എല്ല് തേയ്മാനം ചില പരിഹാര മാര്‍ഗങ്ങള്‍
ഇന്ന് നമുക്കിടയില്‍ കണ്ടുവരുന്ന പ്രധാന വാതരോഗങ്ങളില്‍ ഒന്നാണ് എല്ല് തേയ്മാനം. പേരു സൂചിപ്പിക്കുന്നതുപോലെ എല്ലുകളല്ല, മറിച്ച്, എല്ലുകള്‍ക്കിടയിലെ തരുണാസ്ഥിക്ക് വരുന്ന തേയ്മാനം കാരണം സന്ധികളിലെ എല്ലുകള്‍ തമ്മിലുള്ള അകലം കുറയുകയും അവ തമ്മില്‍ ഉരസുകയും ചെയ്യുന്ന അവസ്ഥയിലാണ് വേദന, വീക്കം, നീര്‍ക്കെട്ട്, നടക്കാനും ഇരിക്കാനുമുള്ള പ്രയാസം എന്നിവ ഉണ്ടാകുന്നത്.
ദൂരദിക്കിലേക്ക് പോലും കാല്‍നടയായി പോയിരുന്ന പഴയ തലമുറയിലെ മുതിര്‍ന്ന ആളുകള്‍ക്കുപോലും വിരളമായിരുന്ന ഈ രോഗം പുതിയ തലമുറയിലെ ചെറുപ്പക്കാരെപ്പോലും ബാധിച്ചിട്ടുണ്ട്. മാറിയ ജീവിതശൈലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, പുകവലി എന്നിവയെല്ലാം ഈ രോഗത്തിന് നിദാനമാകാറുണ്ട്.
നമ്മുടെ നാട്ടില്‍ ഈ രോഗം എത്ര വ്യാപിച്ചിട്ടുണ്ടെന്നറിയാന്‍ പള്ളിയില്‍ നിരത്തിയ കസേരകളുടെ എണ്ണം എടുത്താല്‍ മാത്രം മതിയാകും. പണ്ടെല്ലാം എത്ര വാര്‍ധക്യമായാലും ആളുകള്‍ക്ക് നിന്ന്് നമസ്‌കരിക്കാന്‍ പ്രയാസമില്ലായിരുന്നു. എന്നാല്‍, ഇന്ന് ഈ രോഗം കാരണം പലര്‍ക്കും നിന്ന് നമസ്‌കരിക്കാനും നടക്കാനുമെല്ലാം ഏറെ പ്രയാസം നേരിടുകയാണ്.
പ്രായമായവരില്‍ വിശിഷ്യാ സ്ത്രീകളിലാണ് ഈ രോഗം കൂടുതലായി കാണുന്നത്. തരുണാസ്ഥിയുടെ തേയ്മാനത്തിന് പിന്നാലെ അവയ്ക്കുണ്ടാകുന്ന പരുക്കുകള്‍, സന്ധികളുടെ സ്ഥാനഭ്രംശം, ലിഗമെന്റുകള്‍ക്കുണ്ടാകുന്ന ക്ഷതം എന്നിവയും ഈ രോഗത്തിന് കാരണമാവുന്നു.
ലക്ഷണങ്ങള്‍
മുട്ട്, ഇടുപ്പ്, കൈ, വിരലുകള്‍ തുടങ്ങിയ സന്ധികളിലാണ് ഈ രോഗം ബാധിക്കുന്നത്. കടുത്ത വേദന, നടക്കാനും ഓടാനും കഴിയാതിരിക്കുക, ബലം വയ്ക്കല്‍, നീര്‍ക്കെട്ടുകള്‍ ചുവന്ന നിറമാവല്‍ എന്നീ ലക്ഷണങ്ങളാണ് സാധാരണ കാണാറുള്ളത്.
പരിഹാരമാര്‍ഗങ്ങള്‍
ഈ രോഗം മാറില്ല, വയസാകുമ്പോള്‍ ഇതെല്ലാം അനുഭവിക്കണം. എന്നിങ്ങനെയുള്ള തെറ്റിധാരണ നമ്മില്‍ ചിലര്‍ക്കെങ്കിലുമുണ്ട്. എന്നാല്‍, താഴെപ്പറയുന്ന നിര്‍ദേശങ്ങള്‍ പ്രായോഗികമാക്കിയാല്‍ ഈ രോഗത്തെ വരുതിയിലാക്കാന്‍ സാധിക്കും.
ഫിസിയോതെറാപ്പി
വിദഗ്ധനായ ഒരു ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനം വേദന, നീര്‍ക്കെട്ട്, അനക്കമില്ലായ്മ എന്നിവയില്‍ നിന്ന്് മോചനം നേടാന്‍ സഹായിക്കും. അള്‍ട്രാസൗണ്ട്, ഇന്‍ഫ്രാറെഡ് തുടങ്ങിയ തെറാപ്പികള്‍ ഇതിന് ഏറെ സഹായകമാണ്. കൂടാതെ മെഴുകുപയോഗിച്ച് വാക്‌സ് തെറാപ്പി, ഹീറ്റ്‌തെറാപ്പി, ഹൈഡ്രോതെറാപ്പി എന്നിവയും രോഗശമനം പ്രദാനം ചെയ്യുന്നു.
ഫിസിയോതെറാപ്പിസ്റ്റ് നിര്‍ദേശിക്കുന്ന മസില്‍ സ്‌ട്രെങ്തനിങ് വ്യായാമവും ഫ്‌ളെക്‌സിബിലിറ്റി വ്യായാമവും രോഗത്തിന് ഏറെ ഫലപ്രദമാണ്.
ഹോമിയോപ്പതി ചികിത്സ
രോഗിയുടെ ശാരീരികവും മാനസികവുമായ ലക്ഷണങ്ങള്‍ അപഗ്രഥിച്ച് നല്‍കുന്ന ഹോമിയോ ചികിത്സ ഈ രോഗത്തിന് ഏറെ ഫലം ചെയ്യാറുണ്ട്. ഹോമിയോപ്പതിയില്‍ രോഗത്തെയല്ല, രോഗിയെയാണ് ചികിത്സിക്കുന്നത്.
അതിനാല്‍ത്തന്നെ, രോഗകാരണത്തെ അകറ്റി രോഗിയുടെ സ്വാഭാവിക പ്രതിരോധശക്തി വര്‍ധിപ്പിച്ച് രോഗിക്ക് സൗഖ്യം നല്‍കാന്‍ സാധിക്കുന്നു.
വ്യായാമവും
ജീവിതശൈലിയിലെ
മാറ്റവും
ആധുനിക ജീവിത ശൈലി മാറ്റി വ്യായാമവും വിശ്രമവുമുള്ള ജീവിത രീതിയിലേക്ക് തിരിച്ചുവരുക. ഭാരം പരമാവധി കുറയ്ക്കുകയും നിയന്ത്രിക്കുകയും ചെയ്യുക, പ്രഭാത സവാരി, നീന്തല്‍, വെയില്‍കായല്‍, വിയര്‍ക്കല്‍ എന്നിവ ശീലമാക്കുക. മാനസികോല്ലാസം നല്‍കുന്ന കളികള്‍, യോഗ എന്നിവയിലേര്‍പ്പെടുക. ശരീരത്തിനാവശ്യമായ വിശ്രമവും ഉറക്കവും നല്‍കുക.
ഭക്ഷണ ക്രമീകരണം
പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. മീനെണ്ണ, ഇലക്കറികള്‍, ഗ്രീന്‍ ടീ എന്നിവ ഉപയോഗിക്കുക. കാത്സ്യം അടങ്ങിയ കൂവരക്, മുളപ്പിച്ച പയര്‍ കടല, മീന്‍ വര്‍ഗങ്ങള്‍ എന്നിവ കഴിക്കുക. ഫാസ്റ്റ്ഫുഡ്, ഉപ്പ്, കൊഴുപ്പ് എന്നിവ പരമാവധി കുറയ്ക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."