സ്‌കൂള്‍ വിപണി സജീവം
കാസര്‍കോട്: സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സ്‌കൂള്‍ വിപണി സജീവമായി. ബാഗും കുടയും യൂനിഫോമുകളും ചെരിപ്പും ഷൂസും വാങ്ങാനുളളവരുടെ വന്‍തിരക്കാണ് കടകളില്‍ അനുഭവപ്പെടുന്നത്. ബാഗുള്‍പ്പെടെ വിദ്യാര്‍ഥികള്‍ക്കാവശ്യമായ സാധനങ്ങള്‍ക്കെല്ലാം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വില കൂടുതലാണ്.
കുട്ടികളെ ആകര്‍ഷിക്കുന്ന വൈവിധ്യങ്ങളായ മോഡലുകളിലുളള വസ്തുക്കളാണ് ഇത്തവണ സ്‌കൂള്‍ വിപണിയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ബാഗ്, കുട, നോട്ട് ബുക്ക്, പെന്‍സില്‍, പേന, ബോക്‌സ്, ലഞ്ച് ബോക്‌സ് തുടങ്ങിയവയിലെല്ലാം വിത്യസ്തതകളോടെയാണ് വിപണിയിലെത്തിയിട്ടുളളത്. ബോക്‌സോഫീസ് കളക്ഷനുകളില്‍ തരംഗമായ സിനിമകളായ ബാഹുബലിയും പുലിമുരുകനുമെല്ലാമാണ് ബാഗിലും കുടയിലും നിറഞ്ഞു നില്‍ക്കുന്നത്.
പതിവുപോലെ കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങളായ ബെന്‍ടെന്‍, സ്‌പൈഡര്‍മാന്‍, മിക്കിമൗസ്, ബാര്‍ബി ഡോള്‍ തുടങ്ങിയവയും ഇതൊടൊപ്പം വിപണിയില്‍ ഇടം പിടിച്ചിട്ടുണ്ട്. കമ്പനി ബാഗുകള്‍ക്കൊപ്പം വിവിധ ആകൃതിയിലും നിറങ്ങളിലുമുള്ള ചൈനീസ് ബാഗുകളും ലഭ്യമാണ്. കമ്പനി ബാഗുകള്‍ക്ക് ആയിരം രൂപ മുതല്‍ 3000 രൂപ വരെ നല്‍കണം. പുതുമയാര്‍ന്ന സ്‌കൂള്‍ ട്രോളി ബാഗുകളും ഇത്തവണ വിപണിയിലുണ്ട്. ഇവയ്ക്ക് വില കൂടുതലാണ്. ചൈനീസ് ബാഗുകള്‍ 250 രൂപ മുതല്‍ ലഭ്യമാണ്.
പ്രാദേശികമായി നിര്‍മിക്കുന്ന ബാഗുകളും വിപണിയില്‍ വില്‍പനയ്‌ക്കെത്തിയിട്ടുണ്ട്. ചില ബാഗുകള്‍ക്ക് ആറു മാസം സൗജന്യ സര്‍വിസ് വാറന്റിയും നല്‍കുന്നുണ്ട്. 150 രൂപയ്ക്ക് മുകളിലാണ് സാധാരണ കുടകളുടെ വില. പ്രധാന കമ്പനികള്‍ക്കൊപ്പം ചെറുകമ്പനികളും ചൈനീസ് ഉല്‍പന്നങ്ങളും വിപണിയിലുണ്ട്. കുട നിര്‍മാണത്തില്‍ പ്രമുഖ കമ്പനികളായ പോപ്പിയും ജോണ്‍സും ദിനേശും വിവിധ തരത്തിലുള്ള കുടകളാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രം ആലേഖനം ചെയ്ത കുടകളാണ് ചെറിയ കുട്ടികളെ കൂടുതലായും ആകര്‍ഷിക്കുന്നത്.ഷൂ, ചെരിപ്പ് വിപണിയിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
190 രൂപ മുതല്‍ മുകളിലേക്കാണു സ്‌കൂള്‍ ഷൂസിന്റെ വില. ലഞ്ച് ബോക്‌സ,് സ്‌നാക്‌സ് കൊണ്ടു പോകാനുളള കിറ്റ്, വെളളം കൊണ്ടു പോകാനുളള ബോട്ടിലുകള്‍ തുടങ്ങിയെല്ലാ ഇനങ്ങളും വൈവിധ്യങ്ങളോടെയാണ് സ്‌കൂള്‍ വിപണിയില്‍ ഇത്തവണ സ്ഥാനം പിടിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."