മോദിയുടെ ഭരണം സമ്പന്നര്‍ക്കുവേണ്ടി: രാഹുല്‍
മൊറേന: രാജ്യത്തെ ഏതാനും സമ്പന്നര്‍ക്കുവേണ്ടിയാണ് മോദി ഭരണം നടത്തുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ഷകരെയും സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന ജനങ്ങളേയും അവഗണിക്കുന്ന ഭരണമാണ് മോദിയുടേതെന്നും അദ്ദേഹം ആരോപിച്ചു.
മധ്യപ്രദേശിലെ മൊറേനയില്‍ ഗോത്രവര്‍ഗ സംഘടനയായ ആദിവാസി ഏകതാ പരിഷത് സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റാഫേല്‍ ഇടപാടില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് ഉണ്ടായിരിക്കുന്നതെന്ന ആരോപണം ഇന്നലെയും അദ്ദേഹം ആവര്‍ത്തിച്ചു.
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഗോത്രവര്‍ഗ അവകാശ ബില്‍ നടപ്പാക്കുമെന്ന കാര്യത്തില്‍ ഉറപ്പുനല്‍കുന്നതായും രാഹുല്‍ ഗാന്ധി അറിയിച്ചു.
സമ്പന്നര്‍ക്കായി രാജ്യം ഭരിച്ചാല്‍ മതിയെന്ന് ജനങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യാം. അതല്ല പാവങ്ങളും കര്‍ഷകരും സാമൂഹികമായി പിന്നോക്കം നില്‍ക്കുന്നവരുമായവര്‍ക്കൊപ്പമാണ് നില്‍ക്കാന്‍ താല്‍പര്യമെങ്കില്‍ കോണ്‍ഗ്രസിനെ ജയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമ്പന്നരുടെ മൂന്ന് ലക്ഷം കോടി രൂപയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ എഴുതി തള്ളിയത്. എന്നാല്‍ കര്‍ഷകര്‍ക്കും മറ്റും ഇത്തരത്തിലൊരു ആനുകൂല്യം നല്‍കാന്‍ സംസ്ഥാന ബി.ജെ.പി സര്‍ക്കാര്‍ തയാറായില്ലെന്ന് രാഹുല്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."