ദുബായിയിൽ കുടുങ്ങിയ മലയാളികൾക്ക് അനുഗ്രഹമായി കെഎംസിസി ഷെൽട്ടർ; നന്ദി പറഞ്ഞ് സഊദി പ്രവാസികൾ
ജിദ്ദ: നാട്ടിൽ നിന്നും ദുബൈ വഴി സഊദിയിലേക്ക് പുറപ്പെടുകയും വിമാന നിരോധനത്തെ തുടർന്ന് ഇവിടെ കുടുങ്ങുകയും ചെയ്ത പ്രവാസികൾക്ക് യു.എ.ഇ കെഎംസിസി ഏർപ്പെടുത്തിയ ഷെൽട്ടർ ക്യാംപ് വലിയ അനുഗ്രഹമാവുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഊദിയുടെ വിവിധ നഗരങ്ങളിലേക്ക് പുറപ്പെട്ട നൂറുക്കണക്കിന് പേരാണ് ഇപ്പോൾ കെഎംസിസി ഏർപ്പെടുത്തിയ ക്യാംപിൽ സുഖമായി കഴിയുന്നത്.
ബ്രിട്ടൻ ഉൾപ്പെടെ ചില യൂറോപ്യൻ രാജ്യങ്ങളിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടതിനെത്തുടർന്നാണ് സഊദി അറേബ്യ കര, കടൽ, വ്യോമ അതിർത്തികൾ അടച്ചത്. ഇതേതുടർന്നാണ് നാട്ടിൽ നിന്നും ദുബായ് വഴി സഊദിയിലേക്ക് പുറപ്പെട്ടവർ ദുബായിയിൽ കുടുങ്ങിയത്. ഇന്ത്യയിലെ ഉയർന്ന കൊവിഡ് നിരക്ക് കാരണം നാട്ടിൽ നിന്നും നേരിട്ട് സഊദിയിലേക്ക് വരാൻ കഴിയില്ല. അതെ സമയം രണ്ടാഴ്‌ച ഇന്ത്യക്കു പുറത്ത് താമസിച്ചു കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് റിസൾട്ട് ഉള്ളവർക്ക് സഊദിയിലേക്ക് വരാൻ കഴിയുമായിരുന്നു.
ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി വിവിധ ട്രാവൽ ഏജൻസികളുടെ രണ്ടാഴ്ചത്തെ പാക്കേജിലാണ് സഊദി പ്രവാസികൾ ദുബായിയിൽ എത്തിയത്. എന്നാൽ അപ്രതീക്ഷിതമായി സഊദി അറേബ്യ പുതിയ യാത്ര നിരോധനം പ്രഖ്യാപിച്ചതോടെ ദുബായിൽ എത്തിയവർ കുടുങ്ങുകയായിരുന്നു. ട്രാവൽ ഏജൻസികളുടെ രണ്ടാഴ്ചത്തെ പാക്കേജ് കഴിഞ്ഞവർ സ്വന്തം ചെലവിൽ ദുബായിയിൽ കഴിയേണ്ട അവസ്ഥയായിരുന്നു. എന്നാൽ ദുബായിയിലെ താമസം ഒട്ടു മിക്ക ആളുകൾക്കും താങ്ങാൻ കഴിയുന്നതല്ല. പലരും എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുമ്പോഴാണ് ജീവ കാരുണ്യ രംഗത്ത് ഏറെ പ്രശസ്തി നേടിയ കെഎംസിസി ഇവരെ സഹായിക്കാൻ മുന്നോട്ടു വന്നത്.
യു.എ. ഇ കെഎംസിസി ഏർപ്പെടുത്തിയ ക്യാംപിൽ മൂന്നു നേരം ഭക്ഷണം ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഉണ്ടെന്നും കെഎംസിസി നേതാക്കൾ സദാസമയവും വിവരങ്ങൾ അന്വേഷിച്ചു എല്ലാ സൗകര്യങ്ങളും ചെയ്തു തരുന്നതിനാൽ യാതൊരു പ്രയാസമോ മാനസിക വിഷമമോ ഇല്ലെന്നും ജിദ്ദയിലേക്ക് പുറപ്പെട്ടു ദുബായിയിൽ കുടുങ്ങിയ ജിദ്ദ - കോട്ടക്കൽ മണ്ഡലം കെഎംസിസി ചെയർമാൻ വി.എ ലത്തീഫ് ചാപ്പനങ്ങാടി പറഞ്ഞു. ദുബായിയിൽ കുടുങ്ങിയ പ്രവാസികൾക്ക് വേണ്ടി ഇങ്ങനെ ഒരു സൗകര്യം ഏർപ്പെടുത്തിയ യു എ ഇ കെഎംസിസി നേതാക്കളും പ്രവർത്തകരും അങ്ങേയറ്റം അഭിനന്ദനം അർഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ അവസ്ഥയിൽ ഒരാഴ്ച കഴിഞ്ഞ ശേഷമേ ഇവിടെ കുടുങ്ങിയവർക്ക് സഊദിയിലേക്ക് പ്രവേശനം സാധ്യമാകുന്നത് സംബന്ധിച്ച് വ്യക്തമാകുകയുള്ളൂ. നേരത്തെ ഒരാഴ്ചത്തേക്ക് ഏർപ്പെടുത്തിയ സമ്പൂർണ യാത്രാ വിലക്ക് ഒരാഴ്ച പിന്നിട്ടപ്പോൾ പ്രവേശന വിലക്ക് മാത്രം തുടർന്ന് ഭാഗികമായി പിൻവലിച്ചിരുന്നു. വീണ്ടും ഒരാഴ്ച്ചക്ക് ശേഷം പുനഃപരിശോധിക്കാമെന്നാണ് സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
അതേസമയം, യുഎഇയിലും ജനിതക മാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയത് ഇവിടെ കുടുങ്ങിയ സഊദി പ്രവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇത്തരം വൈറസ് കണ്ടെത്തിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് തത്കാലം പ്രവേശന വിലക്ക് തുടർന്നാൽ ഇവർക്ക് യുഎഇ ഗവണ്മനെറ് നൽകിയ സൗജന്യ വിസ കാലാവധി നീട്ടി നൽകിയ സമയ പരിധി കഴിയുന്നതോടെ തിരിച്ചു പോകുക മാത്രമേ നിർവ്വാഹമുള്ളൂ. അതിനിടക്ക് തന്നെ കാര്യങ്ങൾ ശരിയാകുമെന്ന വിശ്വാസത്തിലാണ് പ്രവാസികൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."