ആഭ്യന്തര ഹജ്ജ് 91 ശതമാനം സീറ്റുകള്‍ക്കും ഇ- ട്രാക്കിങ് നിര്‍ബന്ധം
ജിദ്ദ: ആഭ്യന്തര ഹജ്ജ് സര്‍വിസ് കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അനുവദിച്ച ക്വാട്ടയില്‍ 91 ശതമാനം സീറ്റുകള്‍ക്കും ഈ വര്‍ഷം ബുക്കിങ് രജിസ്ട്രേഷന് ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ ഇ- ട്രാക്ക് വഴിയായിരിക്കണമെന്ന് മന്ത്രാലയം. ബാക്കിവരുന്ന ഒന്‍പതു ശതമാനം സീറ്റുകളിലേക്ക് തീര്‍ഥാടകരെ സ്വന്തം നിലയ്ക്ക് തിരഞ്ഞെടുക്കുന്നതിന് സര്‍വിസ് കമ്പനികളെ മന്ത്രാലയം അനുവദിച്ചു. എല്ലാ വിഭാഗത്തില്‍പ്പെട്ട പാക്കേജുകള്‍ക്കും വ്യവസ്ഥ ബാധകമായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ഇ- ട്രാക്കില്‍ ഹജ്ജ് പദ്ധതികള്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം മുന്നറിയിപ്പ് നല്കി. തീര്‍ഥാടകരുടെ എണ്ണം, രാജ്യം, സംഗമിക്കുന്ന സ്ഥലം, യാത്രാ ചാര്‍ജ്, തമ്പുകളുടെ പ്രത്യേകതകള്‍, മറ്റു സേവനങ്ങള്‍ തുടങ്ങിയവ നിര്‍ബന്ധമായും രേഖപ്പെടുത്തണം. നിശ്ചിത സമയത്തിനകം ഓരോ സ്ഥാപനവും രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കണം. ഇവ സര്‍വിസ് കമ്പനികളും സ്ഥാപനങ്ങളും തീര്‍ഥാടകരെ വിമാനത്താവളത്തില്‍ എത്തിക്കുന്നതിനു മുന്‍പായി ഏതാനും നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ആവശ്യപ്പെട്ട കാര്യങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തിയില്ലെങ്കില്‍ നടപടികള്‍ പൂര്‍ത്തിയാകില്ലെന്ന് മന്ത്രാലയം അറിയിച്ചു.
വിമാനം വഴിയെത്തുന്ന ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ടെര്‍മിനിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പുള്ള സുരക്ഷാ നടപടികളും ഇത്തവണ നവീകരിച്ചിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് ഒരുമിച്ച് കൂടാന്‍ കഴിയുന്ന പ്രത്യേക സ്ഥലത്ത് വച്ച് ഹാജിമാര്‍ക്കുള്ള ടിക്കറ്റുകളും ബോര്‍ഡിങ് പാസുകളും നല്‍കണം. സാധാരണ നടപടികള്‍ക്ക് പുറമെ നിശ്ചിത വാക്സിനേഷന് എടുത്തിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തുകയും ഹജ്ജ് അനുമതിപത്രം നല്‍കുകയും ചെയ്യണം.
യാത്രാനിരക്കായി തീര്‍ഥാടകരില്‍ നിന്ന് സര്‍വിസ് കമ്പനികള്‍ക്ക് ഈടാക്കാവുന്ന കൂടിയ നിരക്കുകളും മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. കാര്‍ മാര്‍ഗമുള്ള യാത്രയ്ക്ക് 1200 റിയാലും വിമാനയാത്രക്കാര്‍ക്ക് 2000 റിയാലുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതു പുണ്യസ്ഥലങ്ങളിലേക്കും തിരിച്ചുള്ള യാത്രയും ഇതിലുള്‍പ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."