HOME
DETAILS

ജസ്റ്റിസ് വി. ചിദംബരേഷിന്റെ പ്രസ്താവന ചരിത്രബോധമില്ലാത്തത്

  
backup
July 25 2019 | 22:07 PM

suprabhaatham-editorial-26-07

ജാതിസംവരണം നിര്‍ത്തലാക്കി സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി. ചിദംബരേഷിന്റെ പ്രസ്താവന അപക്വവും ചരിത്രബോധമില്ലാത്തതുമാണ്. ജാതി മേല്‍ക്കോയ്മ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നവര്‍ എത്ര ഉന്നതസ്ഥാനത്തെത്തിയാലും അവര്‍ക്ക് അത് തികട്ടിവരും. 'സാമ്പത്തിക സംവരണത്തിനായി ബ്രാഹ്മണ സമുദായങ്ങള്‍ ശബ്ദമുയര്‍ത്തേണ്ട സമയമായി. പാചകക്കാരനായ ഒരു ബ്രാഹ്മണന്റെ മകന് അവസരം നിഷേധിക്കപ്പെടുമ്പോള്‍ തടിക്കച്ചവടക്കാരനായ പിന്നാക്കക്കാരന്റെ മകന് അത് ലഭിക്കുന്നുവെന്ന' തികച്ചും ബുദ്ധിശൂന്യമായ പരാമര്‍ശങ്ങളാണ് കൊച്ചിയില്‍ നടന്ന തമിഴ് ബ്രാഹ്മണരുടെ ആഗോള സമ്മേളനത്തില്‍ ജസ്റ്റിസ് പറഞ്ഞത്.
സംവരണത്തെ സാമ്പത്തിക അഭിവൃദ്ധിയായി കാണുന്ന ഇത്തരം ജഡ്ജിമാര്‍ നല്‍കുന്ന സന്ദേശമെന്താണ്. ജസ്റ്റിസ് ചിദംബരേഷന്‍ മാത്രമല്ല സുപ്രിംകോടതിയും മുമ്പൊരിക്കല്‍ സമാനമായ അഭിപ്രായം പുറപ്പെടുവിച്ചിട്ടുണ്ട്. എഴുപത് വര്‍ഷമായുള്ള സംവരണം ഒഴിവാക്കാന്‍ സമയമായില്ലേ എന്നാണ് അന്ന് സുപ്രിംകോടതി ചോദിച്ചത്. സംവരണത്തിന്റെ ചരിത്രംപോലും ഇവരാരും മനസ്സിലാക്കിയിട്ടില്ല എന്നുവേണം കരുതാന്‍.
പാചകം അത്ര മോശം ജോലിയൊന്നുമല്ല. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷനായിരുന്ന ടി.എന്‍ ശേഷന്‍ ബ്രാഹ്മണനായിരുന്നു. രാജ്യത്ത് ഒരു തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉണ്ടെന്നും അതിന് വിപുലമായ അധികാരങ്ങളുണ്ടെന്നും പൊതുസമൂഹത്തെ ബോധ്യപ്പെടുത്തിയ ധീരനായ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. വിരമിച്ചതിന് ശേഷം എന്ത് ചെയ്യാന്‍ പോകുന്നുവെന്ന പത്രപ്രതിനിധിയുടെ ചോദ്യത്തിന് സദ്യയൊരുക്കാന്‍ പോകുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സദ്യയൊരുക്കലും പാചകവും അത്ര മോശപ്പെട്ട ജോലിയല്ലെന്നര്‍ഥം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്‍.എസ്.എസിന്റെ ആസ്ഥാനത്ത് നടന്ന വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത്‌കൊണ്ട് സി.എച്ച് മുഹമ്മദ് കോയ നടത്തിയ ശ്രദ്ധേയമായ പ്രസംഗം പിന്നീട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. സാമ്പത്തിക സംവരണവാദം വിവരക്കേടാണ്. ഇതരസമുദായങ്ങളുടെ ഒരുതരി അവകാശംപോലും ഞങ്ങള്‍ക്ക് വേണ്ട. ഞങ്ങളുടെ അവകാശങ്ങളുടെ ചെറിയ അംശംപോലും ആര്‍ക്കും വിട്ടുകൊടുക്കുകയുമില്ല എന്നായിരുന്നു അദ്ദേഹം നടത്തിയ പ്രസംഗം.
സംവരണംകൊണ്ട് ഉദ്ദേശിക്കുന്നത് സാമ്പത്തികാഭിവൃദ്ധിയല്ലെന്ന് ജസ്റ്റിസ് ചിദംബരേഷിനെപ്പോലുള്ളവര്‍ ഇനിയെങ്കിലും മനസ്സിലാക്കണം. ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കംപോയ സമൂഹത്തെ മറ്റുള്ളവര്‍ക്കൊപ്പം എത്തിക്കാന്‍ ഭരണഘടന വിഭാവനം ചെയ്ത പദ്ധതിയാണ് സംവരണമെന്ന് ലളിതമായി പറയാം.
ഗാന്ധിജിയുടെ ആഹ്വാനം കേട്ട് ദേശീയ പ്രസ്ഥാനത്തിലും സ്വാതന്ത്ര്യ സമരത്തിലും പങ്കെടുത്തവര്‍ ഏറെയും സാധാരണക്കാരായിരുന്നു. തന്മൂലം അവര്‍ക്ക് വേണ്ടത്ര വിദ്യാഭ്യാസം കരഗതമാക്കാന്‍ കഴിഞ്ഞില്ല. അവരുടെ മക്കള്‍ക്കും കഴിഞ്ഞില്ല. ഗാന്ധിജിയുടെ ആഹ്വാനം കേട്ട് വിദ്യാലയങ്ങള്‍ ബഹിഷ്‌കരിച്ചവരില്‍ ഏറെയും പിന്നാക്കം നില്‍ക്കുന്നവരായിരുന്നു. ഉയര്‍ന്ന ജാതിക്കാരാകട്ടെ പത്താം ക്ലാസും ടൈപ്പും പാസായി സായിപ്പിന്റെ ഗുമസ്ഥന്‍മാരായി മാറുകയായിരുന്നു. സ്വാതന്ത്ര്യം കിട്ടിയപ്പോഴും കുഞ്ചികസ്ഥാനങ്ങളില്‍ അവരുടെ പിന്മുറക്കാരായിരുന്നു. അത്‌കൊണ്ടാണ് സംവരണത്തിന് അതിന്റെ ആവിര്‍ഭാവം മുതല്‍ ഇന്നലെവരെ ഉയര്‍ന്ന ജാതിക്കാര്‍ തുരങ്കം വെക്കാന്‍ തുടങ്ങിയത്.
സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ രാഷ്ട്രീയ ഭരണ ഔദ്യോഗിക തലങ്ങളില്‍ പിന്നാക്ക ന്യൂനപക്ഷ ദലിത് വിഭാഗങ്ങള്‍ തുലോം വിരളമായിരുന്നു. ഇതിനൊരു പരിഹാരമായിട്ടാണ് ഭരണഘടനാ ശില്‍പികള്‍ ഭരണഘടനയില്‍ സംവരണതത്വം എഴുതിച്ചേര്‍ത്തത്. രാജ്യത്തിന്റെ ഭരണപ്രക്രിയയിലും ഔദ്യോഗിക തലത്തിലും ഭൂരിപക്ഷങ്ങള്‍ക്കൊപ്പം ന്യൂനപക്ഷ ദലിത് വിഭാഗങ്ങള്‍ക്കും അവകാശമുണ്ടെന്നും മറ്റുള്ളവര്‍ക്കൊപ്പം ഈ വിഭാഗം എത്തുന്നതുവരെ സംവരണം തുടരണമെന്നുമാണ് വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്നത്. മെറിറ്റ് അടിസ്ഥാനത്തില്‍ വിജയിക്കുന്ന ഒരു പിന്നാക്കക്കാരന്റെ ജയം സംവരണത്തിലേക്ക് നീക്കി സംവരണത്തിന് അര്‍ഹതയുള്ളവന്റെ അവസരം ഇല്ലാതാക്കി സംവരണത്തെ അട്ടിമറിച്ച് കൊണ്ടിരിക്കുകയാണ് സംവരണ വിരുദ്ധ ലോബികള്‍.
സംവരണത്തിലൂടെ മാത്രമേ സംവരണ വിഭാഗങ്ങള്‍ക്ക് ജോലിയിലും വിദ്യാഭ്യാസ രംഗത്തും പ്രവേശനം കിട്ടൂ എന്ന അവസ്ഥവരെ സംജാതമായിട്ടുണ്ട്. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസില്‍ സംവരണ അട്ടിമറി നടന്നത് ഈയിടെയാണ്. അതിനെതിരേ ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് കെ.എ.എസില്‍ മൂന്ന് സ്ട്രീമിലും സംവരണം ഉറപ്പാക്കാന്‍ ഇടത് മുന്നണി സര്‍ക്കാര്‍ തീരുമാനിച്ചത്. സി.പി.എം ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ കാലംതൊട്ടെ സംവരണത്തിനെതിരാണ്. അത് ഇപ്പോഴും തുടരുന്നുമുണ്ട്. ആനിലക്ക് ജസ്റ്റിസ് ചിദംബരേഷന്റെ പ്രസ്താവനക്കെതിരേ മുഖ്യമന്ത്രി പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കവയ്യ.ഭരണഘടനയിലെ തുല്യതയുമായി ബന്ധപ്പെട്ട 15,16 വകുപ്പുകളിലെ അനുഛേദം സംവരണവുമായി ബന്ധപ്പെട്ടതാണ്. അബദ്ധജഡിലങ്ങളായ പ്രസ്താവനകള്‍ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ പ്രകടിപ്പിക്കുന്നതിന് മുമ്പ് ഭരണഘടനയില്‍ പറയുന്ന സംവരണ തത്വത്തെ മനസ്സിരുത്തി പഠിക്കേണ്ടതുണ്ട്.
സംവരണം പത്ത് വര്‍ഷത്തേക്കാണ് നിജപ്പെടുത്തിയതെന്ന് സംവരണ വിരോധികള്‍ അസ്ഥാനത്ത് അഭിപ്രായം ഉന്നയിക്കുന്നത്, നിയമ നിര്‍മാണ സഭകളിലെ ന്യൂനപക്ഷങ്ങളുടെയും മറ്റു പിന്നാക്ക വിഭാഗങ്ങളുടെയും പട്ടികജാതി വര്‍ഗ വിഭാഗങ്ങളുടെയും പ്രത്യേക പ്രാതിനിധ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളും തീരുമാനങ്ങളും തെറ്റായ രീതിയില്‍ മനസ്സിലാക്കിയത്‌കൊണ്ടാണ്. ഭരണഘടനാ നിര്‍മാണ സഭയില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങളില്‍നിന്നും പ്രധാനമായവ സമന്വയിപ്പിച്ച് കൊണ്ടാണ് ഇന്ന് കാണുന്ന സംവരണതത്വം രൂപപ്പെടുത്തിയത്. ഡോ. അംബേദ്ക്കറായിരുന്നു ഇതിന്റെ മുഖ്യശില്‍പി. ഇതിന് കാരണമായി അദ്ദേഹം പറഞ്ഞത് അവസര സമത്വത്തിനോടൊപ്പം ഇത്രയുംകാലം ഭരണത്തില്‍നിന്നും ഒഴിവാക്കപ്പെട്ട സമുദായങ്ങള്‍ക്ക് പ്രവേശനം നല്‍കുന്നതിന് സംവിധാനം വേണമെന്നായിരുന്നു. നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ജാതിവെറി ഇന്ത്യയില്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ നില്‍ക്കുന്നവരില്‍പോലും മാഞ്ഞുപോയിട്ടില്ല. മൂര്‍ച്ചകൂടിയിട്ടേയുള്ളൂ. ജസ്റ്റിസ് വി. ചിദംബരേഷനെപ്പോലുള്ളവരുടെ മനസ്സില്‍ ഇത്തരം വിചാരങ്ങളാണുള്ളതെങ്കില്‍ സംവരണത്തെക്കുറിച്ചുള്ള ഇവരുടെ വിധിന്യായങ്ങളിലും അത് പ്രതിഫലിക്കുകയില്ലേ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

Kerala
  •  2 months ago
No Image

പ്രിയങ്കയും രാഹുലും പുത്തുമലയില്‍; ഉരുള്‍പൊട്ടലില്‍ ജീവന്‍നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

Kerala
  •  2 months ago
No Image

'ഗസ്സ പഴയ സമ്പദ് വ്യവസ്ഥയിലേക്ക് തിരിച്ചെത്താന്‍ 350 വര്‍ഷമെടുക്കും' യു.എന്‍

International
  •  2 months ago
No Image

വയനാടിനായി ശബ്ദമുയര്‍ത്താന്‍ രണ്ട് പ്രതിനിധികള്‍ പാര്‍ലമെന്റിലുണ്ടാകും - രാഹുല്‍ 

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന്; മകള്‍ ആശാ ലോറന്‍സിന്റെ ഹരജി ഹൈക്കോടതി തള്ളി

Kerala
  •  2 months ago
No Image

മക്‌ഡോണാള്‍ഡ്‌സില്‍ ഭക്ഷ്യ വിഷബാധ; ഒരു മരണം, പത്തു പേര്‍ ആശുപത്രിയില്‍ 

International
  •  2 months ago
No Image

'ഇവിടെ മത്സരിക്കാന്‍ അവസരം എനിക്ക് കിട്ടിയ ആദരം, ചേര്‍ത്ത് നിര്‍ത്തണം' വയനാടിനെ കയ്യിലെടുത്ത് പ്രിയങ്ക

National
  •  2 months ago
No Image

അധോലോക നായകന്‍ ഛോട്ടാ രാജന് ജാമ്യം

National
  •  2 months ago
No Image

ആവേശം കുന്നേറി; കന്നിയങ്കത്തിനായി പ്രിയങ്കയുടെ മാസ് എന്‍ട്രി, പ്രിയമോടെ വരവേറ്റ് വയനാട് 

Kerala
  •  2 months ago
No Image

ആവേശക്കൊടുമുടിയില്‍ കല്‍പറ്റ; പ്രിയങ്കയെ കാത്ത് ജനസാഗരം 

Kerala
  •  2 months ago