കാര്‍ഗില്‍ വിജയ്‌ദിവസിന് ഇരുപതാണ്ട്; ഇത് പാകിസ്താനെ തകര്‍ത്തെറിഞ്ഞ ആത്മധൈര്യം
ന്യൂഡല്‍ഹി: പാകിസ്താനെ തകര്‍ത്തെറിഞ്ഞ് കാര്‍ഗിലില്‍ ഇന്ത്യയുടെ വിജയക്കൊടി മിന്നിച്ച സ്മരണകള്‍ക്ക് ഇന്നേക്ക് ഇരുപതാണ്ട്. നുഴഞ്ഞുകയറി ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിച്ചതിന് രാജ്യത്തിന്റെ എക്കാലത്തെയും സുധീരമായ പ്രതിരോധമായിരുന്നു ഇരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ധീരസൈനികര്‍ പാകിസ്താന് കൊടുത്ത മറുപടി. ഇന്ത്യയെ ആക്രമിക്കാന്‍ വരുന്ന വിദേശ ശക്തികള്‍ക്കുള്ള മറുപടി കൂടിയായിരുന്നു കാര്‍ഗില്‍ യുദ്ധം.
1999 മെയ് മാസത്തില്‍ തുടങ്ങിയ സായുധപോരാട്ടം ജൂലൈ വരെ തുടര്‍ന്നു. നിയന്ത്രണ രേഖ ലംഘിച്ച് പാകിസ്താന്‍ പട്ടാളം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതാണ് കാര്‍ഗില്‍ യുദ്ധത്തിനു കാരണമായി ഭവിച്ചത്.
ഇന്ത്യന്‍ വായുസേനയുടെ പിന്‍ബലത്തോടെ ഇന്ത്യന്‍ കരസേന നടത്തിയ ആക്രമണങ്ങളും അന്താരാഷ്ട്ര കേന്ദ്രങ്ങളുടെ സമ്മര്‍ദവും നിയന്ത്രണ രേഖയ്ക്ക് പിന്നിലേക്ക് പിന്മാറാന്‍ പാകിസ്താനെ നിര്‍ബന്ധിതമാക്കുകയായിരുന്നു.
ഇരു രാജ്യങ്ങളും ആണവായുധങ്ങള്‍ വികസിപ്പിച്ച ശേഷമുണ്ടായ ആദ്യ യുദ്ധമായിരുന്നു ഇത്.
അവിചാരിതമായി ആക്രമണങ്ങള്‍ നടത്താന്‍ അനുയോജ്യമായ പ്രദേശമാണ് കാര്‍ഗില്‍. അതുകൊണ്ടുതന്നെയാണ് പാകിസ്താന്‍ നുഴഞ്ഞുകയറാനായി കാര്‍ഗില്‍ തിരഞ്ഞെടുത്തത്. നിയന്ത്രണരേഖക്ക് സമാന്തരമായി 160 കിലേമീറ്റര്‍ നീളത്തിലുള്ള പ്രദേശമാണിത്.
രാജ്യത്തിന്റെ സുപ്രധാനമായ താവളങ്ങള്‍ ആദ്യം പാക്‌സേന പിടിച്ചടക്കി. പിന്നീട് നടന്ന പോരാട്ടത്തിനൊടുവിലാണ് പാകിസ്താനെ നിയന്ത്രണ രേഖക്ക് പിന്നിലാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞത്. ജൂലൈ 26നാണ് യുദ്ധം അവസാനിച്ചത്. ഈ ദിവസം കാര്‍ഗില്‍ വിജയദിവസ് ആയി ഇന്ത്യയിലൊട്ടുക്കും ആചരിച്ചുവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."