പ്രീതി പട്ടേല്‍ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയായത് ഇന്ത്യക്ക് ഗുണം ചെയ്യും
ലണ്ടന്‍: പുതിയ ബ്രിട്ടീഷ് മന്ത്രിസഭയില്‍ ആഭ്യന്തര സെക്രട്ടറിയായി ഇന്ത്യന്‍ വംശജയായ പ്രീതി പട്ടേല്‍ ചുമതലയേറ്റതോടെ ഇന്ത്യ-ബ്രിട്ടന് ബന്ധം കൂടുതല്‍ ദൃഢമാവുമെന്ന് വിലയിരുത്തപ്പെടുന്നു. ഈ പദവിയില്‍ ഒരു ഇന്ത്യന്‍ വംശജ എത്തുന്നത് ആദ്യമായാണ്. ഗുജറാത്തില്‍ വേരുകളുള്ള ഉഗാണ്ടക്കാരാണ് പ്രീതിയുടെ മാതാപിതാക്കള്‍. യു.കെയിലെ ഇന്ത്യന്‍ പ്രവാസി വേദികളില്‍ സ്ഥിരം സാന്നിധ്യമായ അവര്‍ യു.കെയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഏറ്റവും നന്നായി പിന്തുണയ്ക്കുന്ന ആളുമാണ്.
ബോറിസ് ജോണ്‍സണിനൊപ്പം തെരേസ മേയുടെ ബ്രക്സിറ്റ് തന്ത്രത്തെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചയാളായിരുന്നു പ്രീതി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃത്വത്തിലേക്കുള്ള'ബാക്ക് ബോറിസ്' പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചവരില്‍ പ്രധാനിയായിരുന്നു അവര്‍.
ഇന്ത്യയോടെന്ന പോലെ ഇസ്റാഈലിനോടും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന വനിതയാണ് പ്രീതി. സ്വകാര്യ സന്ദര്‍ശനത്തിനിടെ ഇസ്റാഈല്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പേരിലായിരുന്നു തെരേസ മേ മന്ത്രിസഭയില്‍ നിന്ന് പ്രീതിക്ക് രാജിവയ്ക്കേണ്ടിവന്നത്. പുതിയ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ഇന്ത്യയുമായി മികച്ച ബന്ധമുള്ളയാളാണ്.
ആധുനിക ബ്രിട്ടനെയും ആധുനിക കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെയുമാണ് മന്ത്രിസഭ പ്രതിനിധീകരിക്കേണ്ടത് എന്നാണ് പുതിയ നിയമനം പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പ്രീതി പറഞ്ഞത്. യൂറോപ്യന്‍ യൂനിയനില്‍നിന്ന് ബ്രിട്ടണ് പുറത്തുപോകുന്നതിനെ അനുകൂലിച്ച് 2016 ജൂണില്‍ നടന്ന റഫറണ്ടത്തിന് മുന്നോടിയായി അതിനുവേണ്ടി സുദീര്‍ഘകാലമായി പ്രചാരണം നടത്തിയയാളാണ് പ്രീതി.
47കാരിയായ അവര്‍ 2010ല്‍ എസെക്സിലെ വിഥാമില്നിന്ന് കണ്‍സര്‍വേറ്റീവ് എം.പിയായി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് ഡേവിഡ് കാമറൂണ്‍ സര്‍ക്കാരിലെ ഇന്ത്യന്‍ വംശജയെന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 2014ല്‍ ട്രഷറി മന്ത്രിയും 2015ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം തൊഴില്‍മന്ത്രിയുമായി. 2016ല്‍ അന്താരാഷ്ട്ര വികസന വകുപ്പിലെ സ്റ്റേറ്റ് സെക്രട്ടറിയായി മേ സ്ഥാനക്കയറ്റം നല്കി. എന്നാല്‍, ഇസ്റാഈല്‍ പ്രതിനിധികളുമായുള്ള വിവാദ കൂടിക്കാഴ്ചയുടെ പേരില്‍ ബ്രിട്ടീഷ് മാധ്യമങ്ങളുടെ കളിയാക്കലിന് ഇരയായി 2017ല്‍ രാജിവയ്ക്കേണ്ടിവന്നു.
ഇന്ത്യ പോലുള്ള ഞങ്ങളുടെ സുഹൃദ് രാജ്യങ്ങളുമായും സഖ്യകക്ഷികളുമായും ബന്ധം പുനഃസ്ഥാപിച്ചുകൊണ്ട് ഒരു സ്വയംഭരണ രാഷ്ട്രമായി മുന്നോട്ട് പോകാനും വളരാനും ആവശ്യമായ ഒരു റോഡ് മാപ്പ് തയാറാക്കി രാജ്യത്തിന്റെ ഭാവിക്കായി പ്രവര്‍ത്തിക്കുമെന്നാണ് ജോണ്സണ് തകര്‍പ്പന്‍ ജയം നേടിയ ശേഷം പ്രീതി പി.ടി.ഐയോട് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."