അഖില ഹാദിയയാകുമ്പോള്‍ മാറിപ്പോകുന്ന കോടതിവിധികള്‍
ഏറെ വിചിത്രവും അമ്പരപ്പിക്കുന്നതുമാണ് മതം മാറിയ പെണ്‍കുട്ടിയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി. അഖില എന്ന 23കാരി സ്വന്തം താല്‍പര്യപ്രകാരം മതംമാറി ഹാദിയയാവുകയും തനിക്ക് ഇഷ്ടപ്പെട്ട വരനെ കണ്ടെത്തി ഇന്ത്യന്‍ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തു വിവാഹം കഴിക്കുകയും ചെയ്തതാണ്. ആ വിവാഹം ശരിയല്ലെന്നും പെണ്‍കുട്ടി മാതാപിതാക്കളോടൊപ്പം വീട്ടില്‍ പോവണമെന്നുമാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്.
വിവാഹിതരാവാതെ തന്നെ പ്രായപൂര്‍ത്തിയായവര്‍ക്ക് ഒന്നിച്ചുജീവിക്കാന്‍ അനുമതിയും പ്രോത്സാഹനവും നല്‍കുന്ന നിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യത്ത് ഇങ്ങനെയൊരു വിധി വന്നിരിക്കുന്നത് അപമാനകരമാണ്. ഇത്തരമൊരു വിധിക്കു പിന്നിലെ ചേതോവികാരമെന്തെന്നു മനസ്സിലാകുന്നില്ല. അവകാശസംരക്ഷണത്തിനു പൗരന്മാര്‍ വിശ്വാസമര്‍പ്പിക്കുന്ന നീതിപീഠം പോലും മതാന്ധതയുടെ കൂച്ചുവിലങ്ങില്‍ അമര്‍ന്നുപോയോയെന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നുണ്ട്.
വൈക്കം സ്വദേശിനിയായ അഖില സേലം ഹോമിയോ കോളജ് വിദ്യാര്‍ഥിനിയാണ്. തന്റെ സഹപാഠികളായ മുസ്‌ലിംസുഹൃത്തുക്കളില്‍നിന്നാണ് ഇസ്‌ലാമിനെക്കുറിച്ചു പഠിക്കുന്നത്. അതിനെത്തുടര്‍ന്നു മൂന്നുവര്‍ഷം മുമ്പ് സ്വമേധയാ ഇസ്‌ലാം ആശ്ലേഷിക്കുകയും ഹാദിയ എന്ന പേരു സ്വീകരിക്കുകയുമായിരുന്നു പിന്നീട്, ഇസ്‌ലാമിനെക്കുറിച്ചു കൂടുതല്‍ പഠിക്കാന്‍ പലവഴികളും തേടി.
കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ഓണ്‍ലൈന്‍ മാട്രിമോണിയല്‍ സൈറ്റ് വഴി വിവാഹപ്പരസ്യം നല്‍കുകയും അതിലൂടെ ശഫിന്‍ ജഹാന്‍ എന്ന പ്രവാസിയുവാവുമായി കഴിഞ്ഞ ഡിസംബര്‍ 19ന് വിവാഹബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. രണ്ടുദിവസം അവര്‍ ദമ്പതിമാരായി ഒന്നിച്ചുകഴിഞ്ഞു. (അപ്പോഴേക്കും ചില ചാരക്കണ്ണുകള്‍ കേസും ഗുലുമാലുമായെത്തി.) ഈ വിവാഹമാണ് മാതാപിതാക്കളുടെ സാന്നിധ്യമില്ലാതെ നടന്നതെന്നു പറഞ്ഞു കോടതി റദ്ദ് ചെയ്തത്. തന്റെ മകളെ മതംമാറ്റി ഐ.എസില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി പിതാവ് അശോകനാണു കോടതിയെ സമീപിച്ചത്.
