ആഭ്യന്തര വിമാന സര്‍വിസ് യാത്രക്കാരുടെ ഹാന്‍ഡ് ബാഗ് പരിശോധന ഒഴിവാക്കുന്നു
ന്യൂഡല്‍ഹി: ആഭ്യന്തര വിമാന സര്‍വീസുകളില്‍ യാത്രക്കാരുടെ ഹാന്‍ഡ് ബാഗ് പരിശോധന ഒഴിവാക്കുന്നത് വ്യാപിപ്പിക്കുന്നു. ചെന്നൈ, ജെയ്പൂര്‍, ലഖ്നൗ, പട്ന, തിരുവനന്തപുരം, ഗുവാഹത്തി തുടങ്ങിയ വിമാനത്താവളങ്ങളിലാണ് ഇപ്പോള്‍ ഹാന്‍ഡ് ബാഗുകള്‍ക്ക് സുരക്ഷാ പരിശോധന ഒഴിവാക്കുന്നത്. നേരത്തെ ഏപ്രില്‍ ഒന്നുമുതല്‍ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, കൊച്ചി എന്നീ വിമാനത്താവളങ്ങളിലാണ് ഹാന്‍ഡ് ബാഗ് പരിശോധന ഒഴിവാക്കിയിരുന്നത്.
ജൂണ്‍ ഒന്നുമുതല്‍ ആറ് വിമാനത്താവളങ്ങളിലേക്കുകൂടി ഹാന്‍ഡ് ബാഗുകള്‍ പരിശോധന ഒഴിവാക്കുകയാണെന്ന് സി.ഐ.എസ്.എഫ് അറിയിച്ചു. ഒരാഴ്ചയിലധികം നീണ്ടു നിന്ന പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ഒടുവിലാണ് കൂടുതല്‍ വിമാനത്താവളങ്ങളിലേക്കുകൂടി തീരുമാനം വ്യാപിപ്പിക്കാന്‍ തീരുമാനമെടുത്തതെന്ന് സി.ഐ.എസ്.എഫ് ഡയരക്ടര്‍ ജനറല്‍ ഒ.പി സിങ് പറഞ്ഞു. വാരണാസി, ഗോവ, വിശാഖപട്ടണം, ഭുവനേശ്വര്‍, പൂനെ എന്നീ അഞ്ചു വിമാനത്താവളങ്ങളില്‍ നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഇത്തരമൊരു തീരുമാനമെടുത്തത്. എന്നാല്‍ ആഭ്യന്തര വിമാന സര്‍വീസ് യാത്രക്കാര്‍ക്ക് മാത്രമായിരിക്കും ഇത് ബാധകമാകുകയെന്ന് സി.ഐ.എസ്.എഫ് വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."