സമുദ്രോല്‍പ്പന്ന കയറ്റുമതിയില്‍ വന്‍ ഇടിവ്; കടലില്‍ നിന്നുള്ള മത്സ്യലഭ്യത കുറഞ്ഞു
കൊച്ചി: സമുദ്രോല്‍പ്പന്ന കയറ്റുമതിയില്‍ രാജ്യത്ത് വന്‍ ഇടിവ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 3020.78 കോടി രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2014-15 വര്‍ഷത്തില്‍ 33441.61 കോടി രൂപയുടെ കയറ്റുമതി നടന്നെങ്കില്‍ ഇത്തവണ അത് 30420.83 കോടിയായി കുറഞ്ഞു. മുന്‍വര്‍ഷം 1,05,1243 ടണ്‍ സമുദ്രോല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്‌തെങ്കില്‍ ഇത്തവണ അത് 9,45,892 ടണ്‍ ആയി ചുരുങ്ങി. മൊത്തം കയറ്റുമതി മൂല്യത്തിന്റെ 66 ശതമാനവും ചെമ്മീനില്‍ നിന്നായിരിക്കേ ആഗോളവ്യാപാരത്തില്‍ ചെമ്മീന്‍ വിലയില്‍ വന്ന ഇടിവാണ് സമുദ്രോല്‍പ്പന്ന കയറ്റുമതിയെ സാരമായി ബാധിച്ചത്. തായ്‌ലന്‍ഡ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ ചെമ്മീന്‍ കൃഷിയും മറ്റു ജലകൃഷികളും പുനരുദ്ധീകരിച്ചതിന്റെ ഫലമായി അന്താരാഷ്ട്രവിപണിയില്‍ സമുദ്രോല്‍പന്നങ്ങളുടെ വരവ് സുഗമമായതാണ് രാജ്യത്തിന് തിരിച്ചടിയായത്.
വിദേശ കറന്‍സികളായ യൂറോയുടെയും യെന്നിന്റെയും വിലയിടിവ്, ചൈനയിലെ സാമ്പത്തിക മാന്ദ്യം എന്നിവയും മത്സ്യകയറ്റുമതിയെ ബാധിച്ചു. കടലില്‍നിന്നുള്ള മത്സ്യത്തിന്റെ ലഭ്യത കുറവും കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പോയവര്‍ഷത്തെ അപേക്ഷിച്ച് കടലില്‍ നിന്നും പിടിച്ച ചെമ്മീന്റെ അളവ് 2015-16 ല്‍ 10.5 ശതമാനത്തോളം കുറഞ്ഞതായാണ് സമുദ്രോല്‍പ്പന്ന കയറ്റുമതിയുടെ വളര്‍ച്ചയ്ക്കായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സമുദ്രോല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തു നിന്ന് കഴിഞ്ഞവര്‍ഷത്തെപ്പോലെ ഭൂരിഭാഗം സമുദ്രോല്‍പ്പന്നങ്ങളും അമേരിക്കയിലേക്കും തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കുമാണ് കയറ്റുമതി ചെയ്യപ്പെട്ടത്.
ശീതികരിച്ച ചെമ്മീന്‍ കയറ്റുമതി ഇനങ്ങളില്‍ മുന്നില്‍ നിന്നെങ്കിലും ഇതിന്റെ പ്രതിശീര്‍ഷമൂല്യം 2014-15 ലെ, കിലോഗ്രാമിന് 10.38 ഡോളര്‍ എന്നത് 2015-16 ല്‍ 8.28 ഡോളറായി കുറഞ്ഞു. ശീതികരിച്ച കൂന്തലിന്റെ കയറ്റുമതിയില്‍ അളവിലും മൂല്യത്തിലും ഉയര്‍ച്ചയുണ്ടായപ്പോള്‍ ശീതികരിച്ച കണവയുടെ കയറ്റുമതി കുറഞ്ഞു. ഉണക്ക മത്സ്യത്തിന്റെ കയറ്റുമതിയിലും മാന്ദ്യം ഉണ്ടായി. തൂക്കത്തില്‍ 38.59 ശതമാനവും രൂപയുടെ മൂല്യത്തില്‍ 28.17 ശതമാനവും ഡോളറില്‍ 32.59 ശതമാനവും കുറവുണ്ടായി. എന്നാല്‍ പ്രതിശീര്‍ഷ മൂല്യം 2.35 ഡോളറില്‍ നിന്ന് 2.58 ഡോളറായി ഉയര്‍ന്ന് 9.77 ശതമാനം വര്‍ധന രേഖപ്പെടുത്തി. ജീവനുള്ളതും അതുപോലെതന്നെ മറ്റു മത്സ്യ ഉല്‍പന്നങ്ങളുടെയും കയറ്റുമതിയില്‍ ഡോളര്‍ മൂല്യത്തിലും പ്രതിശീര്‍ഷമൂല്യത്തിലും കുറവുണ്ടായപ്പോള്‍, തൂക്കത്തില്‍ നേരിയ പുരോഗതി (0.09%) യും രൂപയുടെ മൂല്യത്തില്‍ 2.42% വര്‍ധനവുമുണ്ടായി. അതേസമയം വരുംവര്‍ഷത്തില്‍ സമുദ്രോല്‍പ്പന്ന കയറ്റുമതി മെച്ചപ്പെടുത്താന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് സമുദ്രോല്‍പന്ന കയറ്റുമതി വികസന അതോറിറ്റി ചെയര്‍മാന്‍ ഡോ.ജയതിലക് പറഞ്ഞു. 2016-17 വര്‍ഷം രാജ്യം 5.6 ബില്യണ്‍ ഡോളറിന്റെ സമുദ്രോല്‍പ്പന്ന കയറ്റുമതി നടത്തുവാനാണ് ലക്ഷ്യമിടുന്നത്.ചെമ്മീന്‍പാടങ്ങളില്‍ നിന്നും ശാസ്ത്രീയവും സന്തുലിതവുമായ കൃഷിയിലൂടെ വനാമി, കാര തുടങ്ങിയവയുടെ ഉല്‍പാദനം വര്‍ധിപ്പിക്കും. ജലകൃഷിയിലെ വൈവിധ്യവല്‍കരണം മെച്ചപ്പെടുത്തുതോടൊപ്പം മൂല്യാധിഷ്ഠിത വിഭവങ്ങളുടെ കയറ്റുമതി വര്‍ധനയ്ക്കുവേണ്ട ഗുണനിലവാര നിയന്ത്രണങ്ങളും അടിസ്ഥാനസൗകര്യങ്ങളുടെ വികസനങ്ങളും ഉറപ്പുവരുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."