ഇതിനെത്തുടര്‍ന്നു 150 ദിവസത്തിലധികമായി കേരള ഹൈക്കോടതി പെണ്‍കുട്ടിയെ ഭര്‍ത്താവില്‍നിന്നു വേര്‍പെടുത്തി 'ഏകാന്തതടവില്‍' നിര്‍ത്തുകയായിരുന്നു. തനിക്കു പറയാനുള്ളതുപോലും കൃത്യമായി കേള്‍ക്കാന്‍ കോടതി തയ്യാറായില്ലെന്നാണു കുട്ടി പറയുന്നത്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം ഒരു ചെറുപ്പക്കാരനെ ഭര്‍ത്താവായി സ്വീകരിക്കുകയെന്നതാണു നടന്നത്. ആ ചെറുപ്പക്കാരനെ വിവാഹം കഴിക്കാന്‍വേണ്ടിയല്ല അവള്‍ മതംമാറിയത്. മതംമാറ്റം നേരത്തേ നടന്നതാണ്.
എന്നിട്ടും മുന്‍വിധികളോടെയും മുന്‍ പദ്ധതികളോടെയുമെന്നു സംശയിക്കാവുന്ന തരത്തിലാണു കാര്യങ്ങള്‍ നീങ്ങിയത്. എന്നാല്‍, മതംമാറ്റി വിവാഹം കഴിച്ചുവെന്ന തരത്തിലാണു ചര്‍ച്ചയായത്. ഇപ്പോള്‍ ഹൈക്കോടതി തന്നെ ഈ വിവാഹത്തില്‍ വല്ല നിഗൂഢതയുമുണ്ടോ എന്ന് അന്വേഷിക്കാന്‍ ഉത്തരവിറക്കി. വിശദമായി അന്വേഷണം നടത്തിയ പൊലിസ് ദുരൂഹതയും നിഗൂഢതയുമില്ലെന്നു റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. എന്നിട്ടും കോടതി വിധിച്ചത് വിവാഹം റദ്ദാക്കാനാണ്. ഹാദിയ കോടതിയില്‍തന്നെയുണ്ടായിരുന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ നേരിട്ടു ചോദിച്ചറിയാന്‍ കോടതിക്കു കഴിയുമായിരുന്നു.
ഭരണഘടനാപ്രകാരം നിയമലംഘനമില്ലാത്ത സംഭവം ഊതിവീര്‍പ്പിച്ച് അതിനു സാമുദായികതയുടെ നിറവും വേഷവും കല്‍പിച്ചു സങ്കീര്‍ണമാക്കുന്നത് എന്തിനുവേണ്ടിയാണ്. എത്ര ചിന്തിച്ചിട്ടും ഉത്തരം കിട്ടാത്ത ചോദ്യമാണിത്. ഹാദിയ അഖിലയാവുകയാണു ചെയ്തിരുന്നതെങ്കില്‍ ഇത്തരമൊരു ചര്‍ച്ച തന്നെ ഉല്‍ഭവിക്കുമായിരുന്നോ. കോടതിവളപ്പില്‍ ധാരാളം സംഭവങ്ങള്‍ നിരന്തരം ഉണ്ടാകുന്നുമുണ്ട്. അവരുടെ മാതാപിതാക്കള്‍ പോയി അതിനെതിരേ നിയമത്തിന്റെ വഴിയില്‍ ഇറങ്ങിയാലും അനുകൂലഫലം ലഭിക്കാറില്ല.
പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് ജീവിതപങ്കാളിയായി ആരെയും തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്ന പൊതുതത്വം പറഞ്ഞ് വരനോടൊപ്പം പറഞ്ഞയയ്ക്കുന്ന രീതിയാണു കണ്ടുവരുന്നത്. എന്നാല്‍, 'ഞാന്‍ സ്വേച്ഛയാ മതംമാറിയതാണെന്നും സ്വന്തം താല്‍പര്യമനുസരിച്ചും നിയമപ്രകാരവുമാണു ശഫിനെ ഭര്‍ത്താവായി സ്വീകരിച്ചതെന്നും ഹാദിയ പലതവണ വ്യക്തമാക്കിയിട്ടും കോടതി അതിനു ചെവികൊടുത്തില്ല. മാതാപിതാക്കള്‍ പങ്കെടുക്കാത്ത വിവാഹം അസാധുവാണെന്നു വരുന്നത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെപ്പോലും കൊഞ്ഞനംകുത്തലാകില്ലേ.
