യു.പിയിലെ വിവാദ നിയമം അറസ്റ്റിലായത് 51 പേര്‍; ഇരകളില്‍ നിന്നുള്ള പരാതി രണ്ടെണ്ണം മാത്രം
ലഖ്‌നൗ: 'ലൗ ജിഹാദ് ' തടയാനെന്ന പേരില്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദനിയമം നിലവില്‍ വന്നിട്ട് തിങ്കളാഴ്ച ഒരു മാസം പിന്നിട്ടപ്പോള്‍ ഇതുവരെ അറസ്റ്റിലായത് 51 പേര്‍. ഇതില്‍ 49 പേരും ജയിലില്‍തന്നെ കഴിയുകയാണ്. 30 ദിവസത്തിനുള്ളില്‍ ആകെ 14 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, ഇതില്‍ നിര്‍ബന്ധിത മതംമാറ്റത്തിന് ഇരയായെന്ന് ആരോപിച്ച് പരാതി നല്‍കിയ സ്ത്രീകള്‍ വെറും രണ്ടുപേര്‍ മാത്രമാണ്.
മറ്റു കേസുകളിലൊക്കെയും പരാതിക്കാര്‍ വീട്ടുകാരോ ബന്ധുക്കളോ ആണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രണ്ടുമൂന്നു കേസുകളില്‍ ഹിന്ദുത്വ സംഘടനകളും ഇടപെട്ടു. ബജ്‌റങ് ദള്‍ ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ സംഘടനകള്‍ ദമ്പതികളെ കൈയേറ്റം ചെയ്യുകയുമുണ്ടായി. നവംബര്‍ 27നാണ് മതംമാറ്റ നിരോധന ഓര്‍ഡിനന്‍സിന് യു.പി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ അംഗീകാരം നല്‍കിയത്. നിയമത്തില്‍ ഗവര്‍ണര്‍ ഒപ്പുവച്ച് ആറു മണിക്കൂര്‍ ആയപ്പോഴേക്കും ആദ്യ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. ബറേലിയില്‍ ഉവൈസ് അഹമ്മദ് എന്ന 23 കാരനെതിരേ ടിക്കറാം എന്നയാള്‍ നല്‍കിയ പരാതിയിലായിരുന്നു കേസ്. എന്നാല്‍, ഈ കേസ് പൊലിസ് സമ്മര്‍ദം ചെലുത്തി എഴുതിപ്പിച്ച പരാതിയാണെന്നും യുവാവിനെതിരായ കേസില്‍ സഹായം നല്‍കാന്‍ തയാറാണെന്നും ടിക്കാറാം പിന്നീട് മാധ്യമങ്ങളോട് പറയുകയുണ്ടായി.
ബിജ്‌നോറില്‍ മൂന്നും ഷാജഹാന്‍പൂരില്‍ രണ്ടും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മുസഫര്‍നഗര്‍, മൗ, സിതാപൂര്‍, ഹര്‍ദോയ്, ഇറ്റ, കനൗജ്, അഅ്‌സംഗഢ്, മുറാദാബാദ് ജില്ലകളിലാണ് മറ്റു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഒരുകേസിലൊഴികെ ബാക്കിയെല്ലാം പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയായവരാണ്. എട്ടു കേസുകളില്‍ യുവതീ-യുവാക്കള്‍ തങ്ങള്‍ പ്രണയത്തിലാണെന്നു പൊലിസിനെ അറിയിച്ചിട്ടുണ്ട്. അഅ്‌സംഗഢില്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു കേസ് ക്രൈസ്തവ മതത്തിലേക്കു മതംമാറ്റാന്‍ ശ്രമിച്ചെന്ന പരാതിയാണ്. ഇതില്‍ മൂന്നുപേരാണ് അറസ്റ്റിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."