പുതിയ വോട്ടര്‍മാരില്‍ ആയിരങ്ങള്‍ പേരുചേര്‍ക്കാന്‍ ബാക്കി
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാനുള്ള സമയ പരിധി നാളെ അവസാനിക്കാനിരിക്കെ തദ്ദേശ വോട്ടര്‍ പട്ടികയിലെ പുതിയ വോട്ടര്‍മാരില്‍ ആയിരങ്ങള്‍ പേരുചേര്‍ക്കാന്‍ ഇനിയും ബാക്കി. തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയിലെ പുതിയ വോട്ടര്‍മാര്‍ക്കു നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യണമെങ്കില്‍ പുതിയ പട്ടികയില്‍ വീണ്ടും പേരുചേര്‍ക്കണം. എന്നാല്‍, ഇതിനുള്ള സമയ പരിധി ഈ മാസം 31ന് അവസാനിക്കുമെന്നിരിക്കെ ആയിരങ്ങളാണ് പേരുചേര്‍ക്കാന്‍ ബാക്കിയുള്ളത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്നു ലക്ഷത്തിലേറെ പേരാണ് പുതിയ വോട്ടര്‍മാരായുള്ളത്. ഇവര്‍ക്കു പേരുചേര്‍ക്കാനുള്ള അവസരം, 2021 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നവര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം, വോട്ടര്‍പട്ടികയിലെ തെറ്റ് തിരുത്തല്‍, പുതിയ താമസസ്ഥലത്തേക്ക് പേര് ചേര്‍ക്കല്‍ തുടങ്ങിയവയ്ക്കാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കഴിഞ്ഞ മാസം 16 മുതല്‍ ഈ മാസം 31 വരെ അവസരം നല്‍കിയത്. എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പും വന്നതോടെ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ കഴിയാതെവരികയായിരുന്നു. വോട്ടര്‍ ഐ.ഡി കാര്‍ഡ് ഉണ്ടായാലും തദ്ദേശ തെരഞ്ഞെടുപ്പിലെ കന്നിവോട്ടര്‍മാര്‍ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമെങ്കില്‍ പുതിയ അപേക്ഷ നല്‍കണം.
തദ്ദേശ വോട്ടര്‍പട്ടികയില്‍ പുതിയ വോട്ട് ചേര്‍ക്കാന്‍ പാര്‍ട്ടികളും വ്യക്തികളും സജീവമായിരുന്നെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയില്‍ തണുപ്പന്‍ പ്രതികരണമാണ്. പുതിയ വോട്ടര്‍മാര്‍ക്കും ഇക്കാര്യത്തില്‍ അവഗാഹമില്ലാത്തതാണ് പേര് ചേര്‍ക്കാന്‍ വോട്ടര്‍മാര്‍ കുറയുന്നതെന്നു റവന്യൂ ഉദ്യോഗസ്ഥരും പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയുടെ ചുമതല റവന്യൂ വകുപ്പിനാണ്. പുതിയ വോട്ടര്‍മാര്‍മാരുടെ അപേക്ഷകളിലെ ഹിയറിങ് ബ്ലോക്ക് ലെവല്‍ ഓഫിസര്‍മാര്‍ (ബി.എല്‍.ഒ) മാരാണ് പരിശോധിക്കുന്നത്. എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയുടെ ചുമതല പൂര്‍ണമായും ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്കായിരുന്നു. നിയമസഭാ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടാല്‍ തദ്ദേശ വോട്ടര്‍പട്ടികയിലും ഉള്‍പ്പെടുന്ന ഏകീകരണം വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."