എല്‍.ഡി.എഫിന് വോട്ട്; പാലക്കാട് ബി.ജെ.പിയിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമെന്ന് വിമര്‍ശനം
പാലക്കാട്: നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അംഗം വി. നടേശന്‍ എല്‍.ഡി.എഫിന് വോട്ട് ചെയ്ത സംഭവം അബദ്ധമല്ലെന്ന് ഒരുവിഭാഗത്തിന്റെ ആരോപണം.
മുന്‍ അധ്യക്ഷയ്ക്കു വേണ്ടി വാദിച്ചവരില്‍ പ്രമുഖനാണ് നടേശനെന്നും അദ്ദേഹം എല്‍.ഡി.എഫിന് വോട്ടുചെയ്യുകയും തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കും കൗണ്‍സില്‍ അംഗങ്ങള്‍ക്കും ബാലറ്റ് പേപ്പര്‍ ഉയര്‍ത്തിക്കാണിക്കുകയും ചെയ്തത് പാര്‍ട്ടി നേതൃത്വത്തോടുള്ള വെല്ലുവിളിയാണെന്നുമാണ് ആര്‍.എസ്.എസ് നേതൃത്വം വിലയിരുത്തുന്നത്. അധ്യക്ഷയെ തെരഞ്ഞെടുക്കുന്നതിന് ഓപണ്‍ വോട്ടായതിനാല്‍ രഹസ്യസ്വഭാവം വേണ്ടെന്ന് വരണാധികാരി ആദ്യമേ നിര്‍ദേശിച്ചിരുന്നു. ഇത് മുഴുവന്‍ അംഗങ്ങളും എതിര്‍ത്തതോടെ സാധാരണനിലയില്‍ വോട്ടെടുപ്പാരംഭിക്കുകയായിരുന്നു.
വോട്ട് ചെയ്യാനെത്തിയ മൂന്നാം വാര്‍ഡ് ബി.ജെ.പി കൗണ്‍സിലര്‍ വി. നടേശന്‍ ബാലറ്റ് പേപ്പറില്‍ ഒന്നാമതുണ്ടായിരുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയ്ക്ക് വോട്ട് രേഖപ്പെടുത്തുകയായിരുന്നു. ബാലറ്റ് പേപ്പര്‍ ഉയര്‍ത്തിക്കാണിച്ച് വരണാധികാരിയുടെ മേശയില്‍ വെക്കുന്നതിനിടെ ഒരു മുതിര്‍ന്ന ബി.ജെ.പി കൗണ്‍സിലര്‍ ബാലറ്റ് മാറ്റിവാങ്ങി വീണ്ടും വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടതോടെ നടേശന്‍ ബാലറ്റ് തിരിച്ചെടുത്തു. ബോക്‌സിലിട്ടില്ലെന്ന പേരില്‍ ബാലറ്റ് സ്വീകരിക്കാമെന്ന നിലപാടാണ് വരണാധികാരി ആദ്യം കൈക്കൊണ്ടത്. എന്നാല്‍, ഇതു വലിയ ബഹളത്തിനിടയാക്കി. ബി.ജെ.പി അംഗങ്ങളും പ്രതിപക്ഷ അംഗങ്ങളും ഒരുപോലെ വരണാധികാരിക്കുമുന്നിലെത്തി ബഹളമുണ്ടാക്കിയതോടെ അദ്ദേഹം നടേശന്റെ വോട്ട് അസാധുവായി പ്രഖ്യാപിക്കുകയായിരുന്നു.
ബി.ജെ.പിക്ക് ഭരണത്തുടര്‍ച്ച കിട്ടിയെന്ന് ഉറപ്പായ നിമിഷം മുതല്‍ പാലക്കാട് നഗരസഭ അധ്യക്ഷയെ ചൊല്ലിയുള്ള തര്‍ക്കങ്ങളും രൂക്ഷമായിരുന്നു. മുന്‍ ഉപാധ്യക്ഷന്‍ കൃഷ്ണകുമാറും ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ കൃഷ്ണദാസും നടേശനുമെല്ലാം തങ്ങളുടെ നോമിനിയെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.
അധ്യക്ഷയെ തെരഞ്ഞെടുക്കാനുള്ള അവസാന മണിക്കൂറിലും തീരുമാനമാകാതെ പ്രശ്‌നം വഷളാകുന്ന ഘട്ടത്തില്‍ അംഗങ്ങള്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തേണ്ടിയും വന്നു. അധ്യക്ഷ സ്ഥാനത്തേക്ക് ടി.ബേബിക്കും ഉപാധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രന്‍ പക്ഷത്തുള്ള സ്മിതേഷിനും കൂടുതല്‍ വോട്ട് കിട്ടി. തര്‍ക്കവും അവകാശവാദവും കൂടുതല്‍ ശക്തമായതോടെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് കെ.പ്രിയയെ അധ്യക്ഷയായി തെരഞ്ഞെടുക്കുകയായിരുന്നു. സമവായ സ്ഥാനാര്‍ഥികളായി അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയയുടെയും ഉപാധ്യക്ഷ സ്ഥാനത്തേക്ക് ഇ.കൃഷ്ണകുമാറിന്റെയും പേരുകള്‍ നേതൃത്വം നിര്‍ദേശിച്ചത്. മുന്‍ അധ്യക്ഷ പ്രമീള ശശിധരനെ ആദ്യഘട്ടത്തില്‍തന്നെ വെട്ടിയിരുന്നു. തുടര്‍ന്ന് സാധ്യതാപട്ടികയില്‍ ഉണ്ടായിരുന്ന മിനി കൃഷ്ണകുമാറിനെ പ്രിയ അജയന്‍ എന്ന പുതുമുഖത്തെ ഇറക്കി തിരിച്ചും വെട്ടുകയായിരുന്നു.
ഈ തര്‍ക്കങ്ങളുടെയും കുതികാല്‍വെട്ടിന്റേയും പരിസമാപ്തിയെന്ന നിലയിലാണ് നടേശന്‍ വോട്ട് എല്‍.ഡി.എഫിന് ചെയ്തതെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."