'നല്ല സമയം' നോക്കി ബാലകൃഷ്ണ പിള്ള ചുമതലയേറ്റു
തിരുവനന്തപുരം: 'നല്ല സമയം' നോക്കി ബാലകൃഷ്ണ പിള്ള മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്റെ കസേരയിലിരുന്നു.
രാവിലെ 11.45ന് ജവഹര്‍ നഗറിലെ സമുന്നതിയില്‍ എത്തിയെങ്കിലും 11.51 ആകുന്നതുവരെ കാത്തുനില്‍ക്കുകയായിരുന്നു. കോര്‍പറേഷന്‍ എം.ഡിയും പി.ആര്‍.ഡി ഡയരക്ടറുമായ കെ.അമ്പാടി 11.51 ആയെന്നു പറഞ്ഞതോടെ ഒപ്പിട്ട് ചുമതലയേറ്റെടുക്കുകയായിരുന്നു.
കോര്‍പറേഷന്റെ ആദ്യ ചെയര്‍മാനും ബാലകൃഷ്ണ പിള്ളയായിരുന്നു. മുന്നോക്ക വിഭാഗങ്ങള്‍ക്കായി ക്ഷേമപദ്ധതികള്‍ നടപ്പാക്കുമെന്ന് തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
സിവില്‍ സര്‍വിസ് പരീക്ഷയ്ക്കും മെഡിക്കല്‍ എന്‍ട്രന്‍സിനും തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ ഫീസ് സൗജന്യമായി നല്‍കും.
വനിതകളെ സ്വയംതൊഴില്‍ കണ്ടെത്താന്‍ സഹായിക്കും. തകര്‍ന്നുകിടക്കുന്ന വീടുകള്‍ അറ്റകുറ്റപ്പണി നടത്തുന്നതിനും അഗ്രഹാരങ്ങള്‍ ബലപ്പെടുത്തുന്നതിനും പദ്ധതി തയാറാക്കും.
പണം നല്‍കുന്നതിനുപകരം നിര്‍മാണപ്രവൃത്തികള്‍ ചെയ്തുകൊടുക്കാനാണ് ആലോചിക്കുന്നത്. വിദ്യാഭ്യാസ വായ്പ നല്‍കാന്‍ കോര്‍പറേഷന് പണമില്ല. എന്നാല്‍, ബാങ്കുകളില്‍നിന്ന് വായ്പ ലഭ്യമാക്കാന്‍ സഹായിക്കും. ശമ്പളം വാങ്ങുകയില്ലെങ്കിലും ഔദ്യോഗിക കാര്‍ ഉപയോഗിക്കും.
കേരളാ കോണ്‍ഗ്രസ് ബിക്ക് എല്‍.ഡി.എഫില്‍നിന്ന് പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."