ശുചിത്വസാഗരം പദ്ധതി എല്ലാ തുറമുഖങ്ങളിലേക്കും
തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന്റെ ശുചിത്വസാഗരം പദ്ധതി എല്ലാ തുറമുഖങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനം. നീണ്ടകര ഹാര്‍ബറില്‍ നടപ്പാക്കിയ പദ്ധതി വിജയമാണെന്ന് കണ്ടതിനെത്തുടര്‍ന്നാണ് എല്ലാ തുറമുഖങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
കടലില്‍ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മത്സ്യബന്ധന ഉപകരണങ്ങളുടെ നാശത്തിനിടയാക്കുന്നതും മത്സ്യവളര്‍ച്ചയ്ക്കും പ്രത്യുല്‍പാദനത്തിനും വിഘാതമാകുന്ന രീതിയില്‍ കുമിഞ്ഞു കൂടുന്നതും ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ശുചിത്വസാഗരം പദ്ധതി ആരംഭിച്ചത്.
ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ്, സാഫ് യൂനിറ്റുകള്‍, ശുചിത്വ മിഷന്‍, നെറ്റ് ഫിഷ്, മറൈന്‍ പ്രോഡക്ട് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഏജന്‍സി എന്നിവ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. 2017 നവംബറിലാണ് പദ്ധതി ആരംഭിച്ചത്. ഇതുവരെ 30 ടണ്ണിലേറെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ബോട്ട് ഉടമാ അസോസിയേഷന്റെ സഹകരണത്തോടെ സംഭരിച്ചത്.
ബോട്ടുകള്‍ കടലില്‍ കൊണ്ടുപോയ ഭക്ഷണം, ബേക്കറി സാധനങ്ങള്‍ തുടങ്ങിയവയുടെ കവറുകളും പ്ലാസ്റ്റിക് ഗ്ലാസുകള്‍, കുടിവെള്ളക്കുപ്പികള്‍ ഉള്‍പ്പെടെ വലയില്‍ കുരുങ്ങിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബോട്ടുകള്‍ക്ക് നല്‍കുന്ന പ്രത്യേക ബാഗ് വഴി കരയിലെത്തിക്കും. പൊതുമരാമത്ത് വകുപ്പ്, ക്ലീന്‍ കേരള മിഷന്‍ എന്നിവ ഈ പ്ലാസ്റ്റിക് സംഭരിക്കും. സംഭരിച്ച പ്ലാസ്റ്റിക് സംസ്‌കരിച്ച് റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്നു.
കരയില്‍ കൊണ്ടുവരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കഴുകിവൃത്തിയാക്കി പ്രത്യേകം സജ്ജീകരിച്ച ഷ്രഡിങ് യൂനിറ്റ് വഴി ചെറുതാക്കിയാണ് റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. 20 ടണ്ണോളം പ്ലാസ്റ്റിക് നീണ്ടകരയിലുള്ള ഷ്രഡിങ് യൂനിറ്റില്‍ പൊടിച്ചെടുത്ത് റോഡ് നിര്‍മാണത്തിനായി സ്റ്റോക്ക് ചെയ്തിട്ടുണ്ട്.
പരീക്ഷണാടിസ്ഥാനത്തില്‍ ഏഴ് ശതമാനം പ്ലാസ്റ്റിക് ചേര്‍ത്ത് ടാര്‍ ചെയ്ത കൊല്ലം ജില്ലയിലെ കേരളപുരം പുട്ടാണിമുക്ക് റോഡ് വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ മാതൃകയില്‍ കൊല്ലത്തെ ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് റോഡുകള്‍ക്കും ഈ പ്ലാസ്റ്റിക് ഉപയോഗിക്കാന്‍ നടപടിയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."