്‍ വേറെയുമുണ്ട്.
വന്‍കിടക്കാര്‍ കൈയേറിയ ഭൂമിയില്‍ നല്ലൊരു പങ്ക് എതിരായ കോടതിവിധി വന്നവയാണ്. അവിടെയൊന്നും ഉദ്യോഗസ്ഥര്‍ ഒഴിപ്പിക്കാന്‍ പോകുന്നത് അധികം കാണാറില്ല. പോയാല്‍തന്നെ ഇതുപോലെ കണ്ണില്‍ച്ചോരയില്ലാത്തവിധം പെരുമാറുകയുമില്ല. മറ്റൊരു രീതി നമ്മുടെ പൊലിസിന് അറിയില്ലേ? കിടപ്പാടം നഷ്ടപ്പെടുന്നതിന്റെ ആകുലതയില്‍ മനസ്സാന്നിധ്യം നഷ്ടപ്പെട്ടു നില്‍ക്കുന്നവരെ ഭരണകൂട ഭീകരതയുടെ ഭാഷ ഉപേക്ഷിച്ച് നാട്ടിലെ ഏതെങ്കിലും സാമൂഹ്യപ്രവര്‍ത്തകരുടെയോ മറ്റോ സഹായത്തോടെ ഇത്തിരി സൗമ്യമായി കൈകാര്യം ചെയ്യാനാവുമായിരുന്നില്ലേ മരട് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനു മുന്‍പ് അവിടുത്തെ കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കിയ ഭരണകൂടമുള്ളൊരു നാട്ടില്‍? പാവങ്ങള്‍ക്കു നേരെ ഭരണകൂട ഭീകരതയുടെ ഭാഷ തന്നെ പ്രയോഗിക്കണമെന്ന നിര്‍ബന്ധം ഇവിടുത്തെ പൊലിസിനുണ്ടെന്ന് കുഴിവെട്ടുന്ന കുട്ടിയോട് പെരുമാറുന്നതില്‍നിന്നു തന്നെ വ്യക്തമാണ്.
ഇവിടെ ഇങ്ങനെ നിരാലംബരായ ഒരു കുടുംബമുണ്ടെന്ന് നാട്ടിലെ ഉദ്യോഗസ്ഥരോ ത്രിതല പഞ്ചായത്തുകള്‍ മുതല്‍ നിയമസഭ വരെയുള്ള ജനപ്രതിനിധികളോ ഇതുവരെ അറിഞ്ഞിരുന്നില്ലേ എന്ന ചോദ്യത്തിനു മുന്നിലും പ്രതിയാകുന്നത് ഭരണകൂടം തന്നെയാണ്. ഈ സംഭവത്തിന്റെ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പുവരെ മുഖംനിറയെ ചിരിയുമായി വോട്ടുതേടി വീടുകള്‍ കയറിയിറങ്ങിയിട്ടും ഇവരുടെ അവസ്ഥ കാണാതെപോയ നാട്ടിലെ രാഷ്ട്രീയകക്ഷികളും ഇക്കാര്യത്തില്‍ പ്രതികള്‍ തന്നെയാണ്. കാക്കത്തൊള്ളായിരം സാമൂഹ്യ, സന്നദ്ധ സംഘടനകളുള്ള ഈ നാട്ടില്‍ അവരാരും അറിഞ്ഞില്ല ഈ ദൈന്യാവസ്ഥ. ദുരന്തം നടന്നതിനു ശേഷം കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. കുടുംബത്തിനു വീട് വാഗ്ദാനം ചെയ്ത് ചില രാഷ്ട്രീയകക്ഷികളുടെ പോഷകസംഘടനകള്‍ രംഗത്തെത്തിയിട്ടുമുണ്ട്. രണ്ടു മനുഷ്യജീവനുകള്‍ പട്ടാപ്പകല്‍ ജനമധ്യത്തില്‍ എരിഞ്ഞൊടുങ്ങുന്നതിനു മുന്‍പ് എവിടെയായിരുന്നു ഇവരൊക്കെ? നാട്ടുകാരെന്നു പറയാവുന്ന ആളുകളും ഈ നാട്ടില്‍ ഉണ്ടായിരുന്നില്ലേ?
ഈ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം തേടുമ്പോള്‍ ഭരണകൂടം ഒന്നാം പ്രതിസ്ഥാനത്തു തന്നെ നില്‍ക്കുന്നു. കൂട്ടുപ്രതികളായി മുകളില്‍ പറഞ്ഞവരില്‍ മറ്റുള്ളവരടക്കം നമ്മുടെ സമൂഹം തന്നെയും നില്‍ക്കുന്നു. അങ്ങനെയൊക്കെ നോക്കുമ്പോള്‍ ഇതൊരു ആത്മഹത്യയല്ല, മറിച്ച് ഭരണകൂടവും ഈ നാടിന്റെ അവസ്ഥയുമൊക്കെ ചേര്‍ന്ന് സൃഷ്ടിച്ച കൊലപാതകമാണെന്നും പറയേണ്ടിവരുന്നു. ഇതിവിടെയും അവസാനിക്കാന്‍ പോകുന്നില്ല. ഇതുവരെയുള്ള സര്‍ക്കാര്‍ ഭവനദാന പദ്ധതികളിലൊന്നും തന്നെ പെടാതെപോയ ലക്ഷക്കണക്കിനാളുകള്‍ ഈ നാട്ടിലുണ്ട്. ഏറെ ആഘോഷിക്കപ്പെട്ട ഭൂദാനമേളകളില്‍ ഒട്ടും വാസയോഗ്യമല്ലാത്തതും എത്തിപ്പെടാന്‍ പോ
ലും പ്രയാസമുള്ളതുമായ തുണ്ടുഭൂമികള്‍ കിട്ടിയ നിരവധിയാളുകള്‍ വേറെയും. തികഞ്ഞ അരക്ഷിതാവസ്ഥയിലാണ് അവരെല്ലാം ജീവിച്ചുപോകുന്നത്.
തലചായ്ക്കാനിടമില്ലാത്തവര്‍ക്ക് വീടുനല്‍കാന്‍ നാളിതുവരെ ആവിഷ്‌കരിക്കപ്പെട്ട പദ്ധതികളില്‍ അവസാനത്തേതിന്റെ 'ലൈഫ് മിഷന്‍' എന്ന പേരിനു ക്രൂരമായ ഒരു മറുപദം കിട്ടുക കൂടിയാണിപ്പോള്‍. പല പദ്ധതികള്‍ വന്നുപോയിട്ടും കിടപ്പാടമില്ലാതെ നരകിക്കുന്ന നിരാലംബരും നിസ്സഹായരുമായ ലക്ഷക്കണക്കിനു മനുഷ്യജീവികള്‍ക്കു മുന്നില്‍ ജീവന്‍ വെടിയുകയല്ലാതെ മറ്റൊരു ദൗത്യം നിര്‍വഹിക്കാനില്ലെന്നു വരുന്ന ഭീകരവും അതിദൈന്യവുമായ അവസ്ഥ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."