ഇഷ്ടപ്പെട്ട മതം തെരഞ്ഞെടുത്തതു കാരണം ഇഷ്ടപ്പെട്ട ജീവിതപങ്കാളിയെ സ്വീകരിക്കാന്‍ പറ്റില്ലെന്നു പറയാന്‍ നീതിപീഠത്തിന് അധികാരമുണ്ടോ? ഭരണഘടന നല്‍കുന്ന അവകാശം ഉപയോഗപ്പെടുത്താന്‍ പൗരന് അവകാശമുണ്ട്. 2016 ഡിസംബര്‍ 20ന് മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടും രക്ഷിതാക്കളുടെ സാന്നിധ്യമില്ലാതെ നടന്ന വിവാഹത്തിനു സാധൂകരണമില്ലെന്നത് വിചിത്രവാദമാണ്.
നേരത്തേ ഹേബിയസ് കോര്‍പസ് ഹരജിയായി ഈ കേസ് ഹൈക്കോടതി മുമ്പാകെ എത്തിയിരുന്നു. അതനുസരിച്ച് കോടതി ആവശ്യമായ അന്വേഷണം നടത്തിക്കുകയും ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെ തന്നിഷ്ടപ്രകാരം ജീവിക്കാന്‍ അനുവദിച്ചു ഉത്തരവിറക്കുകയും ചെയ്തിരുന്നു. വീണ്ടും മറ്റൊരു ബെഞ്ചില്‍ കേസ് വരുമ്പോള്‍ വൈവാഹികബന്ധം നിലനില്‍ക്കില്ലെന്ന കണ്ടെത്തലിന് എന്തു വിശദീകരണമാണു നല്‍കാന്‍ നീതിപീഠത്തിനു കഴിയുക.
ഹാദിയയ്ക്കുനേരെ ഹൈക്കോടതി സ്വീകരിച്ച ഈ സമീപനം നിയമവിരുദ്ധവും പൗരാവകാശധ്വംസനവുമാണെന്നു പല നിയമവിദഗ്ധരും വ്യക്തമാക്കിക്കഴിഞ്ഞു. തനിക്കെതിരേയുള്ള ഈ അവകാശലംഘനം ചൂണ്ടിക്കാട്ടി ഹാദിയ മുഖ്യമന്ത്രിക്കു കത്തെഴുതിയിട്ടുണ്ട്. പ്രായപൂര്‍ത്തിയായ താന്‍ സ്വന്തം ഇഷ്ടപ്രകാരം ഭര്‍ത്താവിനെ സ്വീകരിച്ചതില്‍ ഭരണഘടനാപരമായി എന്തു തെറ്റാണെന്നാണ് അതില്‍ അവര്‍ ചോദിക്കുന്നത്.
ഇത് ഹാദിയയുടെ മാത്രം ചോദ്യമല്ല, ജനാധിപത്യ-മതേതരത്വത്തില്‍ വിശ്വസിക്കുന്ന ഓരോ ഇന്ത്യന്‍പൗരന്റെയും ചോദ്യമാണ്. വേലിതന്നെ വിളതിന്നുകയും ചങ്ങലയ്ക്കു ഭ്രാന്തുപിടിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ആരാണ് ഇവിടെ നീതിനടപ്പാക്കുക? മതവും ജാതിയും നോക്കാതെ നീതി നടപ്പാക്കാന്‍ കോടതികള്‍ക്കു കഴിയണം. ഫാസിസ്റ്റ് മുഖംമൂടിവച്ച് അവര്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ രാജ്യത്തിനു തന്നെയായിരിക്കും ഇത് ഏറ്റവും വലിയ വെല്ലുവിളിയായി മാറുക. തങ്ങളുടെ അധികാരങ്ങളെ ദുരുപയോഗം ചെയ്യുന്ന കോടതികളുടെ ഈ വിഭാഗീയ നിലപാടുകള്‍ എന്തു വിലകൊടുത്തും എതിര്‍ക്കപ്പെടേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."