വിമാന നിരക്കും താമസ വാടകയും കൂടി; ഇത്തവണ ചെലവേറും
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജ് തീര്‍ഥാടനത്തിന് ഇത്തവണ ചെലവേറും. ഗ്രീന്‍ കാറ്റഗറിയില്‍ അപേക്ഷിച്ചവര്‍ക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 18,000 രൂപയും അസീസിയ കാറ്റഗറിക്കാര്‍ക്ക് 19,150 രൂപയുമാണ് അധികം വേണ്ടിവരിക. വിമാനക്കൂലി വര്‍ധന, വിമാന സബ്‌സിഡി വെട്ടിച്ചുരുക്കല്‍, മിന, മദീന, മുസ്ദലിഫ എന്നിവിടങ്ങളിലെ താമസവാടക കൂടിയതുമാണ് ഈ വര്‍ഷം ചെലവ് വര്‍ധിക്കാന്‍ കാരണമായത്.
ഗ്രീന്‍ കാറ്റഗറിക്കാര്‍ക്ക് 2,35,150 രൂപ ചെലവാകും. കഴിഞ്ഞ വര്‍ഷം 2,17,150 രൂപയായിരുന്നു. മക്കാഹറമിന്റെ അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ താമസ സൗകര്യം ലഭിക്കുന്ന അസീസിയ കാറ്റഗറിക്കാര്‍ ഇത്തവണ 2,01,750 രൂപയാണ് അടക്കേണ്ടത്. കഴിഞ്ഞ വര്‍ഷമിത് 1,83,300 രൂപയായിരുന്നു.
വിമാന ടിക്കറ്റിനു നല്‍കേണ്ടി വരുന്നത് 72,812 രൂപയാണ്. കഴിഞ്ഞ വര്‍ഷം 60,185 രൂപ മാത്രമായിരുന്നു. 12,625 രൂപയാണ് ഒരുവര്‍ഷംകൊണ്ട് വര്‍ധിച്ചത്. സബ്‌സിഡിയായി കഴിഞ്ഞ വര്‍ഷം 15,300 ലഭിച്ചിരുന്നത് ഇത്തവണ 10,750 ആയി ചുരുങ്ങി. മദീനയിലെ താമസ നിരക്കില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 200 റിയാല്‍ വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം 500 സഊദി റിയാലായിരുന്നത് ഇത്തവണ 700 റിയാലായി. മിന, മുസ്ദലിഫ എന്നിവിടങ്ങളിലെ താമസ നിരക്കില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 250 റിയാലിന്റെ മാറ്റമുണ്ട്. കഴിഞ്ഞ വര്‍ഷം 4240 ആയിരുന്നെങ്കില്‍ ഇത്തവണ 4490 ആയി വര്‍ധിച്ചു.
രണ്ടുവയസിന് താഴെയുളള കുട്ടികളുടെ നിരക്കിലും മാറ്റമുണ്ടായിട്ടുണ്ട്. കുട്ടികള്‍ക്ക് ഇത്തവണ 1150 രൂപയാണ് അധികം അടക്കേണ്ടി വരിക. കഴിഞ്ഞ വര്‍ഷം 10,700 ആയിരുന്നത് ഈ വര്‍ഷം 11,850 രൂപയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."