ശബരിമലയെ മറ്റൊരു അയോധ്യയാക്കി മാറ്റാനുള്ള നീക്കം അനുവദിക്കില്ല: മുല്ലപ്പള്ളി
കോഴിക്കോട്: സംഘര്‍ഷത്തിലൂടെ ശബരിമലയെ മറ്റൊരു അയോധ്യയാക്കാനുള്ള കുത്സിത ശക്തികളുടെ ശ്രമം അനുവദിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വിഷയത്തില്‍ കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണ്. ശബരിമല വിഷയം പ്രശ്‌നവല്‍ക്കരിച്ചാല്‍ സ്ഥാപിത താത്പര്യക്കാര്‍ക്കാണ് ഗുണമുണ്ടാവുക. കഴുകന്‍ കണ്ണോടെ അവര്‍ കാത്തിരിക്കയാണ്. വിഷയം കൂടുതല്‍ വിവാദമാക്കരുതെന്ന് പറയാന്‍ കാരണം ഇതാണെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. കെ.പി.സി.സി പ്രസിഡന്റായ ശേഷം ആദ്യമായി സ്വന്തം ജില്ലയില്‍എത്തിയ മുല്ലപ്പള്ളി കാലിക്കറ്റ് പ്രസ്സ് ക്ലബ്ബില്‍ നടന്ന മീറ്റ് ദ പ്രസ്സില്‍ സംസാരിക്കുകയായിരുന്നു.
കോടതി വിധികളെ എന്നും ബഹുമാനിച്ച ചരിത്രമാണ് തങ്ങള്‍ക്കുള്ളത്. അതേസമയം സ്ത്രീകള്‍ ഉള്‍പ്പെടെ വിശ്വാസികള്‍ തെരുവിലിറങ്ങുകയും അഭിപ്രായ സമന്വയം ഉണ്ടാക്കാന്‍ സാധിക്കാതെ വരികയും ചെയ്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കണം. കോണ്‍ഗ്രസ് കക്ഷി ചേരുമോ എന്ന കാര്യം അപ്പോള്‍ തീരുമാനിക്കും. വിശ്വാസികളുടെ വികാരം മുതലെടുക്കാനാണ് വര്‍ഗീയ ശക്തികളുടെ ശ്രമം. എല്ലാ അര്‍ത്ഥത്തിലും മതേതരത്വം കാത്ത് സൂക്ഷിക്കുന്ന ക്ഷേത്രമാണ് ശബരിമല. കോടതി വിധി സംബന്ധിച്ച് അഭിപ്രായ ഐക്യം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടിയിരുന്നത്. ശബരിമല വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
പ്രളയത്തിന്റെ മറവില്‍ ഡിസ്റ്റലറി, ബ്രൂവറികള്‍ അനുവദിച്ചതില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. കോടികളുടെ അഴിമതിയാണ് ഇതിലൂടെ നടത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ മന്ത്രി തയ്യാറാകുന്നില്ല. മുഖ്യമന്ത്രി കണ്ണുരുട്ടിയപ്പോള്‍ ഫയലില്‍ കണ്ണടച്ച് ഒപ്പിട്ട എക്‌സൈസ് മന്ത്രി അഴിമതിയില്‍ കൂട്ടുപ്രതിയാണ്. പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് സമാഹരണം സുതാര്യമായിരിക്കണം. അതിന് പ്രത്യേക അക്കൗണ്ട് വേണമെന്ന് ആവശ്യപ്പെട്ടിട്ടും സജ്ജമാക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.
ഡാമുകള്‍ കൂട്ടത്തോടെ മുന്നറിയിപ്പില്ലാതെ തുറന്നുവിട്ട പ്രളയ കാരണത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ഡാമുകളുടെ ഷട്ടറുകള്‍ തുറന്നതും മദ്യഷാപ്പുകളുടെ ഷട്ടറുകള്‍ തുറന്നതും ഒഴിച്ചാല്‍ രണ്ടര വര്‍ഷത്തിനിടെ പിണറായി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. കണ്ണൂര്‍ വിമാനത്താവളം ഉള്‍പ്പെടെ യു ഡി എഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച വികസന പ്രവൃത്തികളുടെ പൂര്‍ത്തീകരണമാണ് പിണറായി നടപ്പാക്കുന്നത്. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് നിര്‍ണ്ണായകമാണ്.
മതേതര ശക്തികള്‍ ഭരണത്തില്‍ വരേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. കേരളീയ സമൂഹം തങ്ങളുടെ കൂടെ നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മോദിയെ പുറത്താക്കണമെന്നാണ് എല്ലാ മേഖലകളിലെയും ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് നേരിട്ടതില്‍ യു ഡി എഫിന് വീഴ്ച്ച സംഭവിച്ചിട്ടുണ്ട്. ജനകീയ മുഖമുള്ള മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി. എന്നിട്ടും ഭരണം നിലനിര്‍ത്താന്‍ സാധിച്ചില്ല. ഈ മാസം എട്ടിന് റഫാല്‍ അഴിമതിക്കെതിരെ രാജ്ഭവന് മുന്നില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തും. ബൊഫോഴ്‌സ്, റ്റു ജി സ്‌പെക്ട്രം ഇടപാടുകള്‍ സംബന്ധിച്ച് നടത്തിയതു പോലെ റഫാല്‍ അഴിമതിയില്‍ സംയുക്ത പാര്‍ലിമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം നല്‍കും.
ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ്, മുന്‍ മന്ത്രി അഡ്വ. പി ശങ്കരന്‍, പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് കെ പ്രേംനാഥ്, സെക്രട്ടറി വി വിപുല്‍നാഥ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."