മഴ: നെന്‍മണിക്കര പഞ്ചായത്തില്‍ ജാഗ്രതാസമിതി രൂപീകരിച്ചു
പുതുക്കാട്: ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് നെന്‍മണിക്കര പഞ്ചായത്തില്‍ ജാഗ്രതാസമിതി രൂപീകരിച്ചു.
പൊലിസ്, ഫയര്‍ഫോഴ്‌സ്, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി തുടങ്ങിയ വകുപ്പുകള്‍ ഏകോപിപ്പിച്ചാണ് സമിതി രൂപീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഷീല മനോഹരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. പ്രളയത്തില്‍ മണലിപുഴയും കുറുമാലിപുഴയും നിറഞ്ഞൊഴുകിയതിനെ തുടര്‍ന്ന് പഞ്ചായത്തില്‍ വ്യാപക നാശനഷ്ടമാണ് സംഭവിച്ചത്. പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്നതിനിടെ എത്തിയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നതിന് മുന്‍പാണ് അധികൃതര്‍ ജാഗ്രതാ സമിതി രൂപീകരിച്ചത്.
പഞ്ചായത്തിന്റെ ഭൂരിഭാഗവും താഴ്ന്ന പ്രദേശങ്ങളായതിനാല്‍ വെള്ളക്കെട്ട് രൂപപ്പെടാന്‍ സാധ്യതയേറെയാണ്. ദുരിതാശ്വാസ ക്യാംപുകള്‍ ഏതുസമയത്തും തുടങ്ങാനുള്ള ഒരുക്കങ്ങള്‍ പഞ്ചായത്ത് പൂര്‍ത്തീകരിച്ചു. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട നാലു കുടുംബങ്ങള്‍ ഇപ്പോഴും ചിറ്റിശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വസ ക്യാംപില്‍ കഴിയുന്നുണ്ട്. ആവശ്യമെങ്കില്‍ നിലവിലെ ക്യാംപില്‍ കൂടുതല്‍ കുടുംബങ്ങളെ താമസിപ്പിക്കാനും ധാരണയായി. പ്രളയത്തില്‍ ഭാഗീകമായ കേടുപാടുകള്‍ സംഭവിച്ച വീടുകളില്‍ കഴിയുന്നവര്‍ക്ക് ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറാനുള്ള സൗകര്യം ഒരുക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.ശനിയാഴ്ച മുതല്‍ പഞ്ചായത്തില്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കും. കൊടകര ബ്ലോക്ക് പഞ്ചായത്തംഗം ടി.എസ് ബൈജു, പഞ്ചായത്ത് സെക്രട്ടറി വിജയലക്ഷ്മി, അരുണ്‍മോഹന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."