നാദിയയിലൂടെ ലോകം ഞങ്ങളെ കേട്ടു; ആഘോഷനിറവില്‍ യസീദി ഗ്രാമങ്ങള്‍
ബഗ്ദാദ്: ഇറാഖിലെ യസീദി ഗ്രാമങ്ങളിലും ലോകത്ത് യസീദികള്‍ പാര്‍ക്കുന്ന മറ്റിടങ്ങളിലും ഇന്നലെ ആഘോഷത്തിന്റെ ദിനമായിരുന്നു. നാദിയാ മുറാദിലൂടെ ലോകം തങ്ങളെ തിരിച്ചറിഞ്ഞ് അംഗീകരിച്ച സന്തോഷത്തിലാണ് യസീദികള്‍. ഐ.എസിന്റെ കിരാതകൃത്യങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ട തങ്ങളുടെ സമുദായക്കാര്‍ക്കുള്ള മരണാന്തര ബഹുമതിയായാണ് നാദിയയും യസീദികളും ഒരുപോലെ ഈ അംഗീകാരത്തെ കാണുന്നത്.
യസീദികള്‍ പോലുള്ള ന്യൂനപക്ഷ സമൂഹങ്ങളിലെ സ്ത്രീകളുടെ ശബ്ദം കൂടുതല്‍ ഉച്ചത്തില്‍ കേള്‍ക്കപ്പെടാനിടയാക്കുമെന്നായിരുന്നു നാദിയാ മുറാദ് പുരസ്‌കാരലബ്ധിയെ കുറിച്ച് അറിഞ്ഞ ശേഷം ആദ്യമായി പ്രതികരിച്ചത്. 2014 ആഗസ്റ്റ് മൂന്നുമുതല്‍ ഇതുവരെയായി യസീദികള്‍ എന്തൊക്കെ അനുഭവിച്ചാലും ഒടുവില്‍ അവര്‍ക്കു നീതി ലഭിക്കും. എത്രയും വേഗത്തില്‍ ഒരു രാജ്യാന്തര സമിതി രൂപീകരിച്ച് യസീദികളെയും സ്വയം സുരക്ഷയില്ലാത്ത മറ്റു ന്യൂനപക്ഷ വിഭാഗങ്ങളെയും സംരക്ഷിക്കാനുള്ള നടപടിയുണ്ടാക്കണം-ഇതൊക്കെയായിരുന്നു നാദിയയ്ക്കു പറയാനുണ്ടായിരുന്നത്.
ലോകമൊട്ടാകെയുള്ള യസീദികള്‍ നൊബേല്‍ പുരസ്‌കാരത്തിന്റെ ആഘോഷത്തിമിര്‍പ്പിലാണ് ഇപ്പോഴും. ഇറാഖിലെ നീനവാ പ്രവിശ്യ, തുര്‍ക്കി, സിറിയ, അര്‍മീനിയ, ജോര്‍ജിയ അടക്കം യസീദികളുടെ വാസമുള്ളയിടങ്ങളിലെല്ലാം ജനങ്ങള്‍ ഇന്നലെ മധുരവിതരണം നടത്തിയും മറ്റുമൊക്കെയാണു പുരസ്‌കാരവാര്‍ത്തയെ വരവേറ്റത്.
യസീദി സ്ത്രീകള്‍ക്കു മാത്രമല്ല, ഇറാഖില്‍ തീവ്രവാദികളുടെ ക്രൂരതയ്ക്കിരയായ എല്ലാവര്‍ക്കുമുള്ള അംഗീകാരമാണെന്ന് ഇറാഖിലെ യസീദി സാമൂഹിക പ്രവര്‍ത്തകരെയും ഗൈനക്കോളജിസ്റ്റുമായ നഗം ഹസ്സന്‍ പറഞ്ഞു. ഐ.എസിന്റെ ലൈംഗിക പീഡനത്തിനിരയായ നാദിയ അടക്കമുള്ള ആയിരക്കണക്കിനു സ്ത്രീകള്‍ക്കു പരിചരണം നല്‍കിയ വ്യക്തി കൂടിയാണ് നഗം ഹസന്‍. ഇത് ഇറാഖികളുടെ, കുര്‍ദുകളുടെ, യസീദി സമുദായത്തിന്റെയെല്ലാം വിജയമാണെന്ന് ജര്‍മനി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡോക്ടറും യസീദി അവകാശപ്പോരാളിയുമായ മിര്‍സ ദിനാ പറഞ്ഞു. നൂറുകണക്കിന് യസീദികള്‍ക്ക് ജര്‍മനിയില്‍ അഭയമൊരുക്കിയയാള്‍ കൂടിയാണ് ദിന. ലൈംഗികഹിസയ്ക്കിരയായ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ പിന്തുണ നല്‍കാന്‍ പുരസ്‌കാരം ഇറാഖി സര്‍ക്കാരിനെ പ്രേരിപ്പിക്കുമെന്നാണു പ്രതീക്ഷയെന്നും ദിന പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."