വ്യക്തിയെ തീവ്രവാദിയായി പ്രഖ്യാപിക്കുന്നത് എന്തിന്?
നമുക്ക് ശക്തമായ ഭീകരവിരുദ്ധ നിയമങ്ങള്‍ ആവശ്യമുണ്ട്; എന്നിരുന്നാലും, ജനങ്ങളുടെ അവകാശങ്ങളെ ചവിട്ടിമെതിക്കുന്ന തരത്തിലുള്ള മോശമായി ചിട്ടപ്പെടുത്തിയ നിയമങ്ങള്‍ നമ്മള്‍ പ്രാബല്യത്തിലാക്കാന്‍ പാടില്ല. അതിനാല്‍ ഖേദത്തോടെ മൂന്ന് പ്രത്യേക കാരണങ്ങളുടെ പേരില്‍ ഈ ബില്ല് അവതരിപ്പിക്കുന്നതിനെ ഞാന്‍ എതിര്‍ക്കുന്നു:
1. ഒരു ഭീകരസംഘടനയെ നിരോധിക്കാനും അവയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും അവയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്പ്പിക്കാനും അവയ്ക്ക് ലഭിക്കുന്ന ധനസഹായങ്ങള്‍ അവസാനിപ്പിക്കാനും യു.എ.പി.എ സര്‍ക്കാരിനെ സഹായിക്കുന്നു. അത് ഒരു സംഘടനയ്‌ക്കെതിരേ ഉപയോഗിക്കാന്‍ വേണ്ടിയുള്ളതാണ്, ഒരു വ്യക്തിക്കെതിരേയല്ല. ഇപ്പോള്‍ ഈ ബില്ലിനു കീഴില്‍ നിങ്ങള്‍ക്ക് വ്യക്തികളെയും ഭീകരവാദികളായി പ്രഖ്യാപിക്കുകയാണ് വേണ്ടത്.
ഒരു ലോണ്‍ വോള്‍ഫ് (ഒറ്റക്കുള്ള) ഭീകരവാദിയുണ്ടെങ്കില്‍ അയാളെ അറസ്റ്റ് ചെയ്യുന്നതിന് ആവശ്യമായ അധികാരം നിങ്ങള്‍ക്കുണ്ട്. 51 എ വകുപ്പ് പ്രകാരം അവരുടെ സ്വത്തുക്കള്‍ നിങ്ങള്‍ക്ക് കണ്ടുകെട്ടാം. യു.എന്‍ രക്ഷാസമിതി ആഗോള തീവ്രവാദികളായി കണ്ടെത്തിയവരെ ഇതിനകം തന്നെ ഈ നിയമത്തിന്റെ പരിധിയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2007ലെ യു.എന്‍ ഉത്തരവ് സംയോജിപ്പിച്ചിട്ടുണ്ടെന്നതിനാല്‍, 51 എ വകുപ്പിനൊപ്പം വായിച്ചുനോക്കുക. അതിനാല്‍ എന്തിനാണ് നിങ്ങള്‍ക്ക് ഒരു വ്യക്തിയെ, അതും വിചാരണയില്ലാതെ, തീവ്രവാദിയായി പ്രഖ്യാപിക്കേണ്ടത്. ഈ നിയമമുണ്ടാക്കാന്‍ കാരണമായ ഒരു സംഘടനയുടെയും ഭാഗമല്ലാത്ത ഭീകരനെ മന്ത്രി കാണിച്ചുതരട്ടെ. ദുരുപയോഗത്തിനുള്ള സാധ്യത മാത്രമാണ് ബില്‍ തുറന്നു തരുന്നത്.
2. ഒരിക്കല്‍ ഒരു വ്യക്തി സര്‍ക്കാരിനാല്‍ ഏകപക്ഷീയമായി ഭീകരവാദിയായി പ്രഖ്യാപിക്കപ്പെട്ടാല്‍ പുനപ്പരിശോധനാ സമിതിക്കു മുമ്പാകെ സ്വന്തം നിരപരാധിത്തം തെളിയിക്കേണ്ട ബാധ്യത ആ വ്യക്തിയിലേക്ക് മാറും. ഒരു സംഘടനയെ വ്യക്തിയുമായി തുലനം ചെയ്യുന്നത് ശരിയല്ല. സംഘടനയ്ക്ക് ചുരുങ്ങിയത് പുനപ്പരിശോധനാ സമിതിയെ സമീപിക്കാനുള്ള സംഘടനാ സംവിധാനങ്ങളെങ്കിലുമുണ്ടാവും, എന്നാല്‍ വ്യക്തികളുടെ കാര്യത്തില്‍ ഇത് വളരെയധികം ബുദ്ധിമുട്ടാണ്. വ്യക്തികള്‍ക്കെതിരേ ഭീകരവാദി മുദ്ര ചുമത്തപ്പെടുകയാണെങ്കില്‍ അത് ചോദ്യം ചെയ്യാന്‍ പ്രത്യേക നടപടിക്രമങ്ങള്‍ ചിട്ടപ്പെടുത്തുന്നതില്‍ ബില്‍ പരാജയപ്പെടുകയും ചെയ്യുന്നു.
3. 2014ലെ പ്രീ ലജിസ്ലേറ്റിവ് കണ്‍സല്‍ട്ടേഷന്‍ നയം ആവശ്യപ്പെടുന്ന തരത്തില്‍ പൊതു അഭിപ്രായം തേടുന്നതില്‍ മന്ത്രി പരാജയപ്പെട്ടു. ഈ നിയമവുമായി ബന്ധപ്പെട്ട അധികാര ദുര്‍വിനിയോഗം തടയുന്നതിനുള്ള നടപടിക്രമങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഒരു ശ്രമവുമുണ്ടായിട്ടില്ല. ഇത്തരത്തിലുള്ള അധികാര ദുര്‍വിനിയോഗം ഭരണഘടനയുടെ 21ാം അനുച്ഛേദത്തിന്റെ നേരിട്ടുള്ള ലംഘനമാണ്. വിയോജിപ്പുകളെ ലക്ഷ്യംവച്ചുള്ള ഇതിന്റെ ദുരുപയോഗത്തിന് ഇതിനകം ഞങ്ങള്‍ സാക്ഷികളായതാണ്.
1967 നവംബര്‍ 18ന് യു.എ.പി.എ കരട് രൂപീകരിക്കുമ്പോള്‍ അതില്‍ വിയോജനക്കുറിപ്പ് നല്‍കിയത് നിങ്ങളുടെ സ്ഥാപക നേതാവായ മുന്‍ പ്രധാനമന്ത്രി വാജ്‌പേയ് ആണെന്ന് ബി.ജെ.പിയെ ഞാന്‍ ഓര്‍മിപ്പിക്കുകയാണ്. അവിടെ അദ്ദേഹം പറഞ്ഞു: 'ദേശവിരുദ്ധ പ്രവര്‍ത്തനം എന്നതിന് വലിച്ചു നീട്ടാവുന്ന നിര്‍വചനം നല്‍കുന്നതിലൂടെ സര്‍ക്കാരിന് അംഗീകരിക്കാനാവാത്ത എല്ലാ പ്രവൃത്തികളെയും അതിന്റെ പരിധിയില്‍ പെടുത്താവുന്ന ഈ ബില്ലിനോട് ഞങ്ങള്‍ക്ക് യോജിക്കാനാവില്ല.'
നമുക്ക് ചുരുങ്ങയത് വാജ്‌പേയിയുടെ വാക്കുകളെങ്കിലും ശ്രദ്ധിക്കാം, എന്നിട്ട് ദുരുപയോഗം തടയുന്നതിനായി യു.എ.പി.എ പുനപ്പരിശോധിക്കാം. മന്ത്രിയോട് ഈ ബില്‍ പിന്‍വലിക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു, വലിയ രീതിയിലുള്ള പൊതു അഭിപ്രായം തേടിയ ശേഷം കേസ് നടത്തിപ്പിനുള്ള പര്യാപ്തമായ വകുപ്പുകള്‍ സംയോജിപ്പിക്കണമെന്നും അഭ്യര്‍ഥിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."