സ്‌കൂള്‍ പാചകത്തൊഴിലാളികളുടെ വേതനം ഇനി ബാങ്ക് വഴി
കോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ക്കുള്ള വേതനം ഇനി ബാങ്ക് അക്കൗണ്ടില്‍ ലഭിക്കും. കാലാങ്ങളായി പാചകത്തൊഴിലാളികള്‍ ഉയര്‍ത്തുന്ന പരാതികള്‍ക്ക് ഇതോടെ പരിഹാരമാകും. പുതിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ മൊത്തം 14,554 തൊഴിലാളികള്‍ക്കും വേതനം ബാങ്ക് വഴി ലഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തികരിച്ചുവരികയാണ്. പുതിയ പരിഷ്‌കാരത്തില്‍ ഓണം അലവന്‍സ് ഉള്‍പ്പെടെ ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളവും നല്‍കും. ട്രഷറി വഴി ലഭിക്കുന്ന ശമ്പളം ഇ-ട്രാന്‍സ്ഫര്‍ വഴിയായിരിക്കും ലഭ്യമാവുക. നാലു മാസത്തേക്കായി 46 കോടി രൂപ സ്‌കൂള്‍ പാചകത്തൊഴിലാളികളുടെ ശമ്പളത്തിനായി നീക്കിവച്ചിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സുപ്രഭാതത്തോട് പറഞ്ഞു. പുതിയ പരിഷ്‌കാരം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ അധ്യായന വര്‍ഷം മുതലുള്ള വേതനം വൈകുന്നത്. രണ്ടു ദിവസത്തിനകം ട്രഷറികളില്‍ ശമ്പളം എത്തിക്കുന്നതിനു നടപടികള്‍ പൂര്‍ത്തിയായതായും അധികൃതര്‍ അറിയിച്ചു. നിലവില്‍ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ വഴിയാണ് ശമ്പളം ലഭിച്ചിരുന്നത്. ഇങ്ങനെ ലഭിക്കുന്ന ശമ്പളത്തില്‍ വെട്ടിക്കുറയ്ക്കലുകള്‍ പതിവാണെന്നും വിവിധ ആവശ്യങ്ങള്‍ പറഞ്ഞു നിശ്ചിത സംഖ്യ ശമ്പളത്തില്‍ നിന്ന് പിടിക്കാറുണ്ടെന്നും പചാകത്തൊഴിലാളി സംഘടനകള്‍ പരാതിപ്പെട്ടതിന്റെ ഭാഗമായാണ് വേതനം ബാങ്ക് അക്കൗണ്ട് വഴിയാക്കിയത്.
500 കുട്ടികള്‍ക്ക് ഒരു തൊഴിലാളിയും 500നു മുകളില്‍ രണ്ടുപേരുമാണ് കണക്ക്. ഉച്ചഭക്ഷണത്തിന് പുറമെ കഞ്ഞി, പാല്‍, മുട്ട എന്നിവയും നല്‍കുന്ന സ്‌കൂളുകള്‍ ഉണ്ടെന്നും ഇവിടങ്ങളില്‍ അധിക ജോലിയാണെന്നും തൊഴിലാളികള്‍ പറയുന്നു. ഒരു കുട്ടിക്ക് ഏഴു രൂപ കണക്കില്‍ ഒരാള്‍ക്ക് ദിവസം ലഭിക്കുന്ന വേതനം 400 രൂപയാണ്. എന്നാല്‍ 250 കുട്ടികള്‍ക്ക് ഒരാള്‍ എന്നതാണ് തൊഴിലാളി സംഘടനകളുടെ ആവശ്യമെന്നും ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ ജോലിയില്‍ ആവശ്യമായ ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നും പാചകത്തൊഴിലാളി ഫെഡറേഷന്‍ നേതാവ് വി.പി.കുഞ്ഞികൃഷ്ന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."