മുംബൈയില്‍ കനത്ത മഴ; 17 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, വെള്ളക്കെട്ടില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക്
മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മുംബൈയില്‍ 17 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. മഴ ശക്തമായി തുടരുന്നതിനാല്‍ റോഡുകളില്‍ വെള്ളം നിറഞ്ഞ് മിക്ക നഗരങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. ശനിയാഴ്ച ഉച്ചയോടെയെ മഴക്ക് ശമനമുണ്ടാകൂ എന്നതിനാല്‍ മുംബൈ നഗരം അക്ഷരാര്‍ഥത്തില്‍ നിശ്ചലമായിരിക്കുകയാണ്.
കഴിഞ്ഞ രണ്ട് മണിക്കൂറായി മഴ നിര്‍ത്താതെ പെയ്തുകൊണ്ടിരിക്കുന്നതിനാല്‍ ഭൂരിഭാഗം വിമാനങ്ങളും അരമണിക്കൂറോളം വൈകിയിട്ടുണ്ടെന്ന് മുംബൈ വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. വെസ്‌റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയില്‍ രാത്രി ഏറെ വൈകിയും വാഹനങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയാത്തതിനാല്‍ നീണ്ട നിര ദൃശ്യമാണ്. ജൂഹു താര റോഡ്, ജോഗേശ്വരി വിക്രോലി ലിങ്ക് റോഡ്, എസ്.വി റോഡ് എന്നിവ വെള്ളക്കെട്ടിനാല്‍ യാത്രസാധ്യമാവാത്ത അവസ്ഥയിലാണ്.
വെസ്‌റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയിലെ ഗതാഗതക്കുരുക്ക് ബാന്ദ്രയിലെ ടോള്‍ പ്ലാസക്കും മുന്‍പ് ആരംഭിച്ച് ബോറിവാലി വരെയുള്ള 25 കിലോമീറ്ററോളം ദൂരത്തില്‍ തുടരുകയാണ്. ശക്തമായ ഇടിയോടുകൂടിയ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് തദ്ദേശ ഭരണകൂടം ഇതിനകം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏതാനും ട്രെയിനുകളും വൈകിയാണ് ഓടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."