സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം: ലഘു ചിത്രീകരണം അപൂര്‍ണം; ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ വിമര്‍ശം
കോഴിക്കോട്: സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ സംസ്ഥാനതല പ്രഖ്യാപന ചടങ്ങില്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ വിമര്‍ശം.
ചടങ്ങില്‍ പ്രദര്‍ശിപ്പിക്കാനായി തയാറാക്കിയ സമ്പൂര്‍ണ വൈദ്യുതീകരണത്തെ കുറിച്ചുള്ള ലഘു ചിത്രീകരണം അപൂര്‍ണമാണെന്നും ഇതു തയാറാക്കിയവര്‍ അതിനെ കുറിച്ചു അറിയാത്തവരാണെന്നും മുഖ്യമന്ത്രി ചടങ്ങില്‍ വച്ചു തന്നെ പറഞ്ഞു.
2006-11 കാലത്താണ് സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി ആരംഭിച്ചത്. അഞ്ച് ജില്ലകളില്‍ അന്ന് തന്നെ വൈദ്യുതീകരണം പൂര്‍ത്തിയാക്കി. അന്നത്തെ മന്ത്രിമാരും ഈ ചിത്രീകരണം കാണുന്നുണ്ടെന്നും അടുത്ത തവണ ഇതു തിരുത്തി പ്രസിദ്ധീകരിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. അന്നത്തെ വൈദ്യുതി മന്ത്രിയായ എ. കെ ബാലന്‍ വേദിയിലുണ്ടായിരുന്നു.
സമ്പൂര്‍ണ വൈദ്യുതീകരണം എന്ന ആശയം മുന്നോട്ടു വയ്ക്കുകയും അഞ്ച് ജില്ലകളില്‍ അതു പൂര്‍ത്തിയാക്കുകയും ചെയ്ത ബാലനെ കുറിച്ച് ചിത്രീകരണത്തില്‍ ഒന്നും പറയാത്തതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.
മാനാഞ്ചിറ ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ നടന്ന ചടങ്ങില്‍ സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ സ്വിച്ച്ഓണ്‍ കര്‍മം മന്ത്രി ഇ. ചന്ദ്രശേഖരനും കെ.എസ്.ഇ.ബി ഇ-ലെറ്റര്‍ പ്രകാശനം മന്ത്രി എ.കെ ബാലനും വൈദ്യുതി സുരക്ഷാ കാംപയിന്‍ പ്രഖ്യാപനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും നിര്‍വഹിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി അധ്യക്ഷനായി.
മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.എല്‍.എമാരായ എം.കെ മുനീര്‍, എ. പ്രദീപ് കുമാര്‍, എ.കെ ശശീന്ദ്രന്‍, സി.കെ നാണു, ഇ.കെ വിജയന്‍, പി.ടി.എ റഹീം, പുരുഷന്‍ കടലുണ്ടി, കാരാട്ട് റസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കെ.എസ്.ഇ.ബി ചെയര്‍മാന്‍ കെ. ഇളങ്കോവന്‍, ജില്ലാ കലക്ടര്‍ യു.വി ജോസ്, കെ.എസ്.ഇ.ബി ഡിസ്ട്രിബ്യൂഷന്‍ ആന്‍ഡ് സേഫ്റ്റി ഡയരക്ടര്‍ എന്‍. വേണുഗോപാല്‍, ഡയരക്ടര്‍ ധരേശന്‍ ഉണ്ണിത്താന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."