അരവിന്ദാക്ഷന്‍ വിഭാഗം സി.പി.എമ്മില്‍ ലയിച്ചെന്ന അവകാശവാദം തള്ളി സി.എം.പി
കൊല്ലം: ചവറ എം.എല്‍.എ എന്‍.വിജയന്‍പിള്ള ഉള്‍പ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തില്‍ സി.എം.പി അരവിന്ദാക്ഷന്‍ വിഭാഗം സി.പി.എമ്മില്‍ ലയിച്ചെന്ന അവകാശവാദം തള്ളി സി.എം.പി രംഗത്ത്. എം.വി.ആറിന്റെ മൂത്തമകന്‍ എം.വി രാജേഷ് നേതൃത്വം നല്‍കുന്ന സി.എം.പി ആണ് ഔദ്യോഗികമെന്നും വിജയന്‍പിള്ളയുടെ നിയമസഭാംഗത്വം തുലാസിലാണെന്നും സി.എം.പി കൊല്ലം ജില്ലാ സെക്രട്ടറി എല്‍. മോനച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൊല്ലത്ത് നടന്ന സി.പി.എം-സി.എം.പി ലയനത്തിന്റെ തലേദിവസം കോടതി വിധിയെ തുടര്‍ന്ന്,പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കണ്ണന്‍,പോളിറ്റ് ബ്യൂറോ അംഗം എം.എച്ച് ഷാരിയര്‍ എന്നിവരുടെ നേതൃത്വത്തില്‍ സി.പി.എമ്മില്‍ ലയിക്കാനുള്ള നീക്കം ഉപേക്ഷിക്കുകയും പകരം സി.എം.പി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സി.പി.എം പ്രവേശനമായി ചടങ്ങ് മാറ്റുകയും ചെയ്തിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.എം.പിക്ക് ലഭിച്ച ചവറ സീറ്റില്‍ മല്‍സരിച്ച് വിജയിച്ച വിജയന്‍പിള്ളക്ക് നിയമസഭയില്‍ കക്ഷി നേതാവെന്നെ പദവിയാണുള്ളത്. സി.പി.എമ്മില്‍ ലയിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ സീറ്റ് പിറകിലാകുമായിരുന്നു. ലയനത്തിനെതിരേ ഹൈക്കോടതിയില്‍ കേസുള്ളതിനാല്‍ വിജയന്‍പിള്ള ഇപ്പോഴും സി.എം.പി അംഗമാണ്. ഇക്കാര്യം സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി നല്‍കുന്ന വിപ്പ് ലംഘിച്ചാല്‍ വിജയന്‍പിള്ളയുടെ നിയമസഭാംഗത്വം നഷ്ടമാകും.
കോടതിയുടെ പരിഗണനയിലിരിക്കുന്ന തിരുവനന്തപുരത്തെ പാര്‍ട്ടി ആസ്ഥാനം സംബന്ധിച്ച തര്‍ക്കത്തില്‍ ഈ മാസം വിധിയുണ്ടാകും. കൊല്ലത്തെ സി.എം.പിയുടെ അധീനതയിലുള്ള സഹകരണസംഘവും അധികാരത്തര്‍ക്കത്തില്‍പ്പെട്ടു കിടക്കുകയാണ്. 27ന് കൊല്ലത്ത് നടക്കുന്ന സി.എം.പി സ്ഥാപകദിനാചരണത്തില്‍ അനാരോഗ്യംമൂലം വിജയന്‍പിള്ള പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നെന്നും മോനച്ചന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."