സര്‍ക്കാര്‍ ആശുപത്രിയില്‍ ടിക് ടോക് വീഡിയോ ഷൂട്ട് ചെയ്ത ഫിസിയോതെറാപ്പി ട്രെയിനികളായ യുവാവിനെയും യുവതിയെയും പുറത്താക്കി
ഹൈദ്രാബാദ്: ആശുപത്രിയില്‍ വച്ച് ടിക് ടോക് വീഡിയോ ഷൂട്ട് ചെയ്ത ഫിസിയോതെറാപ്പി ടെക്‌നീഷ്യന്‍ ട്രെയിനികളെ ആശുപത്രിയില്‍ നിന്നും പുറത്താക്കി. ഹദ്രാബാദിലെ ഗവ. ഗാന്ധി ഹോസ്പിറ്റലില്‍ ട്രെയിനികളായെത്തിയ ശ്യാം മില്‍ട്ടണ്‍, മീന കുമാരി എന്നിവരെയാണ് ആശുപത്രി അധികൃതര്‍ പുറത്താക്കിയത്.
രണ്ട് വ്യത്യസ്ത കോളജുകളില്‍ നിന്നും ഫിസിയോതെറാപ്പി ടെക്‌നീഷ്യന്‍ പരിശീലനത്തിനായി ഇവിടെയെത്തിയ ഇരുവരും ചുറ്റും രോഗികളൊന്നും ഇല്ലാതിരുന്ന സമയത്ത് ടിക് ടോക് വീഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു. നാലോളം വീഡിയോ ഇവര്‍ ആശുപത്രിയില്‍ നിന്നും ഷൂട്ട് ചെയ്തിട്ടുണ്ട്. ഇവരെ രണ്ടും പേരെയും ആശുപത്രിയില്‍ നിന്നും പുറത്താക്കിയതായി സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ഡോ. ജയകൃഷ്ണ പറഞ്ഞു.
സാധാരണയായി ആറുമാസമാണ് ട്രെയിനികള്‍ക്ക് പരിശീലനമുണ്ടാകാറ്. എന്നാല്‍ ഇവരെ മൂന്നുമാസം മുന്‍പ് തന്നെ പറഞ്ഞു വിടുകയാണ്. ഇതുസംബന്ധിച്ച് ഇവരുടെ സ്ഥാപന മേധാവികള്‍ക്ക് കത്തു നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടിക് ടോക് വീഡിയോ മൂലമുണ്ടാകുന്ന അപകട മരണങ്ങളും നിയമലംഘനങ്ങളും വാര്‍ത്തയായി വന്നുകൊണ്ടിരിക്കുന്ന സമയത്താണ് രണ്ട് പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കെതിരേ ഇതിന്റെ പേരില്‍ നടപടിയെടുത്തിരിക്കുന്നത്.
കഴിഞ്ഞയാഴ്ച തെലങ്കാന ആഭ്യന്തരമന്ത്രി മഹ്മൂദ് അലിയുടെ പേരക്കുട്ടി ഒരു പൊലിസ് വാഹനത്തിലിരുന്ന വീഡിയോ ഷൂട്ട് ചെയ്തത് വിവാദമായിരുന്നു. രണ്ട് ദിവസം മുന്‍പ് ഗുജറാത്തിലെ ഒരു പൊലിസ് സ്റ്റേഷനില്‍ പൊലിസുകാരി ടിക് ടോക് വീഡിയോക്ക് വേണ്ടി പാട്ടിനനുസരിച്ച് നൃത്തം ചെയ്യുന്ന വീഡിയോ പുറത്തു വന്നതിനെ തുടര്‍ന്ന് അവരെ സര്‍വിസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."