തെരഞ്ഞെടുപ്പ് സംവിധാനത്തില്‍ അനഭിലഷണീയമായ കാര്യങ്ങള്‍ നടക്കുന്നു: ജസ്റ്റിസ് ചെലമേശ്വര്‍
തിരുവനന്തപുരം: രാജ്യത്തെ തെരഞ്ഞെടുപ്പു സംവിധാനത്തില്‍ അനഭിലഷണീയമായ കാര്യങ്ങള്‍ നടക്കുന്നുവെന്ന പരാതിയില്‍ വാസ്തവമുണ്ടെന്നു ജസ്റ്റിസ് ജെ. ചെലമേശ്വര്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഏതെങ്കിലും സര്‍ക്കാരിനെ കുറ്റപ്പെടുത്താനാകില്ല. മാറ്റങ്ങള്‍ എല്ലാ കാര്യങ്ങളിലും അനിവാര്യമാണ്. അതു രാജ്യത്തിന്റെ തെരഞ്ഞെടുപ്പു സംവിധാനത്തിലും ഉണ്ടാകണം. തെരഞ്ഞെടുപ്പുകളില്‍ ചെലവാക്കുന്ന തുകയെ സംബന്ധിച്ചു ഞെട്ടിക്കുന്ന വിവരങ്ങളാണു പുറത്തു വരുന്നത്. ചില സംസ്ഥാനങ്ങളില്‍ എം.പിമാരും എം.എല്‍.എമാരുമാകാന്‍ 50 കോടിയൊക്കെയാണു മുടക്കുന്നതെന്നും ഇതു ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ദ്രജിത്ത് ഗുപ്ത ജന്മശതാബ്ദിയോടനുബന്ധിച്ചു ഇന്ത്യയിലെ തെരഞ്ഞെടുപ്പു പരിഷ്‌കരണം എന്ന വിഷയത്തില്‍ സി.പി.ഐ ജില്ലാ കൗണ്‍സില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുന്‍ സുപ്രിംകോടതി ജഡ്ജി കൂടിയായ ജെ. ചെലമേശ്വര്‍.
കര്‍ണാടകയിലേതു പോലെയുള്ള നാടകങ്ങള്‍ ആദ്യത്തെ സംഭവമല്ല. 65 വര്‍ഷം മുമ്പ് ഈ പരീക്ഷണം തുടങ്ങിയിട്ടുണ്ട്. ഹരിയാനയിലെ 'ആയാറാം ഗയാറാം' പ്രയോഗം കേട്ടതാണ്. കൂറുമാറിയാല്‍ അയോഗ്യനാക്കാനുള്ള അധികാരം സ്പീക്കര്‍ക്കാണ്. സ്പീക്കറുടെ തീരുമാനം പരിശോധിക്കാന്‍ മാത്രമേ കോടതിക്ക് പോലും കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. കേരളം പലതിനും മികച്ച മാതൃകയാണ്. നല്ല രാഷ്ട്രീയ നേതാക്കള്‍ ഉള്ള സംസ്ഥാനമാണ് കേരളമെന്നും തെരഞ്ഞെടുപ്പു പരിഷ്‌കരണത്തെ സംബന്ധിച്ചു കേരളത്തില്‍ നിന്നു തന്നെ മികച്ച നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവരട്ടേയെന്നും ജെ. ചെലമേശ്വര്‍ പറഞ്ഞു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അധ്യക്ഷനായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, വി.എസ് ശിവകുമാര്‍ എം.എല്‍.എ, സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു, സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. ജി.ആര്‍ അനില്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."