കാറിന്റെ മുന്‍ സീറ്റുകളില്‍ എയര്‍ബാഗ് നിര്‍ബന്ധമാക്കുന്നു
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം മുതല്‍ കാറുകളില്‍ മുന്‍ സീറ്റുകളില്‍ എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. പുതിയ മോഡലുകളില്‍ 2021 ഏപ്രില്‍ ഒന്നു മുതലും നിലവിലുള്ള മോഡലുകളില്‍ 2021 ജൂണ്‍ ഒന്നു മുതലുമാണ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുക.
ഡ്രൈവിങ് സീറ്റിനു മുന്‍പിലും മറുവശത്തെ സീറ്റിനു മുന്‍പിലും എയര്‍ബാഗ് ഘടിപ്പിച്ചിരിക്കണം. ഇതുസംബന്ധിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ചട്ടം സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പൊതുജനങ്ങള്‍ക്ക് ഈ മാസം 28 മുതല്‍ 30 ദിവസത്തേക്ക് അറിയിക്കാം.
ഇന്ത്യയിലെ ചെറുകിട കാറുകള്‍ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് ഇറങ്ങുന്നതെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുന്നത്. 2019 ജൂലൈ മുതല്‍ നിലവില്‍ വന്ന ചട്ടപ്രകാരം ഡ്രൈവര്‍ സീറ്റില്‍ എയര്‍ബാഗ് നിര്‍ബന്ധമാണ്. എന്നാല്‍, മുന്‍വശത്തിരിക്കുന്ന എല്ലാവര്‍ക്കും എയര്‍ബാഗ് വേണമെന്ന വിദഗ്ധ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇതു നിര്‍ബന്ധമാക്കുന്നതെന്നു കേന്ദ്ര ഗതാഗത മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."