വിശുദ്ധ കഅ്ബയെ പുതപ്പിക്കാനുള്ള കിസ്‌വ നിര്‍മ്മാണം പൂര്‍ത്തിയായി
മക്ക: ഹജ്ജിനൊടനുബന്ധിച്ചു കഅ്ബയെ പുതപ്പിക്കാനുള്ള പുതിയ കിസ്‌വയുടെ നിര്‍മ്മാണം പൂര്‍ത്തിയായി. 100 ശതമാനം സില്‍ക്കിനാലും സ്വര്‍ണ്ണം, വെള്ളി നൂലുകളാലും നിര്‍മ്മിച്ച കിസ്‌വ കൊണ്ട് ദുല്‍ഹിജ്ജ ഒന്‍പതിനാണു കഅ്ബയെ അലങ്കരിക്കുക. പുതിയതായി നിര്‍മ്മാണം പൂര്‍ത്തിയായ കിസ്‌വ പരിശോധിച്ച് ഉറപ്പു വരുത്തിയതായി കിംഗ് അബ്ദുല്‍ അസീസ് കിസ്‌വ കോംപ്ലക്‌സ് മേധാവി അഹമ്മദ് അല്‍ മന്‍സൂരി പറഞ്ഞു.
മസ്ജിദുല്‍ ഹറാം അണ്ടര്‍ സിക്രട്ടറിയും കിസ്‌വ സമുച്ചയ മേധാവിയുമായ അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ മന്‍സൂരിയുടെ നേതൃത്വത്തിലുള്ള സംഘം പുതിയ കിസ്‌വ പരിശോധിച്ച് നിര്‍മ്മാണവും അളവും കുറ്റമറ്റതാണെന്ന് ഉറപ്പു വരുത്തി. മക്കയിലെ ഉമ്മുല്‍ ജൂദ് കിസ്‌വ ഫാക്ടറിയില്‍ നടന്ന യോഗത്തില്‍ കഅ്ബയെ പുതപ്പിക്കുന്ന രീതിയും സമയവും മറ്റു കാര്യങ്ങളും കൂടിയാലോചിച്ചിട്ടുണ്ട്. ദുല്‍ഹിജ്ജ ഒന്നിനായിരിക്കും കിസ്‌വ കൈമാറ്റം നടക്കുക. പതിവ് പോലെ മുന്‍ നിശ്ചയിക്കപ്പെട്ട പ്രകാരം ഹാജിമാര്‍ അറഫയില്‍ സമ്മേളിക്കുന്ന ദുല്‍ഹിജ്ജ ഒന്‍പതിന് രാവിലെയാണ് കിസ്‌വ അണിയിക്കല്‍ ചടങ്ങു നടക്കുക. സഊദി ഭരണാധികാരിയും ഇരു ഹറം പരിപാലകനുമായ സല്‍മാന്‍ ഇബ്‌നു അബ്ദുല്‍ അസീസ് രാജാവിന്റെ നിയന്ത്രണത്തില്‍ ഇരു ഹറം കാര്യാലയ വകുപ്പ് അധ്യക്ഷന്‍ ശൈഖ് അബ്ദുറഹ്മാന്‍ അല്‍ സുദൈസിന്റെ മേല്‍നോട്ടത്തിലാണ് കിസ്‌വയുടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.
വിവിധ വകുപ്പുകളിലായി 140ല്‍ അധികം വിദഗ്ധ നെയ്ത്തുകാര്‍ ചേര്‍ന്നാണ് കിസ്‌വ നിര്‍മ്മാണം നടത്തിയത്. 700 കിലോഗ്രാം ഉന്നത ശ്രേണിയിലുള്ള സില്‍ക്ക്, 120 കിലോഗ്രാം തൂക്കത്തില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ചരടുകള്‍, 14 മീറ്റര്‍ നീളവും 101 സെന്റീമീറ്റര്‍ വീതിയുമുള്ള പതിനാലു കഷ്ണം തുണികള്‍ കൊണ്ടാണ് കിസ്‌വയുടെ നിര്‍മ്മാണം. ആറര മീറ്റര്‍ ഉയരവും മൂന്നര മീറ്റര്‍ വീതിയുമാണ് കഅബയുടെ വാതില്‍ വിരിക്കുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."