ഫുട്ബോള്‍ ചിഹ്നത്തില്‍ ജയിച്ചവര്‍ യു.ഡി.എഫിന് വോട്ടുചെയ്യണം; ഡി.ഡി.എഫിന്റെ അംഗങ്ങള്‍ക്ക് പത്രപ്പരസ്യത്തിലൂടെ വിപ്പ് നല്കി ആര്.എം.പി
കാസര്‍കോട്: ഫുട്ബോള്‍ ചിഹ്നത്തില്‍ മത്സരിച്ച ഡി.ഡി.എഫ് അംഗങ്ങള്‍ യു.ഡി.എഫിന് വോട്ടുചെയ്യണമെന്നാവശ്യപ്പെട്ട് ആര്.എം.പിയുടെ വിപ്പ്. പത്രപ്പരസ്യം നല്‍കിയാണ് ആര്.എം.പി സംസ്ഥാന സെക്രട്ടറി എന്‍. വേണു വിപ്പ് നല്‍കിയിരിക്കുന്നത്. കാസര്‍കോട് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വോട്ടു ചെയ്യണമെന്നാണ് വിപ്പ്.
ആര്.എം.പിയുടെ ഔദ്യോഗിക ചിഹ്നമായ 'ഫുട്ബോള്‍' ചിഹ്നത്തില്‍ മത്സരിച്ച ഡി.ഡി.എഫിന്റെ നാല് അംഗങ്ങള്‍ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യണമെന്നാണ് പരസ്യത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അംഗങ്ങളുടെ വീടുകള്‍ക്ക് മുന്നില്‍ ആര്.എം.പിയുടെ നോട്ടീസും പതിച്ചിട്ടുണ്ട്. ഡി.ഡി.എഫ് നേതൃത്വവും ആര്.എം.പിയും തരഞ്ഞെടുപ്പിന് മുന്‍പുണ്ടാക്കിയ ധാരണയിലാണ് പഞ്ചായത്തില്‍ ഡി.ഡി.എഫിന് ഫുട്ബോള്‍ ചിഹ്നം അനുവദിച്ച് നല്‍കിയത്.
16 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ ഇത്തവണ ഡി.ഡി.എഫിനും യു.ഡി.എഫിനും ഏഴ് വീതം സീറ്റുകള്‍ ലഭിച്ചു. രണ്ടു സീറ്റുകള്‍ എല്‍.ഡി.എഫിനും ലഭിച്ചു. എല്‍.ഡി.എഫിന്റെ സഹായത്തോടെ ഡി.ഡി.എഫ് വീണ്ടും അധികാരത്തിലേറുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഇതിനിടെയാണ് ഡി.ഡി.എഫ് അംഗങ്ങള്‍ യു.ഡി.എഫിന് വോട്ടു ചെയ്യണമെന്ന് ആര്.എം.പി ആവശ്യപ്പെട്ടിരിക്കുന്നത്.
ഫുട്ബോള്‍ ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച നാല് അംഗങ്ങളുടെ പേരെടുത്ത് പറഞ്ഞാണ് പരസ്യം നല്‍കിയിട്ടുള്ളത്. വിപ്പ് ലംഘിച്ചാല്‍ നിയമനടപടികളിലേക്ക് കടക്കുന്നതിന്റെ ഭാഗമായിട്ടാണ് ആര്.എം.പി പത്രപ്പരസ്യമടക്കം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ വിപ്പ് അംഗീകരിക്കേണ്ടതില്ലെന്നാണ് ഡി.ഡി.എഫ് നേതൃത്വത്തിന്റെ നിലപാട്.
കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് അഞ്ചുവര്‍ഷം മുന്‍പാണ് ഈസ്റ്റ് എളേരിയില്‍ ഡി.ഡി.എഫ് എന്ന പേരില്‍ സ്വതന്ത്ര മുന്നണി രൂപീകരിച്ചത്. 2015ല്‍ ഈ മുന്നണി അധികാരം നേടിയിരുന്നു. അന്ന് 16ല്‍ 10 സീറ്റുകളും സ്വന്തമാക്കിയാണ് ഡി.ഡി.എഫ് അധികാരത്തിലേറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."