പ്രകൃതിവിരുദ്ധ ശാരീരികബന്ധം: കേസന്വേഷണത്തിന് പുതിയ മാനദണ്ഡം
തിരുവനന്തപുരം: പ്രായപൂര്‍ത്തിയായ രണ്ടുവ്യക്തികള്‍ തമ്മില്‍ ഉഭയസമ്മതപ്രകാരമുള്ള പ്രകൃതിവിരുദ്ധ ശാരീരികബന്ധം കുറ്റകരമല്ലെന്ന സുപ്രിംകോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഇതുസംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്വീകരിക്കേണ്ട മാനദണ്ഡം വ്യക്തമാക്കി സംസ്ഥാന പൊലിസ് മേധാവി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 377 ഉള്‍പ്പെട്ടിട്ടുള്ള എല്ലാ കേസുകളും പരാതി പ്രകാരമാണോ സ്വമേധയാ ആണോ രജിസ്റ്റര്‍ ചെയ്തത്് എന്നതിന്റെ അടിസ്ഥാനത്തില്‍ അതാത് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ പട്ടിക തയാറാക്കണം. പരാതിപ്രകാരം എടുത്ത കേസുകളില്‍ അന്വേഷണം തുടരുകയും അവസാന റിപ്പോര്‍ട്ട് ബന്ധപ്പെട്ട കോടതികളില്‍ സമര്‍പ്പിക്കുകയും വേണം. സ്വമേധയാ എടുത്ത കേസുകള്‍ ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നോ എന്ന് പരിശോധിക്കുകയും അങ്ങനെയാണെങ്കില്‍ തുടര്‍നടപടി ഒഴിവാക്കുന്നത് കാണിച്ച് ബന്ധപ്പെട്ട കോടതികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും വേണം. ഉഭയസമ്മതപ്രകാരം അല്ലാത്ത ബന്ധം സംബന്ധിച്ച കേസുകളില്‍ അന്വേഷണവുമായി മുന്നോട്ടു പോകുന്നതിനുമുന്‍പ് പരാതി എഴുതി വാങ്ങണമെന്നും സംസ്ഥാന പൊലിസ് മേധാവി നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."