പോട്ടയെക്കാളും ടാഡയെക്കാളും ഭീകരന്‍
യു.എ.പി.എ നടപ്പാക്കിയ ശേഷമുള്ള അനുഭവങ്ങള്‍ പരിശോധിച്ചു നോക്കൂ, ഈ നിയമത്തെ നിര്‍ദയം ദുരുപയോഗിച്ചതായി ബോധ്യമാകും. മറ്റു പലരും എനിക്ക് മുമ്പ് തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയതാണ്. ഈ ബില്‍ പിന്‍വലിച്ച ടാഡയെക്കാളും പോട്ടയെക്കാളും അപകടം പിടിച്ചതാണെന്ന് ബില്ലിനെ സൂക്ഷ്മമായി പരിശോധിച്ചാല്‍ ബോധ്യമാവും. നിര്‍ദയമായ അധികാരമുപയോഗിക്കുന്ന ഫാസിസ്റ്റ്, ഏകാധിപത്യ സ്വഭാവമുള്ള സര്‍ക്കാരിനാണ് ഈ അധികാരമെല്ലാം ലഭിക്കുന്നതെന്നത് ഇതിനെക്കാള്‍ അപകടകരമാണ്.
ബില്ലിലെ വ്യവസ്ഥകള്‍ നോക്കൂ. നിലവില്‍ ഒരു സംഘടനയെ ഭീകരസംഘടനയായി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. അതോടൊപ്പം ഒരു വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കാന്‍ ബില്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നു. എന്‍.ഐ.എ ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിക്കുന്നതെങ്കില്‍ കുറ്റാരോപിതരുടെ സ്വത്ത് കണ്ടുകെട്ടാന്‍ എന്‍.ഐ.എ ഡയരക്ടറുടെ അനുമതി ഉണ്ടായാല്‍ മാത്രം മതി. നേരത്തെ അത് അതത് സംസ്ഥാനത്തെ ഡി.ജി.പിയുടെ മുന്‍കൂട്ടിയുള്ള അനുവാദം വേണമായിരുന്നു.
അതത് സംസ്ഥാനത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ എന്‍.ഐ.എക്ക് ഇഷ്ടം പോലെ ഏതു സംസ്ഥാനത്തും കടന്നുകയറാന്‍ അധികാരം നല്‍കുകയാണ് പുതിയ നിയമം. ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കും കേസ് അന്വേഷിക്കാന്‍ ബില്‍ അനുമതി നല്‍കുന്നു.
ഇത് രാജ്യത്തെ ഫെഡറല്‍ സംവിധാനത്തിന്റെ അടിസ്ഥാന പ്രമാണങ്ങളുടെ ലംഘനം കൂടിയാണ്. ഭീകര സംഘടനകളുടെ പട്ടികയില്‍ സംഘടനകളെയും വ്യക്തികളെയും ചേര്‍ക്കാനും വെട്ടാനും സര്‍ക്കാരിന് അധികാരം വരികയാണ്. ഇങ്ങനെ നിയമം വരുമ്പോള്‍ നീതിന്യായ ലംഘനവും ഭരണഘനാ വിരുദ്ധ നീക്കങ്ങളും നടത്താന്‍ സര്‍ക്കാരിനും അന്വേഷണ ഏജന്‍സികള്‍ക്കും സാധ്യമാകും.
ഒളിച്ചുവയ്ക്കപ്പെട്ട ഒട്ടനവധി അപകടങ്ങള്‍ യു.എ.പി.എയില്‍ ഉണ്ട്. തങ്ങള്‍ക്ക് താല്‍പര്യമില്ലാത്ത ഏതൊരു സംഘടനയേയും അത് യാതൊരു വിധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ലെങ്കില്‍ കൂടി നിരോധിക്കാന്‍ ഇത് വഴിയൊരുക്കും.
പ്രത്യയ ശാസ്ത്രപരമായ എതിര്‍പ്പുകൊണ്ട് ഒരു സംഘടനയെയോ വ്യക്തിയെയോ വേണമെങ്കില്‍ ഉപദ്രവിക്കാനും ഈ നിയമം നിമിത്തമായിത്തീരും. ഗവണ്‍മെന്റിന് ഇഷ്ടമില്ലാത്ത ഒരു സാഹിത്യമോ ലഖുലേഖയോ കണ്ടെത്തിയാലും അവരെ ഭീകര പ്രവര്‍ത്തനത്തിന് പ്രേരണ നല്‍കിയവരായി മുദ്രകുത്തി തുറുങ്കിലടയ്ക്കുന്നതും ഗവണ്‍മെന്റിനും അന്വേഷണ ഏജന്‍സികള്‍ക്കും എളുപ്പമായിത്തീരും.
മതേതര ജനാധിപത്യ സംവിധാനത്തില്‍ വിയോജിക്കാനും എതിര്‍ക്കാനും അഭിപ്രായ പ്രകടനങ്ങള്‍ നടത്താനുമുള്ള സ്വാതന്ത്ര്യത്തേയും പത്രസ്വാതന്ത്ര്യത്തെ തന്നെയും ഹനിക്കുവാനും ഇത് ഇടയാക്കും. അന്തിമമായി ഈ ബില്‍ നിയമമില്ലാത്ത നിയമമായി മാറാന്‍ പോകുകയാണ് . അതുകൊണ്ടാണ് ഈ നിയമത്തെ ഞങ്ങള്‍ ശക്തിയുക്തം എതിര്‍ക്കുന്നത്.
(യു.എ.പി.എ ഭേദഗതി ബില്ലില്‍ ലോക്‌സഭയില്‍ ഇരുവരും നടത്തിയ പ്രസംഗം)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."