ഉത്തരവിന് പിന്നില്‍ ആര്‍.എസ്.എസ്, കേരളത്തില്‍ നടപ്പാകില്ല: പിണറായി
കോഴിക്കോട്: മലയാളിയുടെ ഭക്ഷണശീലത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് മലയാളിയുടെ ഭക്ഷണത്തിന്റെ കാര്യമാണ്്. ഇതില്‍ സര്‍ക്കാരിന് രാഷ്ട്രീയമില്ല. എന്നാല്‍ പുതിയ ഉത്തരവ് ആര്‍.എസ്.എസിന്റെ കൃത്യമായ വര്‍ഗീയതയും രാഷ്ട്രീയവുമാണെന്നും ഇത് കേരളത്തില്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഒരു വര്‍ഷം നടക്കുന്നത് 6552 കോടിയുടെ മാട്ടിറച്ചി കച്ചവടമാണ്. ഔദ്യോഗിക കണക്കു പ്രകാരം അഞ്ചു ലക്ഷം പേരാണ് ഇറച്ചിവില്‍പ്പന രംഗത്ത് തൊഴില്‍ ചെയ്യുന്നത്. ഇതുകൂടാതെയാണ് എല്ലിന്റെയും തോലിന്റെയും കച്ചവടം.
ഇതിനെയൊക്കെയാണ് ഈ ഉത്തരവ് ബാധിക്കുക. 15 ലക്ഷം കന്നുകാലികളാണ് ഒരു വര്‍ഷം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കെത്തിക്കുന്നത്. ഈ കന്നുകാലികളെയൊന്നും വില്‍ക്കാന്‍ പാടില്ലെങ്കില്‍ അവിടുത്തെ അവസ്ഥയെന്താകും. പട്ടിയെ കൊല്ലരുതെന്ന ഉത്തരവിന്റെ സ്ഥിതി നാം കണ്ടതാണ്. ഇനി പശുവിനെ കൊല്ലരുതെന്നു കൂടി പറഞ്ഞാല്‍ പശുവിന്റെ കുത്ത് ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ഹെല്‍മറ്റ് ധരിച്ച് പുറത്തിറങ്ങേണ്ടി വരുമെന്നും പിണറായി പറഞ്ഞു.
പശുവിനെ മാതാവായി കാണുന്ന ആരെങ്കിലും പശുവിനെ മാതാവായിട്ടാണോ വീട്ടില്‍ വളര്‍ത്തുന്നത്. പാലിനും മാംസത്തിനും വേണ്ടിയല്ലേ വളര്‍ത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.
എന്തൊക്കെ ഭക്ഷണം കഴിക്കണം എന്നതില്‍ ചില ഇടപെടലുകളാണ് ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നത്. ഇതിനോടു യോജിക്കാന്‍ കഴിയില്ല. മലയാളിയുടെ ഭക്ഷണം ഔഷധസമ്പുഷ്ടമാണന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. മലയാളിയുടെ ആയുസ് നീട്ടിക്കിട്ടാനുള്ള കാരണവും ഈ ഭക്ഷണശീലമാണ്. നമ്മള്‍ ശീലിച്ച ഭക്ഷണമൊന്നും കഴിക്കരുതെന്ന് ആവശ്യപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവുകളൊന്നും കേരളത്തില്‍ നടപ്പിലാക്കാനാവില്ലെന്നും പിണറായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."