അമേരിക്കയ്ക്കും 30 വര്‍ഷം മുന്‍പേയുണ്ടായ രാജ്യമാണ് സഊദി; ഇരുരാജ്യങ്ങളും ശക്തമായ ബന്ധത്തിലാണ്- നിലപാട് വ്യക്തമാക്കി എം.ബി.എസ്
റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സഊദിക്കെതിരെ നടത്തിയ വിവാദ പ്രസ്താവനയടക്കാം വിവിധ വിഷയങ്ങളില്‍ സഊദി നിലപാട് വ്യക്തമാക്കി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. സഊദി അമേരിക്കന്‍ ബന്ധം, അരാംകോ ഓഹരി വില്‍പ്പന, സോഫ്റ്റ് ബാങ്ക് നിക്ഷേപം, ഊര്‍ജ്ജ വിപണി, അടുത്തിടെ നടന്ന അറസ്റ്റുകള്‍ തുടങ്ങി വിവിധ വിഷയങ്ങളിലാണ് ബ്ലൂം ബര്‍ഗിനു നല്‍കിയ അഭിമുഖത്തില്‍ കിരീടാവകാശി നിലപാടുകള്‍ വ്യക്തമാക്കിയത്.
അമേരിക്കയുടെ പിന്തുണയില്ലാതെ രണ്ടാഴ്ച പോലും സഊദിക്ക് നില നില്‍പ്പില്ലെന്ന ട്രംപിന്റെ പ്രസ്താവന ചൂണ്ടി കാണിച്ചപ്പോള്‍ അമേരിക്ക ഉണ്ടാകുന്നതിനു മുന്‍പ് തന്നെ സഊദി വന്നിട്ടുണ്ടെന്നും അമേരിക്കയെക്കാള്‍ മുപ്പത് വര്‍ഷം പഴക്കം സഊദിക്കുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
ആരെങ്കിലും അവ്യക്തമായി വല്ലതും മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം. എട്ടു വര്‍ഷക്കാലത്തെ ഒബാമ ഭരണത്തിനിടക്ക് സഊദിയും മിഡില്‍ ഈസ്റ്റും അമേരിക്കയുമായി ഉണ്ടാക്കിയ നിരവധി അജണ്ടകളില്‍ അമേരിക്ക പലപ്പോഴും പ്രതികൂല നിലപാടുകള്‍ എടുത്തിരുന്നു. എന്നാല്‍ അവസാനം ഇക്കാര്യങ്ങളിലെല്ലാം അമേരിക്കയും ഒബാമയും പരാജയപ്പെടുകയും സഊദി വിജയിക്കുകയുമാണ് ഉണ്ടായത്. സഊദിയുടെ താല്‍പര്യങ്ങളെ സംരക്ഷിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ഈജിപ്തിന്റെ കാര്യം ചൂണ്ടിക്കാണിച്ചു കൊണ്ട് എം.ബി.എസ് പറഞ്ഞു.
ട്രംപ് നടത്തിയ പരാമര്‍ശം വീണ്ടും ചൂണ്ടിക്കാണിച്ചപ്പോള്‍ 'സുഹൃത്തുക്കള്‍ നല്ലതും മോശവും പറഞ്ഞെന്നിരിക്കും. നൂറു ശതമാനവും നല്ലത് തന്നെ പറയണമെന്നില്ല. കുടുംബങ്ങളില്‍ പോലും ഇങ്ങനെതന്നയാണ്. നല്ലത് സ്വീകരിക്കും അസ്വീകാര്യമായത് തള്ളും. മൊത്തത്തില്‍ അവലോകനം ചെയ്യുമ്പോള്‍ 99 ശതമാനം അംഗീകരിക്കാന്‍ പറ്റുന്നതും ഒരു ശതമാനം മാത്രമാണ് എതിര് കണ്ടതും'- കിരീടാവകാശി വ്യക്തമാക്കി.
കാനഡ, ജര്‍മനി രാജ്യങ്ങളുമായി സഊദിയെടുത്ത നിലപാടുകള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍, കാനഡ സഊദിക്കെതിരെ തിരിയുകയായിരുന്നു. യു.എന്‍ നിലപാടിനെതിരെ മറ്റൊരു രാജ്യത്തെ ആഭ്യന്തര കാര്യങ്ങളില്‍ കാനഡ ഇടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ട്രംപ് അമേരിക്കയുടെ ഉള്ളിലുള്ള സ്വന്തം ജനങ്ങള്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. ഞങ്ങള്‍ ആയുധങ്ങളും മറ്റും അമേരിക്കയില്‍ നിന്നു വാങ്ങുന്നത് പണം നല്‍കിയാണ്.
രണ്ടുവര്‍ഷം മുന്‍പ് ഞങ്ങളുടെ ആയുധങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് മാറ്റാനുള്ള പദ്ധതി വരെ ഉണ്ടായിരുന്നു. എന്നാല്‍ ട്രംപ് അധികാരത്തിലേറിയ ശേഷം തീരുമാനം മാറ്റുകയും അടുത്ത പത്തു വര്‍ഷത്തേക്കുള്ള കരാറുകളില്‍ 60 ശതമാനവും അമേരിക്കയുമായി നടത്താന്‍ സഊദി തീരുമാനിക്കുകയുമായിരുന്നു. അതുകൊണ്ട് തന്നെയാണ് 400 ബില്യണ്‍ ഡോളര്‍ ഇടപാടുകള്‍ അമേരിക്കയുമായി നടത്തിയത്. ഇരു രാജ്യങ്ങളുടെയും പുരോഗതിയാണ് ഇതിലൂടെ ഉണ്ടാവുക- അദ്ദേഹം വ്യക്തമാക്കി.
എണ്ണവില കുറക്കാന്‍ ട്രംപ് ആവശ്യപ്പെട്ടത് ചൂണ്ടിക്കാണിച്ചപ്പോള്‍ ഇക്കാര്യത്തില്‍ സഊദി ഇതുവരെ സ്വന്തമായി ഒരു നിലപാട് എടുത്തിട്ടില്ലെന്നും എണ്ണവില മാര്‍ക്കറ്റിനനുസരിച്ചാണ് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. മധ്യേഷ്യയില്‍ ഹിസ്ബുല്ല തീവ്രവാദ ഗ്രൂപ്പ് ആവശ്യമില്ല. ഇതിനെതിരെ ചുവപ്പ് അതിര്‍ത്തി സഊദിക്ക് മാത്രമല്ല, ലോകത്തിനു തന്നെ അത്യാവശ്യമാണ്.
യമന്‍ യുദ്ധം ഉടന്‍ അവസാനിക്കും. ഞങ്ങളുടെ അതിര്‍ത്തിയില്‍ യുദ്ധം ആഗ്രഹിക്കുന്നല്ല. യുദ്ധങ്ങളില്‍ അബദ്ധങ്ങള്‍ സംഭവിക്കല്‍ സാധാരണമാണ്. വേദനാജനകമായ സംഭവനങ്ങള്‍ വരെ ഉണ്ടായേക്കാം. ഇതിനെല്ലാം ഉടന്‍ തന്നെ പരിഹാരം കാണാന്‍ ശ്രമിക്കുന്നുണ്ട്- മനിലെ ചില സംഭവങ്ങളെ ചൂണ്ടിക്കാണിച്ചപ്പോള്‍ കിരീടാവകാശി പ്രതികരിച്ചു. തലസ്ഥാന നഗരിയായ റിയാദിലെ രാജ കൊട്ടാരത്തില്‍ വച്ച് ബുധനാഴ്ച നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം വെള്ളിയാഴ്ച്ചയാണ് പുറത്തുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."