കാസര്‍കോട്ടെ സഹോദരങ്ങളുടെ മരണം: മിലിയോഡോസിസ് ബാധിച്ചെന്ന് ഡോക്ടര്‍മാര്‍
കാസര്‍കോട്: പനി ബാധിച്ച് സഹോദരങ്ങളായ രണ്ട് പിഞ്ചു കുട്ടികള്‍ മരിച്ചത് മിലിയോഡോസിസ് കാരമെന്ന് ഡോക്ടര്‍മാര്‍. വെള്ളത്തില്‍ നിന്നോ ചെളിയില്‍ നിന്നോ ബാക്ടീരിയ വഴി പിടിപെടുന്ന രോഗമാണ് മെലിയോഡോസിസ്. മീഞ്ച സ്‌കൂളിലെ അധ്യാപകനായ കന്യപാടിയിലെ സിദ്ദിഖിന്റെയും അസറുന്നിസയുടെയും മക്കളായ മൊയ്തീന്‍ ഷിനാസ് (നാലര), ഷിഹാറത്തുല്‍ മുന്‍ ജഹാന്‍ (6 മാസം) എന്നിവരാണ് മരിച്ചത്.
മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കാസര്‍കോട് ഡി.എം.ഒ അറിയിച്ചു.
രോഗ പ്രതിരോധ ശേഷി കുറഞ്ഞവരില്‍ പ്രത്യേകിച്ചും പ്രതിരോധ ശേഷി കുറഞ്ഞ കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, മാരക അസുഖം ബാധിച്ചവരില്‍ ഈ രോഗം മാരകമായേക്കാം. സാധാരണക്കാരില്‍ ആന്റിബയോട്ടിക് മരുന്ന് ഉപയോഗിച്ച് രോഗത്തെ ഇല്ലാതാക്കാനാകും.
രോഗാണുവിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. മുന്‍കരുതല്‍ എന്ന നിലയില്‍ കുട്ടികളുടെ മാതാപിതാക്കളെയും ബന്ധുക്കളെയും പരിയാരം മെഡിക്കല്‍ കോളജില്‍ നിരീക്ഷിച്ചു വരുന്നു. നിലവില്‍ അവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ല.
കടുത്ത പനിബാധിച്ച് ഇരുവരും മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഷിഹാറത്തുല്‍ മുന്‍ജഹാന്‍ ചൊവ്വാഴ്ച വൈകിട്ടും ഷിനാസ് ബുധനാഴ്ച രാവിലെയുമാണ് മരിച്ചത്.
കഴിഞ്ഞ 22നാണ് കുട്ടികളെ പനിയെ തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."