ബീഫ് നിരോധനം: പ്രതിസന്ധിയിലായി ചെറുകിട അറവുകാര്‍
ചീമേനി: കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വന്ന മാട്ടിറച്ചി നിരോധനത്തിലൂടെ പ്രതിസന്ധിയിലായത് ചെറുകിട അറവുകാര്‍. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രം അറവ് നടത്തി ഉപജീവനം കണ്ടെത്തുന്ന ചെറുകിട അറവുകാര്‍ക്കാണ് നിരോധനത്തിലൂടെ ജീവിതമാര്‍ഗം വഴിമുട്ടിയത്.
ഇടനിലക്കാര്‍ മുഖേന ലേലത്തിലോ മതിപ്പ് വിലക്കോ വാങ്ങുന്ന അറവുമാടുകളെ സ്വന്തം ചിലവില്‍ അറവുകേന്ദ്രത്തിലെത്തിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്കുന്നവരാണിവര്‍. കല്യാണം, സല്‍ക്കാരങ്ങള്‍, മറ്റു മതപരമായ ചടങ്ങുകള്‍ തുടങ്ങിയവയ്ക്കാണ് പ്രധാനമായും ഇത്തരക്കാര്‍ മാടുകളെ അറുത്തു നല്‍കുന്നത്. റമദാന്‍, പെരുന്നാള്‍ സീസണുകളാണ് കാര്യമായി ഇവര്‍ക്ക് വരുമാനം ലഭിക്കുന്നത്. റമദാന്‍ ആരംഭിക്കുന്നതിനു തൊട്ടു മുമ്പ് മാട്ടിറച്ചി നിരോധന ഉത്തവിറങ്ങിയതോടെ ആശങ്കയിലായ അറവുകാര്‍ക്ക് അവശ്യമായ അറവുമാടുകളെ സ്റ്റോക്ക് ചെയ്യാനോ കഴിഞ്ഞില്ല. പാലക്കാട്ടെ ചന്തകളില്‍ നിന്നാണ് പ്രധാനമായും ചെറുകിട അറവുകാര്‍ക്ക് മാടുകള്‍ എത്തിയിരുന്നത്. നിരോധന ഉത്തരവ് വന്നതോടെ ചന്തകളിലും കാര്യമായ കച്ചവടം നടക്കാന്‍ സാധ്യത കുറവാണെന്നാണ് അറവുകാര്‍ പറയുന്നത്.ഇന്നാണ് ചന്ത നടക്കേണ്ട ദിവസം. ഇന്നത്തെ ചന്തയുടെ സ്ഥിതി അറിഞ്ഞാല്‍ മാത്രമേ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചെറുകിട അറവുകള്‍ നടക്കുകയുള്ളൂ .
ഇതേ നില തുടര്‍ന്നാല്‍ മാട്ടിറച്ചി പൂര്‍ണമായും നാട്ടിന്‍പുറങ്ങളില്‍ കിട്ടാത്ത അവസ്ഥയുണ്ടാകുമെന്ന ആശങ്കയുമുണ്ട്. നിലവില്‍ തങ്ങളുടെ അടുത്ത് സ്റ്റോക്കുള്ള മാടുകള്‍ തീരുന്നതോടെ ഇറച്ചി വില്പനയിലൂടെ ഉപജീവനം നടത്തുന്ന ചെറുകിട അറവുകാരുടെ ജീവിതം തന്നെ വഴിമുട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."