വന്യമൃഗ വേട്ട; നാലുപേര്‍ കൂടി പിടിയില്‍
സുല്‍ത്താന്‍ ബത്തേരി: വന്യമൃഗവേട്ടയുമായി ബന്ധപ്പെട്ട് നാലുപേരെ കൂടി വനംവകുപ്പ് അറസ്റ്റ് ചെയ്തു. നൂല്‍പ്പുഴയില്‍ അറസ്റ്റിലായ നായാട്ടുസംഘത്തിലെ പ്രതിയായ സംജാദ് എന്ന സഞ്ജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പുത്തന്‍കുന്ന് നൊച്ചംവയല്‍ കോളനിയിലെ വൈശാഖ്(22), രഖില്‍(22), ശ്രീജിത്ത്(23), നടവയല്‍ വീട്ടിപ്പുര കണ്ണന്(23) എന്നിവരാണ് അറസ്റ്റിലായത്. വന്യമൃഗങ്ങളെ വേട്ടയാടിയതില്‍ ഇവര്‍ക്കും പങ്കുണ്ടെന്ന സഞ്ജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
നൂല്‍പ്പുഴ ചെട്ട്യാലത്തൂര്‍ ഗ്രാമത്തിനടുത്തു നിന്നു കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ഏഴു പേരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. പിന്നീട് ഒരാളെക്കൂടി അറസ്റ്റ് ചെയ്തു.
മൃഗവേട്ടയുമായി ബന്ധപ്പെട്ട് ഇതുവരെ 12 പേരാണ് പിടിയിലായത്. നിലമ്പൂരില്‍ വെടിയുണ്ടയും മറ്റും വില്‍ക്കുന്ന സ്ഥാപനത്തിന്റെ ഉടമയേയും വനംവകുപ്പ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. പിടിയിലായവര്‍ സ്ഥിരമായി റിസോര്‍ട്ടുകളില്‍ വെടിയിറച്ചി എത്തിച്ചു നല്‍കുന്നവരാണെന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇവര്‍ക്ക് കുപ്പാടിയിലെ ആനയെ കൊന്നതുമായി ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണ്. അതേസമയം സഞ്ജുവിന് ആനക്കൊലയില്‍ വ്യക്തമായ പങ്കുണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."