കാഞ്ഞങ്ങാട്ട് ലീഗ് വോട്ടു മാറിയത് അബദ്ധവശാല്‍
കാഞ്ഞങ്ങാട് (കാസര്‍കോട്): കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് അംഗങ്ങളായ രണ്ടു പേരുടെ വോട്ടു എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയ്ക്ക് ലഭിച്ചതും ഒരാളുടെ വോട്ട് അസാധുവായതും പിശക് കാരണമാണെന്ന് അംഗങ്ങള്‍. കാഞ്ഞങ്ങാട്ട് നടന്ന കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ മുസ്‌ലിം ലീഗ് കൗണ്‍സിലര്‍മാര്‍ വോട്ടു മാറി ചെയ്തുവെന്ന ആരോപണം ശരിയല്ലെന്നും അവര്‍ വ്യക്തമാക്കി. ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ വോട്ടു മുഴുവനും മുന്നണി സ്ഥാനാര്‍ഥിയ്ക്ക് തന്നെ ലഭിച്ചു. 43 സീറ്റുകളുള്ള നഗരസഭയില്‍ എല്‍.ഡി.എഫിന് 24 സീറ്റു ലഭിച്ചിരുന്നു. യു.ഡി.എഫിന് 13 സീറ്റായിരുന്നു. മറ്റു രാഷ്ട്രീയ കക്ഷികളുടെ പിന്തുണയില്ലാതെ തന്നെ എല്‍.ഡി.എഫിന് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പായിരുന്നു.
വോട്ടു മാറിയതും അസാധുവായതും തങ്ങള്‍ക്കു പറ്റിയ അബദ്ധമാണെന്ന് മൂവരും നേതൃത്വത്തെ കഴിഞ്ഞ ദിവസം തന്നെ അറിയിച്ചിരുന്നു. ഇതിനു പുറമെ പാര്‍ട്ടി എടുക്കുന്ന നടപടി സ്വീകരിക്കാന്‍ തയ്യാറാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
40-ാം വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലര്‍ സി.എച്ച് സുബൈദയുടെ വോട്ടാണ് അസാധുവായത്. ഹസീനാ റസാഖ്, അസ്മ മാങ്കൂല്‍ എന്നിവരുടെ വോട്ടാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയ്ക്ക് ലഭിച്ചത്.
വോട്ട് മാറിയതില്‍ പ്രയാസമുണ്ടെന്ന്
കൗണ്‍സിലര്‍മാര്‍
അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഉണ്ടായ നിര്‍ഭാഗ്യകരമായ സംഭവത്തില്‍ പ്രയാസമുണ്ടെന്നും വോട്ട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയ്ക്കു ലഭിച്ചത് അബദ്ധത്തിലായിരുന്നുവെന്നും മുസ്‌ലിം ലീഗിന്റെ മൂന്ന് വനിതാ അംഗങ്ങളും വിശദീകരിച്ചു. വോട്ട് ചെയ്ത കോളം അബദ്ധത്തില്‍ മാറിപ്പോയതാണെന്നാണ് ഹസീന റസാഖ്, അസ്മ മാങ്കൂല്‍ എന്നിവരുടെ വിശദീകരണം. ബോധപൂര്‍വമായിരുന്നില്ല. ഇങ്ങനെ സംഭവിച്ചതില്‍ ഖേദമുണ്ട്. അബദ്ധം മനസിലാക്കി സുബൈദ അതു തടയുകയും യു.ഡി.എഫ് സ്ഥാനാര്‍ഥിയ്ക്കു വോട്ടു ചെയ്തതുമാണ് ഇവരുടെ വോട്ടു അസാധുവാകാന്‍ കാരണം. ഇതു സംബന്ധിച്ച് പാര്‍ട്ടിക്ക് വിശദീകരണം നന്‍കിയിട്ടുണ്ട്. ബാക്കി കാര്യങ്ങള്‍ പാര്‍ട്ടിയുടെ തീരുമാനം അനുസരിച്ച് പോകുമെന്നും മൂന്ന് അംഗങ്ങളും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."