മോറ ചുഴലിക്കൊടുങ്കാറ്റ്: ഒഡിഷ തീരത്ത് മുന്നറിയിപ്പ്
മുംബൈ/ഭുവനേശ്വര്‍: രാജ്യത്തെ കിഴക്കന്‍ തീരത്ത് മോറ ചുഴലികൊടുങ്കാറ്റ് രൂപപ്പെടുന്ന സാഹചര്യത്തില്‍ ഒഡിഷയില്‍ കനത്ത മഴക്ക് സാധ്യതയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കൊടുങ്കാറ്റ് ബംഗ്ലാദേശ് തീരത്തുനിന്ന് മാറി ഇന്ത്യയുടെ കിഴക്കന്‍ തീരത്തേക്ക് പ്രവേശിക്കുന്നതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ആന്‍ഡമാന്‍, പശ്ചിമ ബംഗാള്‍, ഒഡിഷ എന്നിവിടങ്ങളിലെ മത്സ്യബന്ധന തൊഴിലാളികള്‍ കടലിലിറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഒഡിഷ തീരത്തു നിന്ന് ഏതാണ്ട് 610 കി.മീറ്റര്‍ വടക്കു കിഴക്ക് മാറി പാരദ്വീപിനോടടുത്താണ് ചുഴലിക്കൊടുങ്കാറ്റ് രൂപപ്പെട്ടത്. ഒഡിഷയുടെ തീരമേഖലയോടു ചേര്‍ന്ന ജില്ലകളില്‍ കനത്ത മഴയും ശക്തമായ ഇടിയും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.
പാരദ്വീപ്, ഗോപാല്‍പൂര്‍ തുറമുഖങ്ങളില്‍ മുന്നറിയിപ്പ് സിഗ്നല്‍ ഉയര്‍ത്തിയിട്ടുണ്ട്.
അതേസമയം വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ കാലവര്‍ഷം ചെറിയ രീതിയില്‍ തുടങ്ങി. പശ്ചിമ തീരത്ത് ന്യൂനമര്‍ദം രൂപം കൊണ്ടിട്ടുണ്ടെങ്കിലും അത് ശക്തി കുറഞ്ഞ് കിഴക്കന്‍ തീരത്തേക്ക് മാറാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം.
കാലവര്‍ഷത്തിന് തുടക്കം കുറിച്ച് വടക്കു-പടിഞ്ഞാറന്‍ ഇന്ത്യയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടായി. ഹിമാലയന്‍ മേഖലകളില്‍ മഞ്ഞു വീഴ്ചയും ശക്തമായിട്ടുണ്ട്.
എന്നാല്‍ മണ്‍സൂണ്‍ തുടങ്ങിയെന്ന് പറയാറായിട്ടില്ലെന്നാണ് കേന്ദ്രം പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."