അഴിമതിക്കേസ്: ശഹബാസ് ശരീഫിനെ 10 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
ഇസ്‌ലാമാബാദ്: ആഷിയാന ഭവന പദ്ധതി കുംഭകോണത്തില്‍ അറസ്റ്റിലായ പാകിസ്താന്‍ പ്രതിപക്ഷ നേതാവ് ശഹബാസ് ശരീഫിനെ കോടതി പത്തു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 1,400 കോടിയുടെ അഴിമതിക്കേസിലാണ് പാകിസ്താനിലെ അഴിമതി വിരുദ്ധ അന്വേഷണ സമിതിയായ നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ (നാബ്) യുടെ ആവശ്യം അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
67കാരനും മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ സഹോദരനുമായ ശഹബാസിനെ വെള്ളിയാഴ്ചയാണ് നാബ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കേസില്‍ കൂടുതല്‍ അന്വേഷണത്തിനായി 15 ദിവസത്തേക്ക് റിമാന്‍ഡില്‍ വിട്ടുതരണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. കേസ് പരിഗണിച്ച കോടതി പത്തു ദിവസത്തേക്ക് റിമാന്‍ഡില്‍ വയ്ക്കാന്‍ അനുമതി നല്‍കുകയായിരുന്നു.
അഴിമതി ആരോപണം നിഷേധിച്ച ശഹബാസ് ശരീഫ് വിവിധ വികസന പ്രവൃത്തികളിലായി രാജ്യത്തിന് ശതകോടികളുടെ ലാഭമുണ്ടാക്കിയയാളാണു താനെന്നും കോടതിയില്‍ വ്യക്തമാക്കി. പുതിയ കേസ് രാഷ്ട്രീയപ്രേരിതമാണെന്നും തനിക്കെതിരേ ഒറ്റപ്പൈസയുടെ അഴിമതിയും കണ്ടെത്താനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലാഹോറിലെ അതീവ സുരക്ഷയുള്ള നാബ് ലോക്കപ്പില്‍നിന്നാണ് ശഹബാസ് ഇന്നലെ കോടതിയിലെത്തിയത്. ലോക്കപ്പില്‍നിന്ന് കോടതിവരെ വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കോടതി മുറ്റത്ത് നേരത്തെ തന്നെ തമ്പടിച്ച നൂറുകണക്കിന് പാകിസ്താന്‍ മുസ്‌ലിം ലീഗ്-നവാസ് (പി.എം.എല്‍-എന്‍) പ്രവര്‍ത്തകര്‍ ആരവങ്ങളോടെയാണ് ശഹബാസിനെ വരവേറ്റത്. പ്രവര്‍ത്തകര്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരേ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
14 ബില്യന്റെ ആഷിയാന ഭവനപദ്ധതി കുംഭകോണം, നാല് ബില്യന്റെ പഞ്ചാബ് സാഫ് പാനി കമ്പനി അഴിമതി എന്നിവയാണ് ശഹബാസിനെതിരേ ചുമത്തിയിരിക്കുന്ന കേസ്. ലേലത്തില്‍ പദ്ധതി നിര്‍വഹണ ചുമതല സ്വന്തമാക്കിയ ചൗധരി ലത്തീഫ് ആന്‍ഡ് സണ്‍സ് കമ്പനിയെ ഒഴിവാക്കി സ്വന്തക്കാരായ ലാഹോര്‍ കാസാ ഡെവലപ്പേഴ്‌സിനെ തിരഞ്ഞെടുത്തതാണ് അദ്ദേഹത്തിനെതിരായ പ്രധാന ആരോപണം. ഇരുപദ്ധതികളിലുമായി പൊതുഖജനാവിന് ദശലക്ഷക്കണക്കിനു കോടിയുടെ നഷ്ടം വരുത്തിവച്ചതായി അന്വേഷണ സംഘം ആരോപിക്കുന്നു.
നിലവില്‍ പി.എം.എല്‍ അധ്യക്ഷനാണ് ശഹബാസ്. പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയായിരുന്നു. നവാസ് ശരീഫിന്റെ ഭാവി തകര്‍ത്തുകളഞ്ഞ പാനമ അഴിമതിക്കുശേഷമുള്ള ഏറ്റവും ശക്തമായ അഴിമതിക്കേസാണ് പി.എം.എലിനും ശരീഫ് കുടുംബത്തിനും മേല്‍ കരിനിഴല്‍ വീഴ്ത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."