ഭരണം മാറിയിട്ടും സുവര്‍ണനാരിന് തിളക്കമില്ല
ആലപ്പുഴ: ഭരണം മാറിയിട്ടും കേരളത്തിന്റെ സുവര്‍ണനാരിന്റെ കുരുക്കഴിയുന്നില്ല. ചകിരിയുടെ ലഭ്യതക്കുറവും വിലക്കയറ്റവും കയര്‍മേഖലയെ പ്രതിസന്ധിയില്‍ തന്നെ തളച്ചിടുന്നു. പ്രതിസന്ധികള്‍ പെട്ടെന്ന് പരിഹരിക്കുമെന്ന ധനമന്ത്രിയുടെ വാഗ്ദാനം പാലിക്കപ്പെട്ടില്ല. ഇതോടെ കയര്‍ തൊഴിലാളികള്‍ക്ക് തൊഴിലും വരുമാനവും ഇല്ലാതായി.
പ്രതിസന്ധികള്‍ കനത്തതോടെ പൊതുമേഖലാ സ്ഥാപനങ്ങളായ ഫോംമാറ്റിങ്‌സ്,കയര്‍ കോര്‍പറേഷന്‍,കയര്‍ഫെഡ് എന്നീ സ്ഥാപനങ്ങളില്‍ തൊഴിലാളികള്‍ക്കു പൂര്‍ണമായും തൊഴില്‍ നല്‍കുന്നില്ല. ചകിരിക്ഷാമം കയര്‍പിരി മേഖലയിലെ ആയിരക്കണക്കിന് കുടുംബങ്ങളെ പട്ടിണിയിലാക്കിയിട്ടുണ്ട്. പ്രൈമറി സംഘങ്ങളിലും സ്വകാര്യ കയര്‍പിരിക്കളങ്ങളിലും ഇപ്പോള്‍ പണിയില്ല. ചകിരിവില വര്‍ധിച്ചതും ഉല്‍പ്പാദനച്ചെലവിനുസരിച്ച് കയര്‍വില നല്‍കാന്‍ കയറ്റുമതി സ്ഥാപനങ്ങള്‍ തയാറാകാത്തതും കയര്‍മേഖലയെ തകര്‍ക്കുന്നു. ചകിരിക്ഷാമം പരിഹരിക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍വഴി തൊണ്ട് സംഭരിക്കുമെന്ന പ്രഖ്യാപനവും നടപ്പായില്ല.
സര്‍ക്കാര്‍ കയര്‍സംഘങ്ങള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക കോടികളാണ്. സംഘങ്ങളുടെ പ്രവര്‍ത്തനം നിലച്ചതോടെ കയര്‍പിരിമേഖലയും നിശ്ചലമായി. കയര്‍ കയറ്റുമതി ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നെങ്കിലും ഇതിന്റെ ഗുണം തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല. കയര്‍ വിലസ്ഥിരതാപദ്ധതിയും വരുമാനം ഉറപ്പാക്കുന്ന പദ്ധതികളും കടലാസില്‍ ഒതുങ്ങുന്നു.
കടുത്ത പ്രതിസന്ധി തുടരുന്നതിനാല്‍ തൊഴിലാളികള്‍ മറ്റുമേഖലകളിലേക്കു ചേക്കേറുകയാണ്.
കയര്‍ഫെഡാകട്ടെ ന്യായവിലയ്ക്കു കയര്‍ സംഭരിക്കാന്‍ തയാറാകാതെ വന്‍കിടക്കാരെ സഹായിക്കുകയാണെന്ന് ആരോപണമുണ്ട്. കയര്‍ഫാക്ടറി മേഖലയില്‍ കയറും ചകിരിയും ന്യായവിലയ്ക്കു ലഭ്യമല്ലാത്തതിനാല്‍ സഹകരണസ്ഥാപനങ്ങള്‍ നഷ്ടം സഹിച്ചു ഉല്‍പാദനം നടത്തേണ്ട സ്ഥിതിയാണ്. ഉല്‍പന്നങ്ങളുടെ വിലനിശ്ചയിച്ചതിനുശേഷം വന്‍തോതിലാണ് ചകിരിയുടെയും കയറിന്റെയും വില വര്‍ധിച്ചത്.
ഫലപ്രദമായ രീതിയില്‍ ചകിരി ഉല്‍പാദിപ്പിക്കാനുള്ള നടപടികളുണ്ടാകുന്നില്ലെന്നതാണ് മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ച ആശ്വാസ പദ്ധതികള്‍ നടപ്പിലാക്കിയില്ലെങ്കില്‍ കയര്‍മേഖല കൂടുതല്